BGMI-ലേക്ക് ഇന്ത്യൻ സുന്ദരിയെത്തുന്നു; ആരാണ് ഈ 'കിയാര' ? ഇറാങ്കലിൽ ദീപാവലി ആഘോഷിക്കാം

#ടെക്നോളജി ഡെസ്ക്

ബിജിഎംഐ ആരാധകർക്കായി ഇന്ത്യയിൽ രൂപകല്പന ചെയ്ത ആദ്യത്തെ ഒറിജിനൽ ഇൻ-ഗെയിം ക്യാരക്ടർ കിയാരയെ അവതരിപ്പിച്ചു. ക്രാഫ്റ്റൺ ഇന്ത്യയുടെ ഇൻ-ഹൗസ് ആർട്ട് ടീമാണ് ഈ പുതിയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വന്തമായി ഉത്ഭവകഥയും, ഇറാങ്കൽ (Erangel) മാപ്പിൽ സ്വന്തമായി ഒരു ലൊക്കേഷനും, പ്രത്യേക ഐറ്റം കളക്ഷനുകളുമായി എത്തുന്ന ആദ്യത്തെ 'മേഡ് ഇൻ ഇന്ത്യ' ക്യാരക്ടറാണ് കിയാര. 2025-ൽ അവതരിപ്പിച്ച 'അനാമിക' എന്ന ഇൻ-ഹൗസ് ക്യാരക്ടറിനു ശേഷമാണ് ക്രാഫ്റ്റൺ കിയാരയെ എത്തിക്കുന്നത്.

ബിജിഎംഐയുടെ 4.6 അപ്‌ഡേറ്റിന്റെ ഭാഗമായി 2026 ഒക്ടോബർ എട്ടു മുതൽ കിയാര ഗെയിമിൽ ലഭ്യമാകും. കിയാരയോടൊപ്പം ഒരു 'ബോസ് ബാറ്റിൽ', ഇറാങ്കലിൽ ദീപാവലി പ്രമേയത്തിലുള്ള 'ബസാർ' ലൊക്കേഷൻ, 'കിയാര നക്ഷത്ര കളക്ഷൻ', ഇന്ത്യയ്ക്കായി പ്രത്യേകമായി നിർമിച്ച ആദ്യത്തെ 'പ്രൈസ് പാത്ത്' എന്നിവയും ക്രാഫ്റ്റൺ ഇന്ത്യ അവതരിപ്പിക്കുന്നുണ്ട്.

രൂപകല്പനയും ഉത്ഭവകഥയും

മയിലാണ് കിയാരയുടെ പ്രധാന സിഗ്നേച്ചർ തീം എന്ന് ക്രാഫ്റ്റൺ ഇന്ത്യ ആർട്ട് ഡയറക്ടർ ശ്യാം ദേശ്പാണ്ഡെ വ്യക്തമാക്കി. ബസാറിലെ വിളക്കുകൾ, ഗ്ലൈഡർ, ബഗ്ഗി, നക്ഷത്ര കളക്ഷൻ എന്നിവയിലെല്ലാം ഈ മയിൽ രൂപകല്പന കാണാം.

ഇറാങ്കലിലെ പോരാളികൾക്കിടയിൽ അത്യാഗ്രഹവും ചതിയും ഭീരുത്വവും പടരുമ്പോൾ അവരെ വിചാരണ ചെയ്യാനാണ് കിയാര എത്തുന്നതെന്നാണ് കഥാപശ്ചാത്തലം. കിയാരയും ഈ ബസാറും ഇന്ത്യൻ കളിക്കാർക്കായി പ്രത്യേക രൂപകല്പന ചെയ്തതാണെന്ന് ക്രാഫ്റ്റൺ ഇന്ത്യ മാർക്കറ്റിങ് ആൻഡ് പ്രോഡക്ട് മാനേജ്‌മെന്റ് ഡയറക്ടർ ശ്രീൻജോയ് ദാസ് പറഞ്ഞു.

'ബസാർ' ലൊക്കേഷനും ബോസ് ബാറ്റിലും

2025-ലെ സ്റ്റെപ്പ്‌വെല്ലിനു ശേഷം ദീപാവലിയോട് അനുബന്ധിച്ച് ബിജിഎംഐയിൽ ഒരുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ലൊക്കേഷനാണ് 'ബസാർ'. ബസാറിന്റെ മുറ്റത്തുള്ള നാല് മയിൽ വിളക്കുകൾ തെളിയിക്കുന്നതിലൂടെ കിയാരയെ ഉണർത്താനും 'ബോസ് ബാറ്റിൽ' ചലഞ്ച് ആരംഭിക്കാനും സാധിക്കും. വില്ലും അമ്പുകളുമായി എത്തുന്ന കിയാരയെ ഒത്തൊരുമയോടെ നേരിട്ട് പരാജയപ്പെടുത്തുന്ന സ്ക്വാഡുകൾക്ക് പ്രത്യേക പ്രതിഫലങ്ങൾ ലഭിക്കും.

നക്ഷത്ര കളക്ഷൻ

കിയാരയ്ക്കൊപ്പം അവതരിപ്പിച്ച ഇൻഗെയിം ഐറ്റം കളക്ഷനാണ് നക്ഷത്ര കളക്ഷൻ. മയിൽ പ്രമേയമാക്കിയുള്ള രൂപകല്പനയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഇതിലെ 'കിയാര നക്ഷത്ര സ്പിൻ' വഴി കിയാര നക്ഷത്ര സെറ്റ് (ഫ്ലാഗ്ഷിപ്പ് ഔട്ട്ഫിറ്റ്), ഡിവൈൻ പീകോക്ക് ഗ്ലൈഡർ (മയിലിന്റെ രൂപകല്പനയിലുള്ള പ്രത്യേക ഗ്ലൈഡർ), ഡിവൈൻ റേഡിയൻസ് SCAR-L ഗൺ സ്കിൻ, ഡിവൈൻ ചാരിയറ്റ് ബഗ്ഗി, ആരോ റെയിൻ ഇമോട്ട്, ഡിവൈൻ എഡ്ജ് മച്ചെറ്റെ എന്നിവ സ്വന്തമാക്കാം. ഒക്ടോബർ 22 മുതൽ നവംബർ 15 വരെ 20 ലെവലുകളുള്ള ഇന്ത്യയിലെ ആദ്യത്തെ 'ദീപാവലി പ്രൈസ് പാത്തും' ലഭ്യമാകും. റെവൽ 01 സെറ്റ് (Revel 01 Set), ദീപാവലി ഗോൾഡ് സെറ്റ് തുടങ്ങിയ പ്രത്യേക റിവാർഡുകൾ ഇതിലൂടെ കളിക്കാർക്ക് നേടാനാകും.

Content Highlights: Krafton India has introduced Kiara, the first fully made-in-India original BGMI in-game character featuring a peacock theme, who arrives in the 4.6 update alongside an Erangel 'Bazaar' location, a squad boss battle, and the Nakshatra item collection.