പുത്തന്‍ ഫീച്ചറുകള്‍- ആന്‍ഡ്രോയിഡ് 14 അവതരിപ്പിച്ച് ഗൂഗിള്‍, അപ്‌ഡേറ്റും പുറത്തിറക്കി

Photo: Google
Photo: Google

പിക്‌സല്‍ 8, പിക്‌സല്‍ 8 പ്രോ സ്മാര്‍ട്‌ഫോണുകള്‍ക്കൊപ്പം പുതിയ ആന്‍ഡ്രോയിഡ് 14 ഒഎസ് ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍. ഇതിനകം പിക്‌സല്‍ ഫോണുകളിലേക്കുള്ള ആന്‍ഡ്രോയിഡ് 14 അപ്‌ഡേറ്റ് കമ്പനി പുറത്തിറക്കിക്കഴിഞ്ഞു. ഫ്‌ളാഷ് നോട്ടിഫിക്കേഷനുകള്‍, ബാറ്ററി ഹെല്‍ത്ത് പേര്‍സന്റേജ്, ബാറ്ററി സൈക്കിള്‍ കൗണ്ട് ഉള്‍പ്പടെ നിരവധി പുതിയ ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചത്. 

പുതിയ ഒഎസില്‍ ഓരോ ആപ്പുകളും എങ്ങനെയാണ് ഡാറ്റ ഉപയോഗിക്കുന്നത് എന്ന് അറിയാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കും. ലൊക്കേഷന്‍, സ്‌റ്റോറേജ്, കോണ്‍ടാക്റ്റ്‌സ് പോലെയുള്ള വിവരങ്ങളിലേക്ക് നിങ്ങള്‍ അനുമതി നല്‍കിയതിന് ശേഷം, ആ ആപ്പുകള്‍ നിങ്ങളുടെ ഡാറ്റ തേഡ് പാര്‍ട്ടികളുമായി ആപ്പുകള്‍ പങ്കുവെക്കുന്നുണ്ടെങ്കില്‍ ആ വിവരം നോട്ടിഫിക്കേഷനായി അറിയിക്കും. ഇത് ഡാറ്റ പങ്കുവെക്കുന്നതില്‍ തീരുമാനമെടുക്കാന്‍ നിങ്ങള്‍ കൂടുതല്‍ പ്രയോജനകരമാവും.

ആപ്പുകള്‍ ഡാറ്റ എങ്ങനെയെല്ലാം കൈകാര്യം ചെയ്യുന്നു എന്നത് സംബന്ധിച്ച കൂടുതല്‍ വിശദമായ വിവരങ്ങളാണ് ആന്‍ഡ്രോയിഡ് 14 നല്‍കുക. ഇതുവഴി ഉപഭോക്താക്കള്‍ക്ക് അവരുടെ വ്യക്തി വിവരങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നിയന്ത്രണാധികാരം കൈവരും. ഡാറ്റ പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട പ്രതിമാസ സമ്മറിയും ആന്‍ഡ്രോയിഡ് 14 കാണിക്കും. 

പുതിയ ഓഎസ് പുറത്തിറക്കിയ ദിവസം തന്നെ പിക്‌സല്‍ ഫോണുകളില്‍ പുതിയ ഒഎസ് അപ്‌ഡേറ്റ് എത്തിച്ച് തുടങ്ങിയിട്ടുണ്ട്. താമസിയാതെ സാംസങ് ഗാലക്‌സി, ഐഖൂ, നത്തിങ്, വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, ഷാര്‍പ്പ്, സോണി, ടെക്‌നോ, വിവോ, ഷാവോമി തുടങ്ങിയ  മുന്‍നിര ബ്രാന്‍ഡുകളുടെ വിവിധ ഫോണുകളിലേക്കും അപ്‌ഡേറ്റ് എത്തും. 

 Pixel 4a 5G, Pixel 5, Pixel 5a, Pixel 6, Pixel 6 Pro, Pixel 6a, Pixel 7, Pixel 7 Pro, Pixel 7a, Pixel Tablet, Pixel Fold ഫോണുകളില്‍ അപ്‌ഡേറ്റ് എത്തും. 

Content Highlights: android 14 launched with pixel 8 series