പത്ത് മിനിറ്റിൽ ഒരു റോബോട്ട്! ഹ്യൂമനോയിഡ് നിർമാണത്തിനും റോബോട്ടുകൾ- അമ്പരപ്പിച്ച് ചൈനീസ് കമ്പനി

#ടെക്നോളജി ഡെസ്ക്
റോബോട്ടുകൾ | Photo: Ai Generated image
റോബോട്ടുകൾ | Photo: Ai Generated image

സാങ്കേതികവിദ്യയിൽ കാലങ്ങൾ കടന്നു സഞ്ചരിക്കുകയാണ് ചൈന. റോബോട്ടിക്സിൽ അവർ നടത്തിയ മുന്നേറ്റങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴിതാ വൻതോതിൽ ഹ്യൂമനോയിഡ് റോബോട്ടുകളെ ഉത്പാദിപ്പിക്കുന്ന ഫാക്ടറി രൂപകല്പന ചെയ്തിരിക്കുകയാണ് യുബോടെക് റോബോട്ടിക്സ് (Ubetech). ചൈനയിലെ ഗുവാങ്‌ക്സി ഷുവാങ് സ്വയംഭരണ മേഖലയിലെ ലിഷൗവിലാണ് ഈ ഫാക്ടറി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. റോബോട്ടുകൾ തന്നെയാണ് ഇവിടെ നിർമാണജോലികൾ ചെയ്യുന്നത്. ഓരോ പത്തു മിനിറ്റിലും ഒരു ഇൻഡസ്ട്രിയൽ ഹ്യൂമനോയിഡ് റോബോട്ടിനെ നിർമിക്കാൻ ഈ റോബോട്ടുകൾക്ക് സാധിക്കും.

14,000 ചതുരശ്രമീറ്റർ വിസ്തീർണവും 13.8 മീറ്റർ ഉയരവുമുള്ള ഈ നിർമാണകേന്ദ്രത്തിന് പ്രതിവർഷം 10,000 റോബോട്ടുകൾ നിർമിക്കാനുള്ള ശേഷിയുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രധാനമായും യുബോടെക്കിന്റെ വോക്കർ എസ് (Walker S), ക്രൂസർ (Cruzr) സീരീസിലുള്ള വ്യാവസായിക റോബോട്ടുകളാണ് ഇവിടെ നിർമിക്കുന്നത്. യുബോടെക്കും സീമൻസ് ഡിജിറ്റൽ ഇൻഡസ്ട്രീസ് സോഫ്റ്റ്‌വേറും ചേർന്നാണ് ഈ ഫാക്ടറി നിർമിച്ചത്. 'സ്മാർട്ട് ബ്രെയിൻ' എന്ന ഡിജിറ്റൽ സിസ്റ്റമാണ് ഉത്പാദനം മുതൽ ഗുണനിലവാര പരിശോധന വരെയുള്ള ഫാക്ടറി പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കൂടാതെ, നിർമാണത്തിലുടനീളം ട്രാക്ക് ചെയ്യുന്നതിനായി ഓരോ റോബോട്ടിനും പ്രത്യേക സീരിയൽ നമ്പറും നൽകുന്നുണ്ട്.

റോബോട്ടുകൾ എന്തെല്ലാമാണ് ചെയ്യുന്നത്? ഉത്പാദനത്തിനാവശ്യമായ സാമഗ്രികൾ അൺലോഡ് ചെയ്യാനും, അടുക്കിവെക്കാനും, ഉത്പാദനസ്ഥലത്തേക്ക് മാറ്റാനും ക്രൂസർ വൈ1 (Cruzr Y1), ക്രൂസർ എസ്2 (Cruzr S2) എന്നീ റോബോട്ടുകളെയാണ് ഉപയോഗിക്കുന്നത്. ഹ്യൂമനോയിഡ് റോബോട്ടുകൾക്കു പുറമെ കൊളാബറേറ്റീവ് റോബോട്ടിക് ആമുകൾ, ഡ്രൈവറില്ലാ ലോജിസ്റ്റിക്സ് വാഹനങ്ങൾ, റൊട്ടേറ്റിംഗ് വർക്ക് ടേബിളുകൾ എന്നിവയും നിർമാണഘട്ടത്തിൽ ഉപയോഗിക്കുന്നുണ്ട്.

നിർമാണം പൂർത്തിയാകുന്ന ഓരോ റോബോട്ടും നാലുമണിക്കൂറിലധികം നീളുന്ന പരിശോധനകൾക്കും 360-ഡിഗ്രി വിഷ്വൽ ഇൻസ്പെക്ഷനും വിധേയമാകണം. ഫാക്ടറിയിലുള്ള ഓട്ടോമേറ്റഡ് വെയർഹൗസിൽ 65 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 112 ഹ്യൂമനോയിഡ് റോബോട്ടുകളെ സംഭരിക്കാൻ സാധിക്കും. ഡ്രൈവറില്ലാത്ത ഫോർക്ക്ലിഫ്റ്റുകളും മറ്റ് ഓട്ടോമേറ്റഡ് വാഹനങ്ങളും ഉപയോഗിച്ചാണ് പാർട്സുകളും റോബോട്ടുകളും വിവിധ വിഭാഗങ്ങളിലേക്ക് മാറ്റുന്നത്.

Content Highlights: Ubtech has launched a high-tech manufacturing plant in Liuzhou, China, where advanced robotics and a 'smart brain' digital system work autonomously to produce an industrial humanoid robot every ten minutes.