വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു; BSNL നെറ്റ്‌വര്‍ക്കില്‍ പരാതിപ്രളയം

#ജി.രാജേഷ്‌കുമാര്‍
BSNL New Logo | Photo: BSNL
BSNL New Logo | Photo: BSNL

പത്തനംതിട്ട: വിളിച്ചാല്‍ കിട്ടുന്നില്ല, കിട്ടിയാല്‍ കട്ടാകുന്നു, പറയുന്നത് കേള്‍ക്കുന്നില്ല... ഇത്തരം പരാതികള്‍ ബി.എസ്.എന്‍.എല്‍. വരിക്കാര്‍ പറയാന്‍ തുടങ്ങിയിട്ട് നാലഞ്ച് മാസമായി. 4ജി ടവറുകള്‍ സ്ഥാപിക്കുന്നതിനാലുള്ള പ്രശ്‌നങ്ങളാണെന്ന് കമ്പനി പറയുന്നുണ്ടെങ്കിലും, ഇതിന് ഒരു അറുതി ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. കോള്‍ വിളിക്കുമ്പോഴുള്ള പ്രശ്‌നങ്ങള്‍ ഇപ്പോള്‍ കൂടിയിട്ടുണ്ടെന്നാണ് ബി.എസ്.എന്‍.എലിന്റെ കസ്റ്റമര്‍ കെയറിലെ ടോള്‍ഫ്രീ നമ്പരിലേക്ക് വരുന്ന ഭൂരിപക്ഷം പരാതികളും വ്യക്തമാക്കുന്നത്.

പ്രധാന പ്രശ്‌നങ്ങള്‍

• ആദ്യവിളിയില്‍ പലപ്പോഴും കിട്ടുന്നില്ല.

• ഡയല്‍ചെയ്ത് കണക്ടായാല്‍ ആരെങ്കിലും ഒരാള്‍ പറയുന്നതുമാത്രം കേള്‍ക്കാം.

• ചിലപ്പോള്‍ വിളിക്കുന്ന നമ്പര്‍ നിലവിലില്ല എന്നു കേള്‍ക്കാം.

• വിളിക്കുന്ന നമ്പര്‍ സ്വിേച്ചാഫ് പറയുന്ന സന്ദര്‍ഭങ്ങളും ഉണ്ടാകുന്നു

• ഫോണില്‍ സേവ് ചെയ്തിരിക്കുന്ന പേരുകള്‍ കാണിക്കാതെ കോള്‍ വരുന്നു. നമ്പര്‍മാത്രമായിരിക്കും ഉണ്ടാകുക.

മാര്‍ച്ചോടെ പ്രശ്‌നം പരിഹരിക്കാനാകും

4ജി ടവറുകളുടെ സ്ഥാപിക്കലും അവയുടെ ട്രയലുകളും തകൃതിയായി നടക്കുന്നതിനാലാണ് കോളുകളില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലുള്ള സംവിധാനമാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് സോഫ്റ്റ്വേറും തേജസ് എന്ന കമ്പനി ഉപകരണങ്ങളും തദ്ദേശീയമായി ഉണ്ടാക്കിയതാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി നെറ്റ്വര്‍ക്കിലും വലിയ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്.

സീപാന്‍ (CPAN) എന്ന നെറ്റ്വര്‍ക്കില്‍നിന്ന് മാന്‍ (MAN) എന്നതിലേക്കാണ് മാറുന്നത്.

വിദേശകമ്പനികളായ വാവേ, നോക്കിയ തുടങ്ങിയവയുടെ ഉപകരണങ്ങള്‍ ടവറുകളിലുണ്ട്. ഇവയുമായി പുതിയ സംവിധാനം ചേര്‍ക്കുമ്പോളുള്ള പ്രശ്‌നങ്ങളുമുണ്ട്. ഇനി ഇന്ത്യന്‍ വിപണിയില്‍ സാധ്യതയില്ലെന്ന തിരിച്ചറിവില്‍ ഈ കമ്പനികള്‍ വേണ്ടത്ര സഹകരണം ഇപ്പോഴത്തെ നടപടികള്‍ക്ക് നല്‍കാത്തതും ഒരു പ്രശ്‌നമാണ്.

3ജി സര്‍വീസ് നിര്‍ത്തും

രാജ്യത്ത് 2ജി, 3ജി, 4ജി എന്നീ സേവനങ്ങള്‍ ഒരേസമയത്ത് കൈകാര്യംചെയ്യുന്ന കമ്പനി ബി.എസ്.എന്‍.എല്‍.മാത്രമാണ്. എന്നാല്‍ 3ജിയുടെ സേവനം ഇനി ആവശ്യമില്ലാത്തതിനാല്‍ അത് നിര്‍ത്താനുള്ള നടപടികളുണ്ടാകും. എന്നാല്‍ 2ജി സേവനം നിലനിര്‍ത്തും. സ്മാര്‍ട്ട് ഫോണ്‍ അല്ലാത്തവ ഉപയോഗിക്കുന്ന നല്ലൊരുശതമാനം ആളുകളുടെ കൈവശവും 2ജി സേവനത്തിന് ഉതകുന്ന കീപാഡ് ഫോണുകളാണ്. വോയ്സ് കോളിനുമാത്രമുള്ള പ്രത്യേക താരിഫ് ഉണ്ടാകണമെന്ന ട്രായ് നിര്‍ദേശം നടപ്പാക്കാനൊരുങ്ങുന്ന ബി.എസ്.എന്‍.എലിന് 2ജി നിലനിര്‍ത്തിയാല്‍ വ്യക്തതയുള്ള വോയ്സ് സേവനം നല്‍കാനാവുമെന്ന കണക്കുകൂട്ടലുമുണ്ട്.

Content Highlights: BSNL customers face call dropping, connectivity problems due to 4G tower upgrades