ആമസോൺ ക്ലൗഡിന്റെ പിഴവ്, 1.5 ലക്ഷം കോടി ഡോളറിന്റെ കടക്കാരനായി ഇന്ത്യക്കാരൻ, സംഭവിച്ചത് എന്ത്?

#ടെക്നോളജി ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

ഒരാൾക്ക് താൻ 1.5 ലക്ഷം കോടി ഡോളറിന്റെ കടക്കാരനാണെന്ന് അറിയുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ ഊഹിക്കാനാകുമോ? ആമസോൺ വെബ് സർവീസ് (AWS) അക്കൗണ്ട് ലോഗിൻ ചെയ്തപ്പോൾ ഒരു ഉപയോക്താവിനുണ്ടായ അനുഭവമാണിത്. എന്നാൽ ഇക്കാര്യത്തിൽ അയാൾ ഒറ്റയ്ക്കായിരുന്നില്ല; ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഉപയോക്താക്കൾക്കും സമാനമായ രീതിയിൽ കോടിക്കണക്കിന് ഡോളറിന്റെ ബില്ലുകൾ ലഭിക്കുകയുണ്ടായി. വലിയൊരു പരിഭ്രാന്തിക്കാണ് ഇത് വഴിവെച്ചത്.

ഭരത് എന്ന ഇന്ത്യക്കാരനായ ഉപയോക്താവ് തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച ബില്ലിംഗ് കൺസോൾ സ്ക്രീൻഷോട്ടിൽ 1,499,659,180,107 ഡോളറാണ് (1.5 ട്രില്യൺ ഡോളർ) പ്രതിമാസ ബില്ലായി കാണിച്ചത്. അതായത് 1,44,30,000 കോടി രൂപയിലേറെ വരുമിത്. ഈ ഭീമൻ ബിൽ കണ്ടപ്പോൾ തന്റെ ജീവൻ പോയി എന്നാണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹത്തിന്റെ ക്ലൗഡ് ഉപയോഗത്തിൽ യാതൊരു വർധനവും ഇല്ലാതിരുന്നിട്ടും, ചെലവ് ഒറ്റയടിക്ക് 744,728,201,771 ശതമാനം വർധിച്ചതായാണ് സ്ക്രീൻഷോട്ടിൽ കാണിച്ചത്.

ഈ പ്രതിസന്ധി ഇന്ത്യയിൽ മാത്രമായി ഒതുങ്ങിയില്ല. യുകെ, യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിലെ ഡെവലപ്പർമാർക്കും വിദ്യാർഥികൾക്കും ചെറുകിട ബിസിനസ്സുകാർക്കും ഈ പ്രശ്നം നേരിട്ടു. ഡൽഹിയിലെ സച്ചിൻ എന്ന വിദ്യാർഥിക്ക്, സാധാരണയായി 1.28 ഡോളർ മാത്രം വന്നിരുന്ന ബിൽ ഒറ്റയടിക്ക് 10.9 ബില്യൺ ഡോളറായി മാറി. യുകെയിലെ ഒരു ചാരിറ്റി സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന ഡാൻ ഹാർവിക്ക്, മുൻമാസം വെറും 43 സെന്റ് മാത്രം ചെലവുവന്ന ആപ്ലിക്കേഷന് 7.8 ബില്യൺ ഡോളറിന്റെ ബില്ലാണ് ലഭിച്ചത്. ഇത് കണ്ടു തനിക്ക് "ഹൃദയാഘാതം വന്ന അവസ്ഥയായിരുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്. യുകെയിലെ മറ്റൊരു ഉപയോക്താവിന് 245 ബില്യൺ ഡോളറിന്റെ ബിൽ ലഭിച്ചപ്പോൾ, റെഡ്ഡിറ്റിലെ ചില ഉപയോക്താക്കൾക്ക് 7 ട്രില്യൺ ഡോളറിനു മുകളിലുള്ള ബില്ലുകളാണ് ലഭിച്ചത്.

ആമസോണിന്റെ വിശദീകരണം

സംഭവം വലിയ വാർത്തയായതോടെ ആമസോൺ വിശദീകരണവുമായി രംഗത്തെത്തി. ഇത് യഥാർത്ഥ ബില്ലല്ലെന്നും സാങ്കേതിക തകരാർ കാരണം സംഭവിച്ചതാണെന്നും അവർ വ്യക്തമാക്കി. ബില്ലിങിനായി ഉപയോഗിക്കുന്ന യൂണിറ്റ് കൺവേർഷൻ ഡാറ്റ അപ്‌ഡേറ്റ് ചെയ്യുന്നതിലുണ്ടായ ഒരു കോൺഫിഗറേഷൻ പിഴവാണ് ഭീമമായ ബില്ലുകൾക്ക് കാരണമായത്. ഇതുകാരണം ഉപയോക്താക്കൾക്ക് തെറ്റായ ബജറ്റ് അലർട്ടുകളും നോട്ടിഫിക്കേഷനുകളും ലഭിക്കുകയായിരുന്നു. ഇത് ആരുടെയും യഥാർത്ഥ ഇൻവോയ്‌സുകളെ ബാധിച്ചിട്ടില്ലെന്നും എസ്റ്റിമേറ്റ് ഡാറ്റയിൽ മാത്രമാണ് പിഴവ് സംഭവിച്ചതെന്നും ആമസോൺ ഉറപ്പുനൽകി. ഏകദേശം രണ്ടു ദിവസത്തെ പരിശ്രമത്തിനൊടുവിൽ കമ്പനി ഈ പ്രശ്നം പൂർണ്ണമായും പരിഹരിക്കുകയും ചെയ്തു.

Content Highlights: A major technical glitch in Amazon Web Services (AWS) mistakenly displayed erroneous monthly bills running into trillions of dollars for thousands of users globally, including an Indian user who received a shock $1.5 trillion bill.