നിർമിതബുദ്ധി ഭീഷണിയാവരുത്; എഐ വികസനത്തിന് ആഗോള ഏകോപനവും നിയന്ത്രണങ്ങളും വേണമെന്ന് ആന്ത്രോപിക്

ഭീഷണികൾ കൈകാര്യം ചെയ്യാൻ സമൂഹത്തിന് സാധിക്കുന്നതിനേക്കാൾ വേഗത്തിൽ സ്വയം പരിഷ്കരിക്കാനും കഴിവുകൾ വർധിപ്പിക്കാനും കഴിവുള്ള നിർമിത ബുദ്ധി സംവിധാനങ്ങൾ വികസിപ്പിക്കുന്നത് മന്ദഗതിയിലാക്കാനും താത്കാലികമായി നിർത്തിവെക്കാനും ഒരു ഏകോപിതവും വിശ്വാസ്യവുമായ സംവിധാനം ആവശ്യമാണെന്ന് പ്രമുഖ നിർമിത ബുദ്ധി കമ്പനിയായ ആന്ത്രോപിക് (Anthropic) വ്യക്തമാക്കുന്നു.
നിർമിത ബുദ്ധി (AI) സ്വന്തമായി അതിന്റെ പിൻഗാമികളെ നിർമിക്കാൻ പ്രാപ്തമായാൽ, അത് സാങ്കേതിക ചരിത്രത്തിലെ വലിയൊരു കുതിച്ചുചാട്ടമായിരിക്കും. എന്നാൽ അത് അത്തരം നിർമിത ബുദ്ധി സംവിധാനങ്ങൾക്കുമേലുള്ള മനുഷ്യന്റെ നിയന്ത്രണം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കമ്പനി മുന്നറിയിപ്പ് നൽകുന്നു. അതിനാൽ നാം അവയെ നിരീക്ഷിക്കേണ്ടതും സുരക്ഷ ഒരുക്കേണ്ടതും അവയുടെ പെരുമാറ്റം രൂപവത്കരിക്കുന്നതുമെല്ലാം ഏറെ പ്രധാനപ്പെട്ടതായി മാറും.
കഴിഞ്ഞ മേയ് മാസത്തെ കണക്കനുസരിച്ച് ആന്ത്രോപിക്കിന്റെ കോഡ്ബേസിലേക്ക് കൂട്ടിച്ചേർത്ത 80 ശതമാനത്തിലധികം കോഡുകളും അവരുടെ നിർമിത ബുദ്ധി മോഡലായ 'ക്ലോഡ്' (Claude) തന്നെയാണ് തയ്യാറാക്കിയത് എന്ന് കമ്പനി വ്യക്തമാക്കുന്നു.
ഈ അതിസാങ്കേതിക സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിനൊപ്പം സാമൂഹിക സംവിധാനങ്ങൾക്കും ഗവേഷണങ്ങൾക്കും എത്തിച്ചേരാനാകുംവിധം നിർമിത ബുദ്ധി വികസന പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവെക്കാനോ മെല്ലെയാക്കാനോ ഉള്ള ഒരു മാർഗം ലോകത്തിന് മുന്നിൽ ഉണ്ടാകുന്നത് നല്ലതായിരിക്കുമെന്ന് ആന്ത്രോപിക് പറഞ്ഞു.
എന്നാൽ, ഒരു കമ്പനി മാത്രമായി ഏകപക്ഷീയമായി ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് വലിയ പ്രയോജനം ചെയ്യില്ല എന്നും സുരക്ഷാ മാനദണ്ഡങ്ങൾ കുറഞ്ഞ മറ്റ് കമ്പനികൾ മുന്നേറുന്നത് സുരക്ഷയ്ക്ക് വലിയ ഭീഷണിയുമാകുമെന്നും കമ്പനി ചൂണ്ടിക്കാട്ടി. അതിനാൽ സാങ്കേതിക രംഗത്തെ മുൻനിരയിലുള്ള വിവിധ ലാബുകൾ തമ്മിലുള്ള കൃത്യമായ ഏകോപനവും, നിയന്ത്രണങ്ങൾ എപ്പോൾ കൊണ്ടുവരണം എന്നതിനുള്ള നിയമങ്ങളും ഒപ്പം ഇതിന് കൃത്യമായ മേൽനോട്ടവും അത്യന്താപേക്ഷിതമാണ്.
ഇത്തരം നിയന്ത്രണ സംവിധാനങ്ങളെ സഹായിക്കുന്നതിനായി 'ആന്ത്രോപിക് ഇൻസ്റ്റിറ്റ്യൂട്ട്' വഴി പഠനങ്ങൾ നടത്താൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിന് പുറമെ, വരും മാസങ്ങളിൽ ഈ വിഷയത്തിൽ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി ചർച്ചകൾ സംഘടിപ്പിക്കാനും ആന്ത്രോപിക് ലക്ഷ്യമിടുന്നു.
Content Highlights: Prominent AI company Anthropic has warned that rapid, unregulated artificial intelligence development could lead to humans losing control over the technology, revealing that over 80% of their own 'Claude' model's code is now self-generated.