ആപ്പിളിന്റെ 'N50' സ്മാർട് ഗ്ലാസ് വരുന്നു; മെറ്റയുടെ റേ-ബാൻ സ്മാർട് ഗ്ലാസുകൾക്ക് വെല്ലുവിളി

ആപ്പിൾ സ്മാർട് ഗ്ലാസ് വിപണിയിലേക്ക് കടക്കാൻ ഒരുങ്ങുന്നു. സ്വന്തമായി സ്മാർട് ഗ്ലാസുകൾ വികസിപ്പിക്കുന്നതിനായി ആപ്പിൾ കുറച്ചുകാലമായി പ്രവർത്തിച്ചുവരികയാണെന്നാണ് റിപ്പോർട്ടുകൾ. മെറ്റയുടെ റേ-ബാൻ സ്മാർട് ഗ്ലാസുകൾക്ക് (Meta Ray-Ban) വെല്ലുവിളി ഉയർത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. സിരി എഐയുടെ സാന്നിധ്യമായിരിക്കും ഇതിന്റെ പ്രധാന സവിശേഷത.
ബ്ലൂംബെർഗിന്റെ റിപ്പോർട്ട് പ്രകാരം, സ്മാർട് ഗ്ലാസുകളുമായി ഉപയോക്താക്കൾക്ക് സംവദിക്കാനുള്ള പ്രധാന മാർഗമായി സിരി എഐയെ അവതരിപ്പിക്കാനാണ് ആപ്പിളിന്റെ പദ്ധതി. എൻ50 (N50) എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന ഈ സ്മാർട് ഗ്ലാസിന് ക്യാമറകൾ, മൈക്രോഫോണുകൾ, സ്പീക്കറുകൾ എന്നിവയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ വിപണിയിലുള്ള മറ്റ് സ്മാർട് ഗ്ലാസുകൾക്ക് സമാനമായ രൂപകല്പനയായിരിക്കും.
തങ്ങളുടെ ഡെവലപ്പർ ഇക്കോസിസ്റ്റത്തിലൂടെ ആപ്പിളിന്റെ സ്മാർട് ഗ്ലാസ് ഫീച്ചറുകൾ വേറിട്ടതാക്കാനാണ് ആപ്പിൾ ശ്രമിക്കുന്നത്. നിലവിലുള്ള ഐഫോൺ ആപ്പുകളിലെ പ്രത്യേക ഫീച്ചറുകൾ സിരിയിലൂടെ ലഭ്യമാക്കാൻ ഡെവലപ്പർമാരോട് ആപ്പിൾ ആവശ്യപ്പെടും. ഇതുവഴി ആപ്പുകൾ തുറക്കാതെയും ഫോണെടുക്കാതെയും ശബ്ദനിർദേശങ്ങളിലൂടെ സ്മാർട് ഗ്ലാസിന്റെ സഹായത്തോടെ വിവിധ ജോലികൾ പൂർത്തിയാക്കാൻ ഉപയോക്താക്കൾക്ക് സാധിക്കും. ഐഒഎസ് 27.3-ന്റെ ആദ്യ ബീറ്റ പതിപ്പിലൂടെ സിരിയിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കാനുള്ള ശ്രമങ്ങൾക്ക് ആപ്പിൾ തുടക്കമിട്ടതായും റിപ്പോർട്ടിൽ പറയുന്നു.
വൈഫൈ പിന്തുണയോടെയായിരിക്കും ഗ്ലാസുകൾ എത്തുകയെന്നും റിപ്പോർട്ടുണ്ട്. ഇതിനാൽ ഐഫോൺ സമീപത്തില്ലെങ്കിലും ചില തേർഡ് പാർട്ടി ആപ്പുകളുടെ ഫീച്ചറുകൾ ഉപയോഗിക്കാൻ സാധിക്കും. എന്നാൽ, ആൻഡ്രോയിഡ് ഫോണുകളെ പിന്തുണയ്ക്കാൻ സാധ്യതയില്ലെന്നാണ് സൂചന.
ഒന്നിലധികം സ്മാർട് ഗ്ലാസ് മോഡലുകൾ ആപ്പിൾ വികസിപ്പിക്കുന്നുണ്ടെന്നാണ് വിവരം. എന്നാൽ ആദ്യ മോഡലിൽ ഓഗ്മെന്റഡ് റിയാലിറ്റി (AR) ഡിസ്പ്ലേ ഉണ്ടാകില്ലെന്നാണ് സൂചന. അതുകൊണ്ടുതന്നെ ഈ സ്മാർട് ഗ്ലാസിനെ 'മുഖത്ത് ധരിക്കുന്ന എയർപോഡുകൾ' (AirPods for your face) എന്നാണ് കമ്പനിയിലെ ജീവനക്കാർ വിശേഷിപ്പിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിഷൻ പ്രോയിലെ വിഷൻഒഎസ് 28-ന്റെ പരിഷ്കരിച്ച പതിപ്പിലായിരിക്കും ഇന്റേണൽ പ്രോട്ടോടൈപ്പുകൾ പ്രവർത്തിക്കുക. പഴയ ആപ്പിൾ വാച്ച് ചിപ്പുകളെ അടിസ്ഥാനമാക്കി വികസിപ്പിച്ച പ്രത്യേക പ്രോസസറായിരിക്കും ഇതിൽ ഉപയോഗിക്കുക. മെറ്റയുടെ രണ്ടാം തലമുറ റേ-ബാൻ ഗ്ലാസുകളേക്കാൾ അല്പം കനം കുറഞ്ഞതായിരിക്കും ആപ്പിളിന്റെ ഗ്ലാസുകൾ. ഓവൽ ആകൃതിയിലുള്ള, ഫ്രെയിമിനോട് ചേർന്നുനിൽക്കുന്ന ക്യാമറ ഓപ്പണിങ്ങുകളും മുൻവശത്ത് ഇൻഡിക്കേറ്റർ ലൈറ്റും ഉണ്ടാകും. വിവിധ നിറങ്ങളിലും ഗ്ലാസുകൾ ലഭ്യമാക്കാനാണ് സാധ്യത.
ക്യാമറകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന വിഷ്വൽ ഇന്റലിജൻസ് (Visual Intelligence) ആയിരിക്കും മറ്റൊരു പ്രധാന സവിശേഷത. കെട്ടിടങ്ങൾ തിരിച്ചറിയുക, ഫ്രിഡ്ജിനുള്ളിലെ ചേരുവകൾ കണ്ട് ഭക്ഷണവിഭവങ്ങൾ നിർദേശിക്കുക, സംഭാഷണങ്ങളും ബോർഡുകളിലെ എഴുത്തുകളും തർജമ ചെയ്യുക, സമീപത്തുള്ള വസ്തുക്കളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുക തുടങ്ങിയ കാര്യങ്ങൾ ഇതിലൂടെ സാധ്യമാകും. ഇതിനുപുറമെ നാവിഗേഷൻ, ഫോൺ കോളുകൾ, സന്ദേശങ്ങൾ, നോട്ടിഫിക്കേഷനുകൾ, കലണ്ടർ, റിമൈൻഡറുകൾ, സംഗീതം, സ്മാർട് ഹോം ഉപകരണങ്ങളുടെ നിയന്ത്രണം തുടങ്ങിയ സൗകര്യങ്ങളും ഗ്ലാസിലുണ്ടാകും. സ്വകാര്യതാ സംവിധാനങ്ങളും ഉൾപ്പെടുത്തും.
ഈ സ്മാർട് ഗ്ലാസുകളുടെ ഹാർഡ്വേർ വികസനം ഏറെക്കുറെ പൂർത്തിയായതായാണ് റിപ്പോർട്ട്. എന്നാൽ സോഫ്റ്റ്വേർ വികസനം പിന്നിലാണ്. അതിനാൽ പുറത്തിറക്കൽ വൈകാനും സാധ്യതയുണ്ട്. അടുത്ത വർഷം ജൂണിൽ നടക്കുന്ന ഡബ്ല്യുഡബ്ല്യുഡിസി 2027 (WWDC 2027) സമ്മേളനത്തിൽ ഗ്ലാസുകൾ ആദ്യമായി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights: Apple is developing its own AI-powered smart glasses, codenamed N50, to compete directly with Meta Ray-Ban glasses using Siri AI and Visual Intelligence. Featuring built-in cameras, microphones, and Wi-Fi support without an AR display, the device is expected to debut at WWDC 2027.