ചൈനയുടെ ഗ്രാവിറ്റി-1 കുതിച്ചു, കടൽനടുവിൽ കപ്പലിൽനിന്ന്; 30 ഉപഗ്രഹങ്ങൾവരെ വഹിക്കും

ഷാങ്ഹായ്: ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം ഷാങ്ഹായ് തീരത്ത് കിഴക്കൻ ചൈനാക്കടലിൽ നങ്കൂരമിട്ടുനിർത്തിയ കപ്പലിൽനിന്ന് വിജയകരമായി വിക്ഷേപിച്ചു.
പ്രാദേശികസമയം ബുധനാഴ്ച രാവിലെ 10.54-നായിരുന്നു വിക്ഷേപണം. ഒൻപത് ഉപഗ്രഹങ്ങളും ഒരു പരീക്ഷണ ഉപകരണവും ദൗത്യം ഭ്രമണപഥത്തിലെത്തിച്ചു. കിഴക്കൻ ചൈനാക്കടലിൽനിന്ന് വിക്ഷേപിക്കപ്പെടുന്ന ചൈനയുടെ ആദ്യ സ്വകാര്യറോക്കറ്റാണ് ഗ്രാവിറ്റി.
ലോകത്തെ ഏറ്റവും വലിയ ഖര ഇന്ധന വിക്ഷേപണവാഹനംകൂടിയാണിത്. ഗ്രാവിറ്റി-1 റോക്കറ്റിന്റെ മൂന്നാം വിക്ഷേപണമാണിത്. 2024 ജനുവരിയിൽ മഞ്ഞക്കടലിൽനിന്നായിരുന്നു ആദ്യവിക്ഷേപണം. 2025 ഒക്ടോബറിലാണ് രണ്ടാമത്തേത്.
അമേരിക്കയ്ക്കും റഷ്യക്കുംശേഷം കടൽ അധിഷ്ഠിത റോക്കറ്റ് വിക്ഷേപണ സാങ്കേതിക വിദ്യ കൈവരിച്ച മൂന്നാമത്തെ രാജ്യമാണ് ചൈന. 2019 ജൂൺ അഞ്ചിനാണ് ചൈന ആദ്യമായി കപ്പലിൽനിന്ന് ലോങ് മാർച്ച് 11 റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണപാത നിശ്ചയിക്കാനുള്ള സൗകര്യവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽനിന്ന് വിക്ഷേപിക്കുമ്പോഴുണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാനുമായാണ് കടലിൽനിന്നുള്ള വിക്ഷേപണം തിരഞ്ഞെടുക്കുന്നത്.
Content Highlights: Successful launch of Gravity-1 from a ship in the East China Sea., Gravity-1 is recognized as the world's largest solid-fuel launch vehicle., Deployment of nine satellites and one experimental device into orbit., Strategic advantage of sea-based launches to minimize risk to populated areas.