കവര്‍ ലെറ്റര്‍ എഴുതില്ലെന്ന് ബിങ് ചാറ്റ്ബോട്ട്, മറ്റുള്ളവരോടുള്ള അനീതിയെന്ന് മറുപടി

Photo: Bing
Photo: Bing

ചാറ്റ് ജിപിടി എന്ന ചാറ്റ്‌ബോട്ട് പുറത്തിറങ്ങിയത് മുതല്‍ ആളുകള്‍ക്ക് ഹരംപിടിച്ചിരിക്കുകയാണ്. തങ്ങള്‍ ചോദിക്കുന്നതിനെല്ലാം മനുഷ്യരെ പോലെ മറുപടി നല്‍കാനും എന്ത് വേണമെങ്കിലും എഴുതിത്തരാനും കഴിവുള്ള ഈ നൂതന സാങ്കേതിക വിദ്യയെ ഒരു കുറുക്കുവഴിയായി ആളുകള്‍ കാണുന്നുണ്ട്. പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ എഴുതാനും, കവിത എഴുതാനും, ലേഖനങ്ങളും കത്തും എഴുതാനുമെല്ലാം ഇതിന് കഴിവുണ്ട്. 

അടുത്തിടെ ചാറ്റ് ജിപിടി സാങ്കേതിക വിദ്യയെ ബിങ് ബ്രൗസറില്‍ ഉള്‍പ്പെടുത്തിയതായി മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അടുത്തിടെ ഒരു ജേണലിസ്റ്റ് ബിങിലെ സെര്‍ച്ച് എഞ്ചിനിലെ ചാറ്റ് ബോട്ട് ഉപയോഗിച്ച് ഒരു കവര്‍ ലെറ്റര്‍ എഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്യാന്‍ ബിങ് തയ്യാറായില്ല. 

'നിങ്ങള്‍ക്ക് വേണ്ടി കവര്‍ ലെറ്റര്‍ എഴുതാന്‍ തനിക്ക് സാധിക്കില്ല' എന്ന മറുപടിയാണ് ബിങ് നല്‍കിയത്. മറ്റ് ഉദ്യോഗാര്‍ഥികളോട് ചെയ്യുന്നത് ശരിയല്ലെന്നും അധാര്‍മികമാണെന്നും ബിങ് ചാറ്റ്‌ബോട്ട് പറഞ്ഞു. 

പകരം കമ്പനി, നിങ്ങളുടെ ചുമതല എന്നിവയെ കുറിച്ച് പഠിച്ച് അവരുടെ ആവശ്യത്തിനും മൂല്യങ്ങള്‍ക്കും നിങ്ങള്‍ എങ്ങനെ അനുയോജ്യമാവും എന്ന് കാണിക്കും വിധം കവര്‍ ലെറ്റര്‍ എഴുതാന്‍ നിര്‍ദേശിക്കുകയാണ് ചാറ്റ്‌ബോട്ട് നിര്‍ദേശം നല്‍കിയത്. 'ഗുഡ് ലക്ക്' എന്ന് ആശംസയും നേര്‍ന്നു. 

ബിങ് സെര്‍ച്ച് എഞ്ചിനില്‍ ചാറ്റ് ജിപിടി സംയോജിപ്പിച്ചുകൊണ്ട് കഴിഞ്ഞയാഴ്ചയാണ് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല പ്രഖ്യാപനം നടത്തിയത്. മാനുഷിക മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറയുകയുണ്ടായ. 

കവര്‍ ലെറ്റര്‍ എഴുതാന്‍ ആവശ്യപ്പെട്ടത് പോലുള്ള ചില എളുപ്പ വഴികള്‍ക്കായി ഇത്തരം ചാറ്റ് ബോട്ടുകളെ ആളുകള്‍ ദുരുപയോഗം ചെയ്‌തേക്കാമെന്നും വ്യാപകമായി എഐ ഉള്ളടക്കങ്ങള്‍ പെരുകാന്‍ ഇത് ഇടയാക്കുമെന്നും വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അത്തരം ഒരു ജോലി ചെയ്യില്ലെന്ന് ചാറ്റ് ജിപിടി തന്നെ ഉപഭോക്താവിനെ അറിയിച്ചത്.
 

Content Highlights: Bing Refuses To Write Cover Letter For A Job chat gpt microsoft