ചന്ദ്രോപരിതലം തൊടാൻ അഥീന; സ്വകാര്യ ലാന്‍ഡര്‍ ഭ്രമണപഥത്തിലെത്തി, ഇറങ്ങുന്നത് വിക്രം ലാന്‍ഡറിനടുത്തോ?

ഇന്റ്യൂട്ടീവ് മെഷീന്‍സിന്റെ അഥീന ലാൻഡർ | Photo: facebook.com/IntuitiveMachines
ഇന്റ്യൂട്ടീവ് മെഷീന്‍സിന്റെ അഥീന ലാൻഡർ | Photo: facebook.com/IntuitiveMachines

ചന്ദ്രോപരിതലത്തിലേക്ക് പറന്നിറങ്ങാന്‍ വീണ്ടുമൊരു സ്വകാര്യ ലാന്‍ഡറെത്തുന്നു. ഇന്റ്യൂട്ടീവ് മെഷീന്‍സ് എന്ന യു.എസ്. ബഹിരാകാശ കമ്പനിയുടെ ഐ.എം-2 ദൗത്യത്തിന്റെ ഭാഗമായ അഥീന എന്ന ലാന്‍ഡറാണ് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്താനൊരുങ്ങുന്നത്. ഇതിന്റെ മുന്നോടിയായി ലാന്‍ഡര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. 

യു.എസ്. സമയം തിങ്കളാഴ്ച രാവിലെ 06:27-ന് എന്‍ജിനുകള്‍ 12 സെക്കന്‍ഡുകള്‍ ജ്വലിപ്പിച്ചുകൊണ്ടാണ് അഥീന ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ഇപ്പോള്‍ ചന്ദ്രനെ ചുറ്റിപ്പറക്കുന്ന ലാന്‍ഡര്‍ വ്യാഴാഴ്ചയാകും ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുക. ലാന്‍ഡിങ് സമയം നിശ്ചയിക്കാനായി ഫ്‌ളൈറ്റ് കണ്‍ട്രോളര്‍മാര്‍ ഇപ്പോള്‍ വിവരങ്ങള്‍ വിശകലനം ചെയ്തുകൊണ്ടിരിക്കുകയാണ്. 

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് അഥീന പറന്നിറങ്ങുക. ഇവിടെ ഐസ് രൂപത്തിലുള്ള വെള്ളമുണ്ടോ എന്ന് പരിശോധിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തിലെ വിക്രം ലാന്‍ഡര്‍ 2023 ഓഗസ്റ്റില്‍ വിജയകരമായി പറന്നിറങ്ങിയതും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരുന്നു. വിക്രം സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ഇടത്തുനിന്ന് അല്‍പ്പം മാത്രം അകലെയാണ് അഥീന ലാന്‍ഡ് ചെയ്യുക എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

നേരത്തേ ഞായറാഴ്ച മറ്റൊരു സ്വകാര്യ ബഹിരാകാശ കമ്പനിയായ ഫയര്‍ ഫ്‌ളൈ എയ്‌റോസ്‌പേസിന്റെ ബ്ലൂ ഗോസ്റ്റ് പേടകം വിജയകരമായി ചന്ദ്രനിലിറങ്ങിയിരുന്നു. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന രണ്ടാമത്തെ സ്വകാര്യ പേടകമായിരുന്നു ബ്ലൂ ഗോസ്റ്റ്. 2024 ഫെബ്രുവരിയില്‍ ഇന്റ്യുട്ടീവ് മെഷീന്‍സിന്റെ ഐ.എം-1 ദൗത്യത്തിന്റെ ഭാഗമായ ഒഡീസസ് പേടകമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ പേടകം. എന്നാല്‍ ഇത് പ്രതീക്ഷിച്ചതിന് വിപരീതമായി ചെരിഞ്ഞാണ് ലാന്‍ഡ് ചെയ്തത്. 

ഫെബ്രുവരി 26-ന് ഫ്‌ളോറിഡയിലെ കേപ്പ് കനവറലില്‍ വെച്ചാണ് അഥീനയുമായി സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റ് പറന്നുയര്‍ന്നത്.

Content Highlights: Private Athena moon lander enters lunar orbit ahead of March 6 touchdown try