നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ ഭ്രമണംചെയ്യുന്ന ഭൂമി; വിസ്മയിപ്പിക്കുന്ന വീഡിയോ പങ്കുവെച്ച് ശുഭാംശു

ലക്ഷക്കണക്കിന് പ്രകാശവർഷം അകലെയുള്ള നക്ഷത്രങ്ങളുടെ പശ്ചാത്തലത്തിൽ ഭ്രമണം ചെയ്യുന്ന ഭൂമിയുടെ വിസ്മയകരമായ ടൈം-ലാപ്സ് വീഡിയോ പങ്കുവെച്ച് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല. ഗഗൻയാൻ ദൗത്യത്തിനായി തയ്യാറെടുക്കുന്ന തിരക്കിനിടയാണ് പുതുവത്സര ദിനത്തിൽ അദ്ദേഹം സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചത്. 2024 ലെ ആക്‌സിയം-4 ദൗത്യത്തിനിടെ പകർത്തിയതാണ് ഈ വീഡിയോ.
Timelapse is perhaps the most elegant way to witness Earth in motion—its constant restlessness. What never ceases to amaze me is that no matter how many times you circle the planet, the view is never the same. Sometimes the geography changes, sometimes the hour turns from day to… pic.twitter.com/hlSuf62Pln
— Shubhanshu Shukla (@gagan_shux) January 1, 2026
ആക്‌സിയം ദൗത്യത്തിനിടെ മൂന്ന് ബഹിരാകാശ സഞ്ചാരികൾക്കൊപ്പം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 18 ദിവസം ചെലവഴിച്ച അദ്ദേഹം വിവിധ പരീക്ഷണങ്ങളിൽ പങ്കാളിയായിരുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും.1984 ൽ ബഹിരാകാശ യാത്ര നടത്തിയ രാകേഷ് ശർമയാണ് ബഹിരാകാശത്തുപോയ ആദ്യ ഇന്ത്യക്കാരൻ.
ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി ശുഭാംശു അടക്കമുള്ളവർ 2025 ജൂൺ 26-നാണ് നിലയത്തിലെത്തിയത്. വിത്തുമുളപ്പിക്കൽ, അസ്ഥികളുടെയും പേശികളുടെയും ബഹിരാകാശത്തെ പ്രവർത്തനം, മൈക്രോആൽഗകൾ ഗുരുത്വാകർഷണമില്ലായ്മയോട് എങ്ങനെ പ്രതികരിക്കുന്നു തുടങ്ങി ഐഎസ്ആർഒയ്ക്കുവേണ്ടി ഏഴ് പരീക്ഷണങ്ങൾ ശുഭാംശു നിലയത്തിൽ പൂർത്തിയാക്കി.
വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റനാണ് യുപി സ്വദേശിയായ ശുഭാംശു. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ (യുഎസ്), സ്ലാവോസ് ഉസ്നൻസ്‌കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായ മറ്റുള്ളവർ. 2027ൽ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുള്ള നാലംഗ ടീമിൽ ശുഭാംശു ശുക്ലയെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Witness Earth`s captivating rotation from space! Astronaut Shubhashu Shukla shares a stunning timelapse of our planet, captured during the Axiom-4 mission.