'വരുമാനം പങ്കിടണം, ഇല്ലെങ്കിൽ നികുതി'; മെറ്റയോടും ഗൂഗിളിനോടും ഓസ്ട്രേലിയ

#ടെക്‌നോളജി ഡെസ്‌ക്
ഗൂഗിള്‍ സിഇ സുന്ദര്‍ പിച്ചൈ, മെറ്റ സിഇ മാര്‍ക്ക് സക്കര്‍ബെര്‍ഗ് | Photo - AP, AFP
ഗൂഗിള്‍ സിഇ സുന്ദര്‍ പിച്ചൈ, മെറ്റ സിഇ മാര്‍ക്ക് സക്കര്‍ബെര്‍ഗ് | Photo - AP, AFP

മെൽബൺ: പ്രാദേശികമാധ്യമങ്ങളിലെ വാർത്തകൾ പങ്കുവെക്കുന്നതിന് ടെക് ഭീമന്മാരായ മെറ്റ, ഗൂഗിൾ, ടിക്ടോക് എന്നിവ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകുമെന്ന് ഉറപ്പാക്കാൻ പുതിയ നിയമനിർമാണത്തിനൊരുങ്ങി ഓസ്‌ട്രേലിയ.

ഈ കമ്പനികൾ ഓസ്‌ട്രേലിയയിൽനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന്റെ 2.25 ശതമാനം നികുതിയായി ഈടാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച കരടുനിയമം സർക്കാർ ചൊവ്വാഴ്ച പുറത്തുവിട്ടു. ജൂലായ് രണ്ടിന് ഇത് പാർലമെന്റിൽ അവതരിപ്പിക്കും. ഉള്ളടക്കം ഉപയോഗിക്കുന്നതിന് ടെക് കമ്പനികൾ മാധ്യമസ്ഥാപനങ്ങൾക്ക് പണം നൽകണമെന്ന് വ്യവസ്ഥചെയ്ത് 2021-ൽ ഓസ്‌ട്രേലിയ കൊണ്ടുവന്ന ന്യൂസ് മീഡിയ ബാർഗെയ്‌നിങ് കോഡ് പാലിക്കാൻ കമ്പനികൾ തയ്യാറാകാത്ത പശ്ചാത്തലത്തിലാണിത്.

ഈ കോഡ് അനുസരിച്ച് മാധ്യമസ്ഥാപനങ്ങളുമായി കരാറിലെത്താൻ ഗൂഗിളിനും മെറ്റയ്ക്കും ടിക്ടോക്കിനും ഒരവസരംകൂടി നൽകും. ഗുണനിലവാരമുള്ള മാധ്യമപ്രവർത്തനം നിലനിർത്താനും മാധ്യമപ്രവർത്തകർക്ക് അർഹമായ വിഹിതം ഉറപ്പാക്കാനുമാണ് നിയമം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി ആന്തണി ആൽബനീസ് പറഞ്ഞു.

അതേസമയം, വാർത്താസ്ഥാപനങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഉള്ളടക്കം പങ്കുവെക്കുന്നതെന്നും നിർബന്ധിതമായി പണം നൽകാനാവശ്യപ്പെടുന്നത് മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും മെറ്റ പ്രതികരിച്ചു. ഇതിനോടകംതന്നെ പല മാധ്യമസ്ഥാപനങ്ങളുമായി കരാറുണ്ടെന്നും മൈക്രോസോഫ്റ്റ്, ഓപ്പൺ എ.ഐ. തുടങ്ങിയ പ്ലാറ്റ്ഫോമുകളെ ഒഴിവാക്കി തങ്ങളെമാത്രം ലക്ഷ്യംവെക്കുന്നത് ശരിയല്ലെന്നുമാണ് ഗൂഗിളിന്റെ നിലപാട്.

Content Highlights: Proposed 2.25% tax on revenue generated by tech giants in Australia., Draft legislation targets Meta, Google, and TikTok to compensate local media., Legislation follows the 2021 News Media Bargaining Code., Bill scheduled for presentation in Parliament on July 2nd., Tech companies argue against mandatory payments for shared content.