എഐ കാലത്ത് മനുഷ്യന് മൂല്യമേറുന്നു; ‘ഹ്യുമൻ’ കേംബ്രിജിന്റെ ഇക്കൊല്ലത്തെ വാക്ക്

#ടെക്നോളജി ഡെസ്ക്
ചൈനയിലെ ഒരു കമ്പനിയിൽ റോബോട്ടുകൾ പരിശോധിക്കുന്ന ജീവനക്കാരി |  Photo by WANG Zhao / AFP
ചൈനയിലെ ഒരു കമ്പനിയിൽ റോബോട്ടുകൾ പരിശോധിക്കുന്ന ജീവനക്കാരി | Photo by WANG Zhao / AFP

ലണ്ടൻ: യന്ത്രങ്ങൾ മനുഷ്യന്റെ ചിന്താശേഷിയും സർഗാത്മകതയും അനുകരിക്കാൻ തുടങ്ങിയ കാലത്ത് മനുഷ്യനെന്ന സ്വത്വത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് കേംബ്രിജ് നിഘണ്ടു.

ഈ വർഷത്തെ വാക്കായി നിഘണ്ടു 'ഹ്യൂമൻ' (human) തിരഞ്ഞെടുത്തു. ജീവിതത്തിന്റെ നാനാമേഖലയിലും നിർമിത ബുദ്ധി (എ.ഐ.) കടന്നുകയറിയതോടെ മനുഷ്യന്റെ സർഗാത്മകത, വൈകാരികബന്ധങ്ങൾ, ആധികാരികത എന്നിവയ്ക്ക് സമൂഹം കൂടുതൽ വില കല്പിക്കാൻ തുടങ്ങിയതാണ് ഈ തിരഞ്ഞെടുപ്പിനുപിന്നിലെന്ന് കേംബ്രിജ് വ്യക്തമാക്കി. എ.ഐ.യുടെ വളർച്ച മനുഷ്യനെന്നാൽ എന്താണ് എന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്ക് പുതിയ മാനം നൽകിയെന്ന് നിഘണ്ടുവിന്റെ ചീഫ് എഡിറ്റർ കോളിൻ മക്കിന്റോഷ് പറഞ്ഞു.

എ.ഐ. പടച്ചുവിടുന്ന ഉള്ളടക്കങ്ങളിൽനിന്ന് മനുഷ്യൻ നിർമിക്കുന്നവയെ വേർതിരിച്ചറിയാൻ ‘ഹ്യുമൻ റിട്ടൺ’ (human written) (മനുഷ്യൻ എഴുതിയത്), ‘ഹ്യുമൻ മെയ്ഡ്’ (human made) (മനുഷ്യനിർമിതം) തുടങ്ങിയ പ്രയോഗങ്ങൾ വ്യാപകമാകുന്നതും ഈ തിരഞ്ഞെടുപ്പിന് കാരണമായി. മനുഷ്യനും യന്ത്രവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാൻ കഴിയാത്തവിധം എ.ഐ. വളരുന്ന സാഹചര്യത്തിൽ മനുഷ്യ ഇടപെടലിന് ലഭിക്കുന്ന പ്രത്യേക മൂല്യത്തെ ‘ഹ്യുമൻ പ്രീമിയം’ (human premium) എന്ന് മക്കിന്റോഷ് വിശേഷിപ്പിച്ചു. മനുഷ്യജീവിതം എത്രത്തോളം മെച്ചപ്പെടുത്തുന്നു എന്നതായിരിക്കണം എ.ഐ.യുടെ വിജയത്തിന്റെ അളവുകോലെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും പ്രതികരിച്ചു. അനലോഗ്, ഏജന്റ്, ഹോൾസം, ഷിക് എന്നിവയായിരുന്നു ചുരുക്കപ്പട്ടികയിലെ മറ്റുവാക്കുകൾ.

Content Highlights: Cambridge Dictionary has named 'human' as its Word of the Year 2026, reflecting a renewed societal appreciation for human creativity, emotional connection, and authenticity amid the rapid rise of artificial intelligence.