പുതിയ എയർപോഡ് വരുന്നു; ക്യാമറ ചിത്രവും വീഡിയോയും പകർത്താനല്ല, സിരിക്കുവേണ്ടി

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

ക്യാമറകളുള്ള ആപ്പിൾ എയർപോഡുകൾ വരുന്നു. അടുത്തിടെയായി അഭ്യൂഹങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ഇവ വികസനത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കമ്പനിയിലെ ജീവനക്കാർ ഇതിനോടകം ഇതിന്റെ മാതൃകകൾ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

ഇവ ഡിസൈൻ വാലിഡേഷൻ ടെസ്റ്റിങ് ഘട്ടത്തിലാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ടു ചെയ്യുന്നു. ആദ്യഘട്ട ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പുള്ള അവസാനത്തെ പരിശോധനകളിൽ ഒന്നാണിത്. ഹാർഡ്‌വെയർ ഏകദേശം പൂർത്തിയായെന്നാണ് പുറത്തുവരുന്ന വിവരം. ഇടത്, വലത് ബഡ്ഡുകളിലാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്.

ക്യാമറ ചിത്രങ്ങളോ വീഡിയോകളോ പകർത്താനുള്ളതല്ല

ഈ ക്യാമറകൾ ഐഫോണിലെ ക്യാമറയ്ക്ക് പകരമായി ഉള്ളവയല്ല. മുന്നിലുള്ള കാര്യങ്ങളെക്കുറിച്ച് സിരിക്ക് വിവരങ്ങൾ നൽകാൻ സഹായിക്കുന്ന ലോ-റെസല്യൂഷൻ ചിത്രങ്ങൾ പകർത്താനുള്ളതാണ്. ഉദാഹരണത്തിന് എയർപോഡ് ചെവിയിൽ വെച്ചുകൊണ്ട് ഫ്രിഡ്ജിലേക്ക് നോക്കി അത്താഴത്തിന് എന്തുണ്ടാക്കാമെന്ന് സിരിയോട് ചോദിക്കാം. പരിചയമില്ലാത്ത ഒരു പ്രദേശത്തുകൂടി സഞ്ചരിക്കുമ്പോൾ ഇനി മുന്നിലുള്ള സ്ഥലത്തിന്റെ പേര് അടക്കമുള്ള സൂചനകൾ നൽകും. ഷോപ്പിംഗ് ലിസ്റ്റിലുള്ള ഏതെങ്കിലും ഉത്പന്നം കാണുമ്പോൾ ഓർമ്മിപ്പിക്കാനുള്ള സംവിധാനവും ആപ്പിൾ പരീക്ഷിക്കുന്നുണ്ട്. ഡേറ്റ ക്ലൗഡിലേക്ക് അയക്കുമ്പോഴെല്ലാം തെളിയുന്ന ഒരു ചെറിയ LED ലൈറ്റ് ആപ്പിൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യത സംബന്ധമായ ആശങ്കകൾ പരിഹരിക്കാനാണിത്.

2026 ആദ്യ പകുതിയോടെ ഈ എയർപോഡുകൾ വിപണിയിലെത്തിക്കാനാണ് ആപ്പിൾ ആദ്യം പദ്ധതിയിട്ടിരുന്നത്. പുതിയ എഐ സംവിധാനങ്ങൾ പിന്തുണയ്ക്കുന്ന സിരി തയ്യാറാകാത്തതിനെത്തുടർന്ന് പദ്ധതി വൈകി. ആൽഫബെറ്റിന്റെ ജെമിനി മോഡലുകൾ ഉപയോഗിച്ച് അപ്ഗ്രേഡ് ചെയ്ത സിരി ആപ്പിൾ സെപ്റ്റംബറിൽ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ്. ഈ ഇയർബഡുകളും അതേ സമയത്ത് പുറത്തിറങ്ങിയേക്കാം. പരീക്ഷണ ഫലങ്ങൾ തൃപ്തികരമല്ലെങ്കിൽ ആപ്പിൾ ഇത് കൂടുതൽ വൈകിപ്പിക്കാനും സാധ്യതയുണ്ട്.

Content Highlights: AirPods prototypes with integrated cameras are currently in DVT stage., Cameras are designed for Siri context awareness, not photography., Features include smart cooking suggestions and real-time navigation., 2026 launch window dependent on AI-powered Siri readiness., Integrated privacy LED indicator included for visual data processing.