ലോകത്തെ നടുക്കിയ ചെര്‍ണോബില്‍; വഴിതെളിച്ചത് സുപ്രധാന കണ്ടെത്തലിന്, ബഹിരാകാശ ഗവേഷണത്തില്‍ നിര്‍ണായകം

#ടെക്‌നോളജി ഡെസ്‌ക്
ചെര്‍ണോബിലിലെ ഉപേക്ഷിക്കപ്പെട്ട റിയാക്ടറുകളിലൊന്ന് | File Photo - AP
ചെര്‍ണോബിലിലെ ഉപേക്ഷിക്കപ്പെട്ട റിയാക്ടറുകളിലൊന്ന് | File Photo - AP

ലോകത്തെ ഏറ്റവും വലിയ ആണവ ദുരന്തമാണ് 1986 ഏപ്രില്‍ 26-ന് നടന്നത്. ചെര്‍ണോബിലിലെ നാലാം നമ്പര്‍ റിയാക്ടറിലുണ്ടായ സ്‌ഫോടനം ഭീമമായ അളവില്‍ റേഡിയോ ആക്ടീവ് മൂലകങ്ങളെ അന്തരീക്ഷത്തിലേക്ക് പുറന്തള്ളി. മരണങ്ങള്‍ക്കും നിരവധി പേര്‍ക്ക് അര്‍ബുദ ബാധയ്ക്കും കാരണമായ വന്‍ദുരന്തത്തിന്റെ അവശേഷിപ്പുകള്‍ ഇന്ന് ബഹിരാകാശത്തെ ദീര്‍ഘകാല വാസത്തിന് മനുഷ്യനെ പ്രാപ്തനാക്കാന്‍ ഉതകുന്ന നിര്‍ണായക കണ്ടെത്തലിന് വഴിതെളിക്കുകയാണ്.

റേഡിയേഷനെ അതിജീവിച്ച് തഴച്ചുവളരുന്ന ചെര്‍ണോബിലിലെ കറുത്ത ഫംഗസുകള്‍ ബഹിരാകാശത്തെ അതിജീവനം സാധ്യമാക്കാന്‍ മനുഷ്യനെ സഹായിച്ചേക്കാം എന്നാണ് ഗവേഷകര്‍ പറയുന്നത്. ജീവജാലങ്ങള്‍ക്ക് റേഡിയേഷനെ നേരിടാന്‍ എങ്ങനെ സാധിക്കുന്നു എന്ന് മനസിലാക്കാന്‍ ചെര്‍ണോബിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലെ കറുത്ത ഫംഗസുകളുടെ അത്ഭുതകരമായ കണ്ടെത്തല്‍ വഴിതെളിച്ചേക്കുമെന്നാണ് പ്രതീക്ഷ.

യുക്രെയിനിയന്‍ ശാസ്ത്രജ്ഞ നെല്ലി ഷ്ദനോവയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ചെര്‍ണോബിലിലെ തകര്‍ന്ന ആണവ റിയാക്ടറിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ വ്യാപിക്കുന്ന ഫംഗസുകളെ കണ്ടെത്തിയത്. മാരകമായ ആണവ വികിരണം നിറഞ്ഞ പരിസ്ഥിതിയില്‍ ചെര്‍ണോബിലിലെ കെട്ടിടങ്ങളുടെ മേല്‍ക്കൂരയിലും ഭിത്തികളിലും ലോഹക്കുഴലുകളിലും കറുത്ത പൂപ്പല്‍ പറ്റിപ്പിടിച്ച് തഴച്ചുവളരുന്നുണ്ടായിരുന്നു. കഠിനമായ സാഹചര്യങ്ങളോട് ജീവജാലങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നു എന്നതിനെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണയെ മാറ്റിമറിച്ച ഒരു നിഗമനത്തിന് ഈ അപ്രതീക്ഷിത കണ്ടെത്തല്‍ തുടക്കമിട്ടു.

വന്‍ ദുരന്തത്തിന് പിന്നാലെ ഈ പ്രദേശത്തുനിന്ന് ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിനായി അധികൃതര്‍ 'സോണ്‍ ഓഫ് ഏലിയനേഷന്‍' എന്ന 30 കിലോമീറ്റര്‍ നിയന്ത്രിത മേഖല പ്രഖ്യാപിച്ചിരുന്നു. മനുഷ്യര്‍ ഈ പ്രദേശത്ത് നിന്ന് മാറിയതോടെ പ്രകൃതി വീണ്ടെടുപ്പിന്റെ പാതയിലായി. ചെന്നായ്ക്കളും കാട്ടുപന്നികളും അവിടെ പ്രത്യക്ഷപ്പെട്ടു. അതിനിടെയാണ് തകര്‍ന്ന പ്ലാന്റിനുള്ളില്‍ മറ്റൊരു ജീവരൂപം പതുക്കെ വ്യാപനം നടത്തുന്നത് ഷ്ദനോവ കണ്ടെത്തിയത്.

ഉപേക്ഷിക്കപ്പെട്ട പ്രദേശങ്ങളില്‍ വളരുന്ന സാധാരണ ഫംഗസ് ആയിരുന്നില്ല ഷ്ദനോവ ചെര്‍ണോബിലില്‍ കണ്ടത്. മുന്‍പ് നടത്തിയ മണ്ണ് പരിശോധനകളില്‍ പലതരം ഫംഗസുകള്‍ റേഡിയോ ആക്ടീവ് പൊടിപടലങ്ങളോട് പ്രതികരിക്കുന്നുണ്ടെന്ന് അവര്‍ മനസിലാക്കിയിരുന്നു. പിന്നീട് ഈ ഫംഗസുകള്‍ റിയാക്ടറിന്റെ ഏറ്റവും അപകടകരമായ ഭാഗങ്ങളില്‍പോലും എത്തിച്ചേര്‍ന്നിരിക്കുന്നു എന്ന് അവര്‍ കണ്ടെത്തി.

റേഡിയേഷന്റെ ദിശയിലേക്കുള്ള ഫംഗസുകളുടെ വളര്‍ച്ചയെ അവര്‍ റേഡിയോട്രോപിസം എന്നാണ് വിളിച്ചത്. ഡിഎന്‍എയ്ക്കും പ്രോട്ടീനുകള്‍ക്കും കേടുപാടുകള്‍ വരുത്തി ജീവികളെ നശിപ്പിക്കാന്‍ കഴിവുള്ളതാണ് റേഡിയേഷന്‍. റേഡിയേഷനെ അതിജീവിക്കാന്‍ കഴിവുള്ള ഫംഗസുകള്‍ക്കൊപ്പം മറ്റ് 36 ഫംഗസ് ഇനങ്ങളെയും മലിനമായ പ്രദേശത്ത് ഷ്ദനോവ കണ്ടെത്തി. അവരുടെ കണ്ടെത്തലുകള്‍ പുതിയ സാധ്യതകള്‍ക്ക് വഴിതുറന്നു. റേഡിയോ ആക്ടീവ് പ്രദേശങ്ങള്‍ വൃത്തിയാക്കുന്നതിനും ഭാവിയില്‍ ബഹിരാകാശയാത്രികരെ ബഹിരാകാശ റേഡിയേഷനില്‍ നിന്ന് സംരക്ഷിക്കുന്നതിനുമുള്ള വഴികളിലേക്കുള്ള സാധ്യത തുറന്നു.

മെലാനിന്‍ ആയിരുന്നു ഈ വിചിത്രമായ പ്രതിഭാസത്തിന്റെ കേന്ദ്രബിന്ദു. മനുഷ്യന്റെ ചര്‍മ്മത്തിനും മുടിക്കും കറുപ്പ് നിറം നല്‍കുന്ന അതേ വര്‍ണ്ണവസ്തു. ഫംഗസുകളിലെ ഉയര്‍ന്ന മെലാനിന്റെ അംശം അവയുടെ കോശഭിത്തികളെ ഇരുണ്ടതാക്കി. കറുത്ത ചര്‍മ്മം അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് സംരക്ഷിക്കുന്നതുപോലെ ഈ മെലാനിന്‍ അയോണൈസിംഗ് റേഡിയേഷനില്‍ നിന്നും സംരക്ഷണം നല്‍കുന്നുവെന്ന് ഷ്ദനോവ വിലയിരുത്തി. ഇതേ രീതി മറ്റ് ജീവികളെയും അവര്‍ നിരീക്ഷിച്ചു. ചെര്‍ണോബിലിലെ തടാകങ്ങളിലുള്ള കൂടുതല്‍ മെലാനിന്‍ ഉള്ള തവളകള്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിച്ചുവെന്ന് അവര്‍ കണ്ടെത്തി. തവളകളുടെ നിറം ക്രമേണ ഇരുണ്ടതായതും അവര്‍ നിരീക്ഷിച്ചു.

പിന്നീട് ആണവ ശാസ്ത്രജ്ഞയായ എകറ്റെറിന ഡാഡാച്ചോവ ഈ ഗവേഷണം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോയി. റേഡിയോ ആക്ടീവ് സീസിയവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ മെലാനിന്‍ അടങ്ങിയ ഫംഗസുകള്‍ അല്ലാത്തവയെക്കാള്‍ 10 ശതമാനം വേഗത്തില്‍ വളരുന്നതായി അവര്‍ കണ്ടെത്തി. റേഡിയോസിന്തസിസ് എന്ന പ്രക്രിയയിലൂടെ ഈ ഫംഗസുകള്‍ റേഡിയേഷന്റെ ഊര്‍ജ്ജം അവയുടെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടാകാമെന്നും അവരുടെ സംഘം അഭിപ്രായപ്പെട്ടു. സാധാരണ പ്രകാശത്തേക്കാള്‍ പലമടങ്ങ് ഊര്‍ജ്ജം അയോണൈസിംഗ് റേഡിയേഷനില്‍ അടങ്ങിയിട്ടുണ്ടെന്നും, ഈ ഊര്‍ജ്ജത്തെ ഫംഗസുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരു രൂപത്തിലേക്ക് മെലാനിന്‍ മാറ്റാന്‍ സാധ്യതയുണ്ടെന്നും ഡാഡാച്ചോവ വിശദീകരിച്ചു.

2018-ല്‍ ഷ്ദനോവ ചെര്‍ണോബിലില്‍ നിരീക്ഷിച്ച അതേ ഇനമായ ക്ലാഡോസ്‌പോറിയം സ്‌ഫെറോസ്‌പെര്‍മം എന്ന ഫംഗസിനെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് അയച്ചു. അവിടെ അതീവ അപകടകരമായ ഗാലക്ടിക് കോസ്മിക് റേഡിയേഷനിടയിലും ഈ ഫംഗസുകള്‍ക്ക് വളരാന്‍ കഴിഞ്ഞു. അങ്ങനെയാണ് ജീവജാലങ്ങള്‍ എങ്ങനെ റേഡിയേഷനെ നേരിടുന്നുവെന്നും ഭാവിയില്‍ ബഹിരാകാശത്ത് മനുഷ്യര്‍ക്ക് റേഡിയേഷനില്‍നിന്ന് എങ്ങനെ സുരക്ഷിതരായിരിക്കാന്‍ കഴിയുമെന്നും മനസിലാക്കുന്നതിലേക്ക് ചെര്‍ണോബിലിന്റെ അവശിഷ്ടങ്ങള്‍ക്കിടയിലെ നിര്‍ണായക കണ്ടെത്തല്‍ വഴിതെളിച്ചത്.

Content Highlights: Discover Chernobyl`s black fungi that thrive on radiation! Learn how this `radiotrophic` life adapts and could protect astronauts in space.