'ഭ്രമണപഥത്തിലെ ആദ്യദിനം'; ബഹിരാകാശ നിലയത്തിൽനിന്നുള്ള വീഡിയോ പങ്കുവെച്ച് അനിൽ മേനോൻ

ബഹിരാകാശത്ത് നിന്നുള്ള തന്റെ ആദ്യ വീഡിയോ പങ്കുവെച്ച് ഒറ്റപ്പാലത്ത് വേരുകളുള്ള പാതിമലയാളിയായ നാസ ബഹിരാകാശ സഞ്ചാരി ഡോ. അനിൽ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) സുരക്ഷിതനായി എത്തിയതിന് പിന്നാലെയാണിത്.
'ഭ്രമണപഥത്തിലെ ആദ്യ ദിവസമാണിത്. ഭൂമിയോടുള്ള നന്ദി, സ്‌നേഹം, അതിന്റെ സൗന്ദര്യം എന്നിവ എന്നെ വികാരാധീനനാക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് എല്ലാവർക്കും ഹലോ,' - എക്സിൽ പങ്കുവെച്ച വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ പ്യോർട്ടർ ദുബ്രോവയ്ക്കും അന്ന കികിനയ്ക്കും ഒപ്പമാണ് അനിൽ മേനോൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. സോയൂസ് MS-29 പേടകത്തിൽ കസാഖസ്ഥാനിലെ ബൈക്കൊനൂർ കോസ്മോഡ്രോമിൽ നിന്നാണ് അവർ യാത്രതിരിച്ചത്. മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്കുശേഷം പേടകം ഐഎസ്എസിലെ പ്രചാൾ മൊഡ്യൂളുമായി വിജയകരമായി ഡോക്ക് ചെയ്തു.
ഒരു മിനിറ്റിലധികം ദൈർഘ്യമുള്ള വീഡിയോയിൽ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നാസയ്ക്കും സ്പേസ് എക്സിനും യു.എസ്. സ്പേസ് ഫോഴ്സിനും അദ്ദേഹം നന്ദി അറിയിച്ചു. 'മനുഷ്യരെ വീണ്ടും ചന്ദ്രനിലേക്കും പിന്നീട് ചൊവ്വയിലേക്കും എത്തിക്കുകയെന്ന നാസയുടെ ലക്ഷ്യത്തിന്റെ ഭാഗമാകുന്നതിൽ അഭിമാനമുണ്ട്. ആ സ്വപ്നങ്ങളിലേക്കുള്ള ചവിട്ടുപടിയായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തെ കാണുന്നത്'- അദ്ദേഹം പറയുന്നു.
ആരാണ് അനിൽ മേനോൻ?
അമേരിക്കയിലെ മിനിയാപൊളിസിൽ ജനിച്ച അനിൽ മേനോന്റെ പിതാവ് പാലക്കാട് ഒറ്റപ്പാലത്ത് വേരുകളുള്ള വ്യക്തിയും അമ്മ യുക്രെയ്ൻ വംശജയുമാണ്. എമർജെൻസി മെഡിസിൻ വിദഗ്ദനായ അദ്ദേഹം മുമ്പ് സ്പേസ് എക്സിന്റെ ഫ്ളൈറ്റ് സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2021-ലെ നാസയുടെ ആസ്ട്രോണട്ട് ക്ലാസിലേക്കാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.
അനിൽ മേനോന്റെ ബഹിരാകാശ യാത്രയ്ക്ക് മുമ്പ് തന്നെ അദ്ദേഹത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധ നേടിയിരുന്നു. എട്ടുമാസം നീളുന്ന ആദ്യ ബഹിരാകാശ ദൗത്യത്തിനായി അദ്ദേഹം ജൂലായിൽ സോയൂസ് എംഎസ്-29 വഴി ഐഎസ്എസിലേക്ക് പോകുമെന്ന് നാസ പ്രഖ്യാപിച്ചിരുന്നു. ദൗത്യത്തിനിടെ മനുഷ്യശരീരത്തിൽ ദീർഘകാല ബഹിരാകാശവാസത്തിന്റെ സ്വാധീനം, ജൈവശാസ്ത്രം, മെറ്റീരിയൽ സയൻസ്, ഭാവിയിലെ ചന്ദ്ര-ചൊവ്വ ദൗത്യങ്ങൾക്ക് സഹായകമായ സാങ്കേതിക പരീക്ഷണങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി ഗവേഷണങ്ങളിൽ അദ്ദേഹം പങ്കെടുക്കുമെന്നും നാസ അറിയിച്ചിരുന്നു.
ഐഎസ്എസിലെത്തിയതോടെ ബഹിരാകാശത്ത് സഞ്ചരിച്ച ഇന്ത്യൻ വംശജരുടെ പട്ടികയിൽ രാകേഷ് ശർമ്മ, സുനിത വില്യംസ്, കൽപ്പന ചൗള, രാജ ചാരി, സിരിഷ ബാൻഡ്ല എന്നിവർക്കൊപ്പമാണ് അനിൽ മേനോനും ഇടംപിടിച്ചത്. ആദ്യ വീഡിയോയിലൂടെ ഭൂമിയോടുള്ള തന്റെ ആദരവും മനുഷ്യരുടെ ഭാവി ബഹിരാകാശ ദൗത്യത്തോടുള്ള പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചിരിക്കുകയാണ്.
Content Highlights: Dr. Anil Menon successfully reached the ISS via Soyuz MS-29., First video message shared from orbit reflecting on Earth's beauty., Mission focuses on research for future Moon and Mars human exploration., Anil Menon is a former SpaceX flight surgeon and emergency medicine expert., He joins the ranks of notable Indian-origin astronauts in space history.