ആദ്യ സ്‌പേസ്‌വാക്കിന് അനിൽ മേനോൻ; ബഹിരാകാശ നിലയത്തിന് പുറത്ത് ഏഴ് മണിക്കൂർ ദൗത്യം

#ടെക്‌നോളജി ഡെസ്‌ക്
1. അന്താരാഷ്ട്ര ബഹിരാകാശ നിലയം 2. അനില്‍ മേനോന്‍ | Photo - AP, ANI
1. അന്താരാഷ്ട്ര ബഹിരാകാശ നിലയം 2. അനില്‍ മേനോന്‍ | Photo - AP, ANI

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് (ISS) പുറത്തുള്ള തന്റെ ആദ്യ സ്‌പേസ് വാക്കിന് തയ്യാറെടുത്ത് പാലക്കാട് ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ബഹിരാകാശ യാത്രികൻ അനിൽ മേനോൻ. സ്‌പേസ് വാക്ക് 2026 ഓഗസ്റ്റ് 6 വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 6:05-ന് ആരംഭിക്കും. നിലയത്തിന്റെ സൗരോർജ്ജ സംവിധാനം ആധുനികവത്കരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഏഴ് മണിക്കൂർ നിളുന്ന സ്‌പേസ് വാക്ക്.

പരിചയസമ്പന്നനായ ബഹിരാകാശ യാത്രിക ജസീക്ക മെയറിനൊപ്പമായിരിക്കും അദ്ദേഹം സ്‌പേസ് വാക്ക് നടത്തുക. ബഹിരാകാശ നിലയത്തിന്റെ കമാൻഡറായ മെയറും ഫ്‌ളൈറ്റ് എഞ്ചിനിയറായ അനിൽ മേനോനും ക്വസ്റ്റ് എയർ ലോക്കിലൂടെ പുറത്തുവന്ന് സ്റ്റാർബോർഡ് 6 (S6) ട്രസ്സിൽ ഹാർഡ്‌വെയർ സ്ഥാപിക്കും. നിലയത്തിന്റെ ഊർജ്ജ ഉത്പാദനം വർധിപ്പിക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണിത്. ശാസ്ത്രീയ ഗവേഷണങ്ങൾ, ദൈനംദിന പ്രവർത്തനങ്ങൾ, നിലയത്തിന്റെ സുരക്ഷിതമായ നിയന്ത്രിത ഡി-ഓർബിറ്റ് എന്നിവയെ പിന്തുണയ്ക്കുന്നതിനാണ് പുതിയ സൗരോർജ പാനലുകൾ സ്ഥാപിക്കുന്നത്.

സ്‌പേസ് വാക്കിന് മുന്നോടിയായി മെയറും മേനോനും നിലവിൽ ഉപകരണങ്ങൾ ക്രമീകരിക്കുന്നത് അടക്കമുള്ള തിരക്കിട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുകയാണ്. ബഹിരാകാശ നിലയത്തിനുള്ളിൽ നാസ ബഹിരാകാശ യാത്രികൻ ജാക്ക് ഹാതവേയും യൂറോപ്യൻ സ്‌പേസ് ഏജൻസി (ESA) യാത്രിക സോഫി അഡെനോട്ടും ഇവർക്കുവേണ്ട സഹായങ്ങൾ നൽകുകയും പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. നിലയത്തിന്റെ പഴക്കം ചെന്ന സൗരോർജ്ജ സംവിധാനം ആധുനികവൽക്കരിക്കുന്നതിനുള്ള ദീർഘകാല ശ്രമങ്ങളുടെ ഭാഗമാണ് ഈ ദൗത്യം.

പുതിയ സൗരോർജ പാനലുകൾക്ക് വലിപ്പവും ഭാരവും കുറവാണെങ്കിലും നിലവിലെ പാനലുകളേക്കാൾ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കാൻ അവയ്ക്ക് കഴിയും. നിലയത്തിന്റെ പ്രവർത്തന ശേഷി അത് കൂടുതൽ വർധിപ്പിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഡോക്ടറും മുൻ ഫ്‌ളൈറ്റ് സർജനുമാണ് അനിൽ മേനോൻ.

Content Highlights: Anil Menon conducts his first-ever spacewalk on August 6, 2026., Mission objective is to upgrade the Starboard 6 truss for IROSA solar arrays., The 7-hour EVA aims to boost the station's power generation capabilities., Jessica Meir will lead the mission alongside Menon., Part of NASA's long-term modernization of the ISS power grid.