വിൻഡോസ് 10 ഒഴിവാക്കാൻ സർക്കാർ സ്ഥാപനങ്ങളോട് ചൈന; പിന്നിൽ സുരക്ഷാ ഭീഷണിയോ?

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | AFP
പ്രതീകാത്മകചിത്രം | AFP

നിർമിതബുദ്ധി (എഐ) അടക്കമുള്ള മേഖലകളിൽ അനുദിനം വർധിച്ചുവരുന്ന ചൈന - യു.എസ് ടെക് കിടമത്സരം പുതിയ വഴിത്തിരിവിൽ. വിൻഡോസ് 10 അൺഇൻസ്റ്റാൾ ചെയ്യാൻ സ്റ്റേറ്റ് ഏജൻസികളോട് ചൈനീസ് ഉന്നത വൃത്തങ്ങൾ ഉത്തരവിട്ടതായാണ് പുറത്തുവരുന്ന വിവരം. പകരം ലിനക്‌സ് അടിസ്ഥാനമായ തദ്ദേശീയ ബദലുകളിലേക്ക് സർക്കാർ ഏജൻസികൾ മാറും.

ചൈനീസ് മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി സർക്കാർ സ്ഥാപനങ്ങളോട് മൈക്രോസോഫ്റ്റ് സോഫ്റ്റ്‌വെയർ അൺഇൻസ്റ്റാൾ ചെയ്യാൻ നിർദ്ദേശം നൽകിയതായി ബ്ലൂംബെർഗാണ് റിപ്പോർട്ടു ചെയ്യുന്നത്. ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാണ് ഈ നീക്കത്തിന് പിന്നിൽ എന്നാണ് വിശദീകരണം. എന്നാൽ, പ്രത്യേക പ്രശ്‌നങ്ങളൊന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടില്ല.

ഇന്ത്യയിലടക്കം ഉപയോഗിക്കപ്പെടുന്ന അതേ വിൻഡോസ് പതിപ്പല്ല ചൈനീസ് സ്റ്റേറ്റ് ഏജൻസികൾ ഉപയോഗിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സി.എം.ഐ.ടി (CMIT) വികസിപ്പിച്ചെടുത്ത വിൻഡോസിന്റെ പ്രത്യേക പതിപ്പാണ് അവർ ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റും സർക്കാർ ഉടമസ്ഥതയിലുള്ള ചൈനീസ് ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പും ചേർന്ന് 2016-ൽ രൂപവത്കരിച്ച സംയുക്ത സംരംഭമാണ് സി.എം.ഐ.ടി. ബെയ്ജിങ്ങിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ വിൻഡോസ് 10 പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഈ സംയുക്ത സംരംഭം രൂപവത്കരിച്ചത്.

അതിനിടെ, ചൈന ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകളെക്കുറിച്ച് നിലവിൽ മൈക്രോസോഫ്റ്റിന് അറിവൊന്നുമില്ല. പതിവായി സുരക്ഷാ അപ്‌ഡേറ്റുകൾ നൽകുന്നുണ്ടെന്നാണ് മൈക്രോസോഫ്റ്റ് വക്താവ് ബ്ലൂംബെർഗിനോട് പ്രതികരിച്ചത്.

വിൻഡോസ് 10-ന്റെ ഈ പ്രത്യേക പതിപ്പ് 2027 ഫെബ്രുവരിയിൽ പിൻവലിക്കാൻ നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഈ ഷെഡ്യൂളിന് മാസങ്ങൾക്ക് മുമ്പ് തന്നെ അത് പിൻവലിക്കാൻ ചൈന തീരുമാനിക്കുകയാണ് ചെയ്തത്. മൈക്രോസോഫ്റ്റിന്റെ സ്റ്റാൻഡേർഡ് ക്രിപ്‌റ്റോഗ്രാഫിക്ക് പകരം ചൈനീസ് എൻക്രിപ്ഷൻ അൽഗോരിതങ്ങൾ ഉപയോഗിക്കാൻ ഈ പതിപ്പ് അനുവദിച്ചിരുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് നേതാവ് ഷി ജിൻപിങ്ങും തമ്മിൽ നടത്താൻ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ചയ്ക്ക് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്്.

കൈലിൻ സോഫ്റ്റ്‌വെയർ (Kylin Software), ടോങ്‌സിൻ സോഫ്റ്റ്‌വെയർ ടെക്‌നോളജി (Tongxin Software Technology) എന്നിവയുൾപ്പെടെ നിരവധി ചൈനീസ് കമ്പനികൾ വിൻഡോസിന് പകരം കമ്പ്യൂട്ടറുകൾക്കായി ലിനക്‌സ് അടിസ്ഥാനമാക്കി സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

വിൻഡോസിൽനിന്ന് അകലുന്ന ആദ്യ രാജ്യമല്ല ചൈന. ഈ വർഷം ഏപ്രിലിൽ എല്ലാ സർക്കാർ മന്ത്രാലയങ്ങളും വിൻഡോസിൽനിന്ന് ലിനക്‌സിലേക്ക് മാറുകയാണെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചിരുന്നു. ജർമ്മനി, ഡെന്മാർക്ക്, ഓസ്ട്രിയ തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളും മൈക്രോസോഫ്റ്റിന്റെ സിസ്റ്റങ്ങളിൽനിന്ന് മാറിവരികയാണ്. എന്നിരുന്നാലും ചൈനയിലെ കൺസ്യൂമർ മാർക്കറ്റിൽ വിൻഡോസ് തന്നെയാണ് ഇപ്പോഴും ആധിപത്യം പുലർത്തുന്നത്.

Content Highlights: Chinese state agencies ordered to uninstall custom Windows 10., Transitioning to domestic Linux-based operating systems like Kylin OS and Unity OS., Driven by data security concerns and the broader push to replace foreign technology., Windows remains dominant in China's consumer market with 87.64% share in July 2026., Other European nations like France and Germany are also moving from Windows to Linux.