ബയോണിക് കൈ നാട്ടിൽ നിർമിച്ച് യുവാക്കളുടെ സ്റ്റാർട്ടപ്പ്, ഇനി ഇറക്കുമതി ചെയ്യേണ്ട, വിലയും കുറവ്

കുമളി: അപകടങ്ങളിലോ മറ്റ് കാരണങ്ങളാലോ കൈകൾ നഷ്ടപ്പെട്ടവരുടെ ജീവിതത്തിലേക്ക് പ്രത്യാശ പകരുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ബെൻഡിറ്റ ബയോണിക്സ്' എന്ന മലയാളി സ്റ്റാർട്ടപ്പ് കമ്പനി. വിദേശത്തുനിന്ന് വൻതുക നൽകി ഇറക്കുമതിചെയ്യുന്ന റോബോട്ടിക് കൈകൾക്ക് പകരമായി, സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ബയോണിക് കൈകൾ ഇവിടെ നിർമിക്കുന്നു.
ഇടുക്കി കുമളി സ്വദേശികളായ റോവർ സി. ജോസഫ്, ആഷിക് അൻസാരി എന്നീ സുഹൃത്തുക്കൾ ചേർന്ന് 2021-ലാണ് സ്ഥാപനം തുടങ്ങിയത്.
'ഏയ്ഞ്ചൽ ഹാൻഡ്'
ബെൻഡിറ്റ ബയോണിക്‌സ് പുറത്തിറക്കിയ 'ഏയ്ഞ്ചൽ ഹാൻഡ്' സാങ്കേതികവിദ്യയിലും ഉപയോഗക്ഷമതയിലും മുമ്പിലാണ്. ഭാരക്കുറവ്, ഓരോ വിരലിനും പ്രത്യേകം മോട്ടോറുകൾ എന്നിവമൂലം 0സ്വാഭാവിക കൈകളെപ്പോലെ വസ്തുക്കൾ പിടിക്കാനും കൈകാര്യംചെയ്യാനും പറ്റും. ഉപഭോക്താവിന്റെ പേശികളിലെ ചലനങ്ങൾ സെൻസറുകളിലൂടെ തിരിച്ചറിഞ്ഞ് കമാൻഡുകളാക്കി മാറ്റിയാണ് പ്രവർത്തനം.
പോക്കറ്റ് കാലിയാകില്ല
ഇറക്കുമതിചെയ്യുന്ന റോബോട്ടിക് കൈകൾക്ക് വിപണിയിൽ ഏഴുലക്ഷം മുതൽ 10 ലക്ഷം രൂപ വരെ വിലയുണ്ട്. ബെൻഡിറ്റയുടെ കൈകൾ 2.85 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെയേ ഉള്ളൂ. തോളിന് താഴെ മുറിച്ചുമാറ്റപ്പെട്ടവർക്കുള്ള മോട്ടറൈസ്ഡ് എൽബോ ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനത്തിന് ഏകദേശം അഞ്ചുലക്ഷം രൂപ വരും.
നേട്ടങ്ങളുടെ നെറുകയിൽ
2024-ൽ കെ.എസ്.ഐ.ഡി.സി. സംഘടിപ്പിച്ച അന്താരാഷ്ട്ര റോബോട്ടിക്‌സ് റൗണ്ട് ടേബിൾ കോൺഫറൻസിൽ മികച്ച അഞ്ച് റോബോട്ടിക് സ്റ്റാർട്ടപ്പുകളിൽ ഒന്നായി ബെൻഡിറ്റ തിരഞ്ഞെടുക്കപ്പെട്ടു. ഭാവിയിൽ ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ്, ഹ്യൂമനോയിഡ് റോബോട്ടുകൾ എന്നിവയുടെ നിർമാണത്തിലേക്കും കടക്കാനുള്ള ഗവേഷണങ്ങളിലാണ് ഈ യുവാക്കൾ.
Content Highlights: Benditta Bionics offers affordable bionic hands starting from 2.85 lakh rupees., Founded in 2021 by Rover C. Joseph and Ashiq Ansari from Idukki., The flagship product 'Angel Hand' features lightweight design and individual finger motors., Recognized among top five robotic startups at the 2024 KSIDC International Robotics Round Table Conference.