ബജാജ് ഓട്ടോയ്ക്കുനേരെ വൻ റാൻസംവെയർ ആക്രമണം; സ്ഥിരീകരിച്ച് കമ്പനി

പ്രമുഖ വാഹന നിർമാതാക്കളായ ബജാജ് ഓട്ടോയുടെയും അവരുടെ ഉപകമ്പനിയായ ബജാജ് ഓട്ടോ ടെക്‌നോളജി ലിമിറ്റഡിന്റെയും സിസ്റ്റങ്ങളിൽ റാൻസംവെയർ ആക്രമണം നടന്നതായി കമ്പനി സ്ഥിരീകരിച്ചു. ജൂൺ 23-ന് ഇന്ത്യൻസമയം രാവിലെ എട്ടുമണിയോടെയാണ് സൈബർ ആക്രമണം ഉണ്ടായത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ കമ്പനിയുടെ സാങ്കേതിക വിഭാഗവും സൈബർ സുരക്ഷാ വിദഗ്ധരും മാനേജ്‌മെന്റും ചേർന്ന് പ്രശ്നത്തിൽ ഇടപെടുകയും ആക്രമണത്തിന്റെ ആഘാതം കുറയ്ക്കുന്നതിനായി ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും സ്വീകരിക്കുകയും ചെയ്തു. ഇതുവരെ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കമ്പനി സ്വീകരിച്ച പ്രതിരോധ നടപടികൾ വിജയകരമാണെന്നും കമ്പനിയുടെ പ്രവർത്തനങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്നും ബജാജ് ഓട്ടോ അറിയിച്ചു.
എന്നാൽ, ഈ സൈബർ ആക്രമണം മൂലം കമ്പനിയുടെ ഏതെങ്കിലും വിവരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ചോ, വാഹന നിർമാണത്തെയോ മറ്റ് പ്രവർത്തനങ്ങളെയോ ഇത് എത്രത്തോളം ബാധിച്ചു എന്നതിനെക്കുറിച്ചോ കമ്പനി വ്യക്തമാക്കിയിട്ടില്ല.
ഐടി ആക്റ്റ്, 2000-ലെ വ്യവസ്ഥകൾ പ്രകാരം സൈബർ ആക്രമണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിനെ (CERT-In) ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി.
Content Highlights: Leading Indian automaker Bajaj Auto and its subsidiary Bajaj Auto Technology Limited were hit by a ransomware cyber attack on June 23, prompting the immediate deployment of defense measures and formal notification to CERT-In.