കമ്പ്യൂട്ടർ ജനപ്രിയമാക്കി, ഗ്രാഫിക്കൽ യൂസർ ഇന്റർഫേസിന് പിന്നിലെ ബിൽ അറ്റ്കിൻസൺ അന്തരിച്ചു

ബില്‍ അറ്റ്കിന്‍സണ്‍ | Photo -  @davekopec
ബില്‍ അറ്റ്കിന്‍സണ്‍ | Photo - @davekopec

കമ്പ്യൂട്ടറുകള്‍ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ബില്‍ അറ്റ്കിന്‍സണ്‍ (74) അന്തരിച്ചു. ലിസ, മാക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ലഭ്യമാക്കിയ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസിന് പിന്നില്‍ പ്രധാന പങ്കുവഹിച്ച ആപ്പിള്‍ കമ്പ്യൂട്ടര്‍ ഡിസൈനര്‍ ആയിരുന്നു അദ്ദേഹം. പാന്‍ക്രിയാറ്റിക് കാന്‍സറാണ് മരണകാരണമെന്ന് കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്.

1980-കളുടെ തുടക്കത്തില്‍ മാക്കിന്റോഷിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട്  പ്രവര്‍ത്തിക്കുന്ന കാലത്ത് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്‌സുമായി അടുത്ത ബന്ധമുണ്ടായിരുന്ന വ്യക്തിയാണ്. ലിസ, മാക്കിന്റോഷ് കമ്പ്യൂട്ടറുകളുടെ അടിസ്ഥാന സോഫ്റ്റ്വെയര്‍ ലെയറായ ക്വിക്ക് ഡ്രോയുടെ പിന്നിലെ പ്രോഗ്രാമറായിരുന്നു. ചെറിയ പ്രോഗ്രാമുകളുടെ ഈ ലൈബ്രറി സ്‌ക്രീനില്‍ രൂപങ്ങള്‍, ടെക്സ്റ്റ്, ചിത്രങ്ങള്‍ എന്നിവ കാര്യക്ഷമമായി ഉള്‍പ്പെടുത്തി
കമ്പ്യൂട്ടറുകളുടെ ഹാര്‍ഡ്‌വെയറില്‍ ഉള്‍ച്ചേര്‍ത്ത ക്വിക്ക് ഡ്രോ, ഫോള്‍ഡറുകള്‍, ഫയലുകള്‍, ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള ഐക്കണുകളുള്ള ഒരു സിമുലേറ്റഡ് ഡെസ്‌ക്ടോപ്പ് അവതരിപ്പിച്ച് ഗ്രാഫിക്കല്‍ ഇന്റര്‍ഫേസ് നല്‍കി.

ഗ്രാഫിക്കല്‍ കമ്പ്യൂട്ടിംഗിലെ പ്രധാന ഘടകങ്ങളായ 'പുള്‍-ഡൗണ്‍' മെനുകളും, മൗസ് ബട്ടണ്‍ രണ്ടുതവണ ക്ലിക്കുചെയ്ത് ഫയലുകളും ആപ്ലിക്കേഷനുകളും തുറക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന 'ഡബിള്‍-ക്ലിക്ക്' ജെസ്റ്ററും കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് അറ്റ്കിന്‍സണിന് വ്യാപകമായി നല്‍കപ്പെടുന്നു.

1984 ജനുവരിയില്‍ മാക്കിന്റോഷ് പുറത്തിറങ്ങുന്നതിന് മുമ്പ്, മിക്ക പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ടെക്സ്റ്റ് അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ഇതില്‍ സങ്കീര്‍ണ്ണമായ കമാന്‍ഡുകള്‍ ടൈപ്പ് ചെയ്യേണ്ടിയിരുന്നു. ഗ്രാഫിക്‌സ് ഒരു ഘടകം ആയിരുന്നില്ല. മൗസ് പോയിന്റിംഗ് ഉപകരണങ്ങള്‍ സാധാരണമായിരുന്നില്ല. 1983 ജനുവരിയില്‍ പുറത്തിറങ്ങിയ ആപ്പിളിന്റെ ലിസ കമ്പ്യൂട്ടറിന് വേണ്ടിയാണ് ക്വിക്ക് ഡ്രോ വികസിപ്പിച്ചത്. ലിസ ബിസിനസ്സ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാവുന്ന സവിശേഷതകള്‍ ആദ്യകാലത്ത് നല്‍കിയിരുന്നുവെങ്കിലും, അതിന്റെ ഉയര്‍ന്ന വില പരാജയത്തിലേക്ക് നയിച്ചു. ക്വിക്ക് ഡ്രോ താമസിയാതെ മാക്കിന്റോഷിന്റെ വിജയകരമായ ഗ്രാഫിക്കല്‍ ഇന്റര്‍ഫേസിന് അടിസ്ഥാനമായി. കമ്പ്യൂട്ടിംഗിനോടുള്ള ഈ സമീപനം ഉടലെടുത്തത് 1970-കളില്‍ സിറോക്‌സിന്റെ പാലോ ആള്‍ട്ടോ റിസര്‍ച്ച് സെന്ററില്‍ കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനായ അലന്‍ കെയുടെ നേതൃത്വത്തില്‍ നടന്ന 'ഡൈനാബുക്ക്' പദ്ധതിയില്‍ നിന്നാണ്.

മാക്കിന്റോഷ് പുറത്തിറങ്ങിയ ശേഷം, ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോ എന്നിവ ലളിതമായ ഒരു ഡാറ്റാബേസില്‍ ഒരുമിപ്പിക്കുന്ന ഒരു പ്രോഗ്രാം ആയ ഹൈപ്പര്‍ കാര്‍ഡിന് അറ്റ്കിന്‍സണ്‍ രൂപം നല്‍കി. ഈ സോഫ്റ്റ്വെയര്‍ വേള്‍ഡ് വൈഡ് വെബിന്റെ ഒരു പ്രധാന മുന്നോടിയായി മാറി. അറ്റ്കിന്‍സണ്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോബയോളജിയില്‍ പിഎച്ച്ഡി ചെയ്യുന്ന കാലത്താണ് ആപ്പിളിന്റെ 51-ാമത്തെ ജീവനക്കാരനാകാന്‍ ജോബ്‌സ് അദ്ദേഹത്തെ ക്ഷണിച്ചത്. 1980-കളുടെ തുടക്കത്തില്‍ മാക്കിന്റോഷില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നു. 

ആപ്പിള്‍ സിഇഒ ടിം കുക്ക് അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 'ബില്‍ അറ്റ്കിന്‍സന്റെ വിയോഗത്തില്‍ അഗാധമായി ദുഃഖിക്കുന്നു. അദ്ദേഹമൊരു യഥാര്‍ഥ ദീര്‍ഘദര്‍ശിയായിരുന്നു, അദ്ദേഹത്തിന്റെ സര്‍ഗാത്മകതയും, മാക്കിലുള്ള മികച്ച പ്രവര്‍ത്തനങ്ങളും ഞങ്ങള്‍ക്ക് എപ്പോഴും പ്രചോദനമാകും. ഞങ്ങളുടെ ചിന്തകള്‍ അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടൊപ്പമാണ്, ടിം കുക്ക് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Content Highlights: apple computer designer bill atkinson dead