സോഫ്റ്റ്‌വേർ എൻജിനിയർമാരുടെ ഭാവി അപകടത്തിലോ? 95% ജോലിയും ഇനി മനുഷ്യർ ചെയ്യേണ്ടതില്ലെന്ന് ആന്ത്രോപിക്

നിർമിത ബുദ്ധി (Artificial Intelligence) സോഫ്റ്റ്‌വേർ എൻജിനിയറിങ് മേഖലയെ സമൂലമായി കയ്യടക്കുന്നതിന് മുമ്പ് കോഡിങ് ജോലികൾ പൂർണമായും ഏറ്റെടുക്കുമെന്ന് ആന്ത്രോപിക് സി.ഇ.ഒ. ഡാരിയോ അമോഡെ. ഇന്ത്യൻ സംരംഭകനായ നിഖിൽ കാമത്തിന്റെ പോഡ്കാസ്റ്റിൽ എഐയും ഭാവിയും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, വരാനിരിക്കുന്ന വർഷങ്ങളിൽ മനുഷ്യകേന്ദ്രീകൃതമായ കഴിവുകളും വിമർശനാത്മക ചിന്തയും എഐ കേന്ദ്രീകൃത വ്യവസായങ്ങളുമെല്ലാം ഏറെ മൂല്യവത്താവുമെന്നും അദ്ദേഹം പറയുന്നു.
എഐ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ പോകുന്ന മേഖലകളിലൊന്ന് സോഫ്റ്റ്‌വേർ വികസനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "ആദ്യം ഇല്ലാതാകാൻ പോകുന്നത് കോഡിങ് ആണ്. വലിയ സോഫ്റ്റ്‌വേർ എൻജിനിയറിങ് ജോലികൾ ഏറ്റെടുക്കുന്നതിന് മുൻപ് തന്നെ എഐ മോഡലുകൾ കോഡിങ് പൂർണമായും ഓട്ടോമേറ്റ് ചെയ്യും," അമോഡെ വ്യക്തമാക്കുകയുണ്ടായി.
സോഫ്റ്റ്‌വേർ എൻജിനിയറിങ് പൂർണ്ണമായി ഓട്ടോമേറ്റ് ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്ന് പറഞ്ഞ അദ്ദേഹം, പ്രൊഡക്ട് ഡിസൈൻ, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ മനസ്സിലാക്കൽ, വിപണിയിലെ സാധ്യതകൾ കണ്ടെത്തൽ, എഐ സിസ്റ്റങ്ങളെ നിയന്ത്രിക്കൽ തുടങ്ങിയ കാര്യങ്ങളിൽ മനുഷ്യന്റെ ഇടപെടൽ തുടർന്നും ആവശ്യമായി വരുമെന്നും കൂട്ടിച്ചേർത്തു. മനുഷ്യർ 5% ജോലി മാത്രം ചെയ്യുകയും ബാക്കി 95% എഐ ചെയ്യുകയും ചെയ്താൽ ഉത്പാദനക്ഷമത 20 മടങ്ങ് വർധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എഐയോട് മത്സരിക്കുന്നതിന് പകരം അതിനെ പിന്തുണയ്ക്കുന്ന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് യുവാക്കൾക്ക് അദ്ദേഹം നൽകുന്ന ഉപദേശം. അർധചാലകം (Semiconductor) സാങ്കേതികവിദ്യ, ഭൗതിക ലോകവുമായി ബന്ധപ്പെട്ട പരമ്പരാഗത എൻജിനിയറിങ് മേഖലകൾ, മനുഷ്യരുമായി നേരിട്ട് ഇടപഴകുന്ന ജോലികൾ എന്നിവയ്ക്ക് ഭാവിയിൽ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം വിലയിരുത്തുന്നു.
എഐ സൃഷ്ടിക്കുന്ന വ്യാജ ചിത്രങ്ങളും വീഡിയോകളും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ, 'ക്രിട്ടിക്കൽ തിങ്കിംഗ്' അഥവാ വിമർശനാത്മക ചിന്താശേഷി ഭാവിയിൽ ഏറ്റവും അനിവാര്യമായ കഴിവുകളിലൊന്നായി മാറുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
എഐയുടെ അശ്രദ്ധമായ ഉപയോഗം മനുഷ്യന്റെ കഴിവുകൾ കുറയാൻ കാരണമാകുമെന്നും, വിദ്യാർത്ഥികൾ അസൈൻമെന്റുകൾ ചെയ്യാൻ എഐ ഉപയോഗിക്കുന്നത് കോപ്പിയടിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ അത് മനുഷ്യന്റെ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എഐ ടൂളുകൾ മികച്ച രീതിയിൽ ഉപയോഗിക്കാൻ പ്രായോഗിക പരിശീലനമാണ് ഏറ്റവും ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി. കോഡിംഗ് പരിചയമില്ലാത്തവർക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിൽ ടൂളുകൾ ലളിതമാക്കാനുള്ള ശ്രമങ്ങൾ ആന്ത്രോപിക് നടത്തിവരികയാണെന്നും ഡാരിയോ അമോഡേ കൂട്ടിച്ചേർത്തു.
Content Highlights: Anthropic CEO Dario Amodei stated in Nikhil Kamath's podcast that AI will fully automate coding jobs before taking over broader software engineering, boosting productivity 20-fold while highlighting that critical thinking and human-centric skills will become highly valuable.