OpenAI ട്രാക്ക് മാറ്റിപ്പിടിക്കുന്നു; ChatGPTയിൽ നോട്ടി ചാറ്റും ഇറോട്ടിക്ക മോഡും അവതരിപ്പിച്ചേക്കും

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപയോഗസാധ്യതകൾ പലതാണ്. സ്ഥാപനങ്ങളുടെ ഉത്പാദനക്ഷമത വർധിപ്പിക്കാനും വിഷയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനും പഠിക്കാനുമെല്ലാം എഐ ചാറ്റ്‌ബോട്ടുകളും എഐ മോഡലുകളും ഉപയോഗപ്പെടുത്തുന്നുണ്ട്. അതേസമയം ചിലയാളുകൾ ഒരു സുഹൃത്തിനോടെന്നപോലെയോ പങ്കാളിയോടെന്നപോലെയോ ചാറ്റ്‌ബോട്ടുകളോട് വ്യക്തിപരമായ ചിന്തകൾ പങ്കുവെക്കാറുണ്ട്.
മനുഷ്യരെപ്പോലെ ചാറ്റ് ചെയ്യുന്ന ചാറ്റ്ജിപിടി ഒരുക്കാനുള്ള താത്പര്യം ഓപ്പൺ എഐ നേരത്തെ പ്രകടിപ്പിച്ചിരുന്നതാണ്. ഇപ്പോഴിതാ നോട്ടി ചാറ്റ്സ് (naughty chats) എന്ന പേരിൽ പുതിയ ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചാറ്റ്ജിപിടി പതിപ്പ് v1.2026.055-ൽ നിലവിൽ എഐ ചാറ്റ്‌ബോട്ടിൽ നടപ്പിലാക്കിയിട്ടുള്ള ചില ഭാഷാപരമായ പെരുമാറ്റനിയന്ത്രണങ്ങൾ നീക്കം ചെയ്യാൻ ഈ പുതിയ ഫീച്ചറിലൂടെ കമ്പനി ഉപയോക്താക്കളെ അനുവദിച്ചേക്കുമെന്ന് ആൻഡ്രോയിഡ് അതോറിറ്റി റിപ്പോർട്ടിൽ പറയുന്നു. ഭാഷാപരമായ നിയന്ത്രണങ്ങളില്ലാതെ, പെരുമാറ്റനിയന്ത്രണങ്ങളില്ലാതെ ചാറ്റ്‌ബോട്ടിനോട് സംവദിക്കാൻ ഇത് അവസരം ഒരുക്കും. അതേ ഭാഷയിലും ശൈലിയിലും ചാറ്റ്ജിപിടിയും മറുപടികൾ നൽകും.
18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കായിരിക്കും ഈ ഫീച്ചർ ലഭിക്കുക. ഇതിനായി ചാറ്റ് ജിപിടിയുടെ പുതിയ വയസ്സു പ്രവചിക്കുന്ന ടൂൾ ഉപയോഗിച്ചേക്കും. അക്കൗണ്ട് എത്രനാളായി നിലവിലുണ്ട്, എത്രനേരം സജീവമാണ്, ഉപയോഗരീതി ഉൾപ്പെടെയുള്ള ഘടകങ്ങൾ വിശകലനം ചെയ്താണ് ഇതിന്റെ പ്രവർത്തനം. നിങ്ങൾ ഒരു മുതിർന്ന വ്യക്തിയല്ലെന്ന് ചാറ്റ്ജിപിടിക്ക് തോന്നിയാൽ, തുടർന്ന് കൗമാരക്കാരോടെന്നപോലെയാണ് ചാറ്റ്ജിപിടി പ്രവർത്തിക്കുക. ഓപ്പൺ എഐയ്ക്ക് നിങ്ങളുടെ സെൽഫി അയച്ചുകൊടുത്ത് ഇത് ഒഴിവാക്കുകയും ചെയ്യാം.
ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രമേ ചാറ്റ്ജിപിടിയുടെ 'ഇറോട്ടിക്ക' മോഡ് സജീവമാകൂ എന്ന് സാം ആൾട്ട്മാൻ മുമ്പ് പറഞ്ഞിരുന്നു; അതായത്, നിങ്ങൾ മാനുവലായി ടോഗിൾ ഓണാക്കുകയും അടുപ്പത്തോടെ സംസാരിക്കുന്നതിന് എഐ ചാറ്റ്‌ബോട്ടിനോട് ആവശ്യപ്പെടുകയും വേണം.
ചാറ്റ്ജിപിടി എപ്പോൾ ഈ പുതിയ 'നോട്ടി ചാറ്റ്സ്' ടോഗിൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നുമില്ല; എങ്കിലും വൈകാതെ അതുണ്ടായേക്കും.
Content Highlights: OpenAI to Introduce 'Naughty Chats' Feature in ChatGPT: What You Need to Know