നാല് സഞ്ചാരികൾ ISS-നിന്ന് തിരിച്ചെത്തി; ദൗത്യം അവസാനിപ്പിച്ച് മടങ്ങേണ്ടിവന്നത് എന്തുകൊണ്ട്?

#ടെക്‌നോളജി ഡെസ്‌ക്
1. ബഹിരാകാശപേടകം വീണ്ടെടുത്തപ്പോള്‍ 2. സഞ്ചാരികള്‍ പേടകത്തില്‍നിന്ന് പുറത്തിറങ്ങുന്നു. | Photo - NASA
1. ബഹിരാകാശപേടകം വീണ്ടെടുത്തപ്പോള്‍ 2. സഞ്ചാരികള്‍ പേടകത്തില്‍നിന്ന് പുറത്തിറങ്ങുന്നു. | Photo - NASA

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്ന് ദൗത്യം വെട്ടിച്ചുരുക്കി മടങ്ങിയ നാല് ബഹിരാകാശ സഞ്ചാരികൾ ഭൂമിയിൽ തിരിച്ചെത്തി. സഞ്ചാരിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് മുൻനിശ്ചയിച്ചതിലും നേരത്തേ ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങുന്നത് ഐഎസ്എസ്സിന്റെ ചരിത്രത്തിൽ ആദ്യമായാണ്.

നാസയുടെ മൈക്ക് ഫിൻകെ, സീന കാർഡ്മാൻ, ജപ്പാനിൽനിന്നുള്ള കിമിയ യൂയി, റഷ്യയുടെ ഒലെഗ് പ്ലാറ്റോനോവ് എന്നിവർ പേടകത്തിൽനിന്ന് പുറത്തിറങ്ങുന്നതിന്റെ ചിത്രങ്ങൾ നാസ പുറത്തുവിട്ടു. ക്രൂ-11 എന്നറിയപ്പെടുന്ന സംഘം കാലിഫോർണിയ തീരത്തിനടുത്തുള്ള സ്പ്ലാഷ് ഡൗണിനു ശേഷം വൈദ്യപരിശോധനകൾക്ക് വിധേയരാകും. ഐ.എസ്.എസിന്റെ നിയന്ത്രണം മറ്റ് ദൗത്യസംഘാംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.

ഒരു ബഹിരാകാശ യാത്രികനുണ്ടായ ആരോഗ്യപരമായ പ്രശ്‌നത്തെത്തുടർന്നാണ് ക്രൂ-11 ന്റെ യാത്ര നേരത്തെ അവസാനിപ്പിച്ചതെന്ന് നാസ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ നാസ പുറത്തുവിട്ടിട്ടില്ലെങ്കിലും, യാത്രികൻ സുരക്ഷിതനാണെന്ന് ഏജൻസി വ്യക്തമാക്കി. ബഹിരാകാശ യാത്രികർ ഓഗസ്റ്റ് ഒന്നിനാണ് ഐഎസ്എസിൽ എത്തിയത്. ആറ് മാസത്തെ ദൗത്യം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.  അതിനിടെ, കഴിഞ്ഞയാഴ്ച നിശ്ചയിച്ചിരുന്ന ബഹിരാകാശ നടത്തം അവസാന നിമിഷം രണ്ട് യാത്രികർ റദ്ദാക്കി. മണിക്കൂറുകൾക്ക് ശേഷം യാത്രികരിൽ ഒരാൾക്ക് സുഖമില്ലെന്ന് നാസ വെളിപ്പെടുത്തി.

ഭൂമിക്ക് 250 മൈൽ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷൻ (ISS) ഒരു ദിവസം ഭൂമിയെ 16 തവണയാണ് ചുറ്റുന്നത്. മണിക്കൂറിൽ 17,500 മൈൽ വേഗത്തിലാണ് ഇതിന്റെ സഞ്ചാരം. അഞ്ച് ബഹിരാകാശ ഏജൻസികൾ പ്രവർത്തിപ്പിക്കുന്ന നിലയം വിശാലമായ ശാസ്ത്രീയ ഗവേഷണങ്ങളാണ് നടത്തുന്നത്. നാമമാത്രമായ മെഡിക്കൽ ഉപകരണങ്ങൾ നിലയത്തിൽ ലഭ്യമാണ്. ദൗത്യ സംഘാംഗങ്ങളുടെ ചെറിയ ആരോഗ്യ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യാൻ യാത്രികർക്ക് പരിശീലനം നൽകിയിട്ടുമുണ്ട്. പക്ഷേ ഡോക്ടർ ഓൺബോർഡ് ഇല്ല എന്നതുകൊണ്ടാണ് ആരോഗ്യ പ്രശ്‌നത്തെത്തുടർന്ന് യാത്രികർക്ക് ഭൂമിയിലേക്ക് മടങ്ങേണ്ടിവന്നത്. നാലംഗ സംഘം നേരത്തെ മടങ്ങുന്നതുകാരണം ഫെബ്രുവരിയിൽ മറ്റൊരാൾ കൂടി എത്തുന്നത് വരെ നിലയത്തിൽ മൂന്ന് യാത്രികർ മാത്രമായി ചുരുങ്ങും.

മുമ്പ് രണ്ട് തവണ മാത്രമാണ് ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് ബഹിരാകാശ ദൗത്യങ്ങൾ നേരത്തെ അവസാനിപ്പിക്കേണ്ടി വന്നിട്ടുള്ളത്. 1985-ൽ റഷ്യൻ സഞ്ചാരിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതിനെത്തുടർന്ന് സല്യൂട്ട് 7 ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൗത്യം നാല് മാസം മുൻപേ അവസാനിപ്പിക്കേണ്ടി വന്നു. 1987 ൽ, ഹൃദയമിടിപ്പിലെ അസ്വാഭാവികത കാരണം സോവിയറ്റ് ബഹിരാകാശ സഞ്ചാരി അലക്‌സാണ്ടർ ലവൈക്കിന് മിർ ബഹിരാകാശ നിലയം നേരത്തെ വിടേണ്ടി വന്നിരുന്നു.

Content Highlights: Four astronauts evacuated from the ISS have landed on Earth after their mission was cut short by a month due to a medical issue. Learn more about the early return.