ഒരു വമ്പന്‍ ടെക് കമ്പനി തകരും, കാരണം നിര്‍മിതബുദ്ധി; പ്രവചനവുമായി പ്രശസ്ത കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍

പെഡ്രോ ഡൊമിംഗോസ് | Photo - AI, Pedro Domingos |X
പെഡ്രോ ഡൊമിംഗോസ് | Photo - AI, Pedro Domingos |X

നിര്‍മിബുദ്ധി (എഐ) കാരണം ലോകത്തെ മുന്‍നിര ടെക് കമ്പനികളില്‍ ഒന്ന് തകരുമെന്ന തരത്തിലുള്ള പ്രവചനവുമായി പ്രശസ്ത കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ രംഗത്ത്. നിര്‍മ്മിത ബുദ്ധിയാല്‍ നശിപ്പിക്കപ്പെടുന്ന ആദ്യത്തെ വലിയ ടെക് കമ്പനി സെയില്‍സ്‌ഫോഴ്‌സ് ആയിരിക്കുമെന്ന് പ്രൊഫസര്‍ പെഡ്രോ ഡൊമിംഗോസ് എക്സില്‍ (മുമ്പ് ട്വിറ്റര്‍) കുറിച്ചു. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വിഭാഗം മുന്‍ പ്രൊഫസറും '2040', 'ദ മാസ്റ്റര്‍ അല്‍ഗോരിതം' എന്നീ പുസ്തകങ്ങളുടെ രചയിതാവുമാണ് ഡൊമിംഗോസ്. അദ്ദേഹത്തിന്റെ പ്രവചനം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

ഭാവിയിലെ സാമ്പത്തിക മാറ്റത്തിന്റെ ഏറ്റവും വലിയ ചാലകശക്തിതന്നെ നിര്‍മ്മിത ബുദ്ധി (എഐ) ആയിരിക്കുമെന്ന് കരുതപ്പെട്ടുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രവചനം ശ്രദ്ധേയമാകുന്നത്. സാങ്കേതിക മുന്നേറ്റങ്ങള്‍ മുതല്‍ തൊഴില്‍ നഷ്ടം പോലുള്ള ആശങ്കകള്‍ക്കുവരെ എഐ കാരമാകാം എന്നാണ് നിലവില്‍ കരുതപ്പെടുന്നത്. ആഗോള സാഹചര്യങ്ങളെ മാറ്റിമറിക്കാന്‍ എഐക്ക് കഴിയുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്. എഐ കാരണം ഉണ്ടാകാനിടയുള്ള വന്‍തോതിലുള്ള തൊഴില്‍ നഷ്ടങ്ങളെയും തൊഴിലില്ലായ്മയെയും കുറിച്ച് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നതിനിടെയാണ് വമ്പന്‍ കമ്പനികള്‍തന്നെ ഒന്നാകെ തുടച്ചുനീക്കപ്പെടാമെന്ന തരത്തിലുള്ള പ്രശസ്ത കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ പെഡ്രോ ഡൊമിംഗോസ് ശ്രദ്ധേയമായ പ്രവചനം നടത്തിയിരിക്കുന്നത്.

നാല് ലക്ഷത്തിലധികം പേര്‍ കണ്ട ഈ പോസ്റ്റിനുതാഴെ നിരവധി ഉപയോക്താക്കള്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. അപ്പോള്‍ സിആര്‍എം (കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ്) എളുപ്പമാണെന്നാണോ നിങ്ങള്‍ കരുതുന്നത്? എന്ന് ഒരു എക്‌സ് ഉപയോക്താവ് ചോദിച്ചപ്പോള്‍ ഇത് ഇതിലും മികച്ചതാക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു പെഡ്രോ ഡൊമിംഗോസിന്റെ മറുപടി. ഒരു ഉപയോക്താവ് ഡൊമിംഗോസിന്റെ അഭിപ്രായത്തോട് വിയോജിച്ചുകൊണ്ട് ഇങ്ങനെ എഴുതി: 'ഇല്ല. സെയില്‍സ്‌ഫോഴ്‌സിന് പരമ്പരാഗത കോര്‍പ്പറേഷനുകളുമായി വളരെ നല്ല ബന്ധങ്ങളുണ്ട്. അവര്‍ക്ക് എല്‍എല്‍എമ്മുകളെ അവരുടെ ഉല്‍പ്പന്നത്തിലേക്ക് റീപാക്കേജ് ചെയ്ത് നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് (അവര്‍ മിക്കവാറും സേവനദാതാക്കളെ മാറ്റാറില്ല) വില്‍ക്കുകയേ വേണ്ടൂ. അവര്‍ അത് സജീവമായി ചെയ്യുന്നുമുണ്ട്'. ഡൊമിംഗോസിനെ അനുകൂലിച്ചും നിരവധിപേര്‍ എക്‌സില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

Content Highlights: AI is poised to reshape the global economy. Renowned professor Pedro Domingos predicts Salesforce will be the first big tech company destroyed by AI. Explore the debate.