ക്രോമിനെ ഏറ്റെടുക്കാൻ സന്നദ്ധരായി പെർപ്ലെക്സിറ്റിയും; AI രംഗത്തും ഗൂഗിളിന്റെ ആധിപത്യമെന്ന് വിമർശനം

ക്രോം ബ്രൗസർ വിൽക്കാൻ യുഎസ് ഫെഡറൽ കോടതി ഗൂഗിളിനെ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാകാൻ ബ്രൗസർ വാങ്ങാൻ തയ്യാറാണെന്നറിയിച്ച് എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റി രംഗത്ത്. ആമസോണിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പിന്റെ ചീഫ് ബിസിനസ് ഓഫീസർ ദിമിത്രി ഷെവലെൻകോയാണ് കോടതിയിലെത്തി താത്പര്യം അറിയിച്ചത്. ക്രോമിന്റെ ഗുണമേന്മ കുറയ്ക്കാതെയും പണം ഇടാക്കാതെയും ക്രോം ഏറ്റെടുക്കാൻ തയ്യാറാണെന്ന് അദ്ദേഹം കോടതിയിൽ പറഞ്ഞു.
വെബ് സെർച്ച് രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തക ഇല്ലാതാക്കാനുള്ള പരിഹാരമെന്നോണം ഗൂഗിള്‍ സേവനങ്ങളെ വിഭജിക്കണമെന്ന ആവശ്യമാണ് യുഎസ് നീതിന്യായ വകുപ്പ് കോടതിയിൽ ഉന്നയിച്ചത്. ക്രോം ബ്രൗസർ വിൽക്കാൻ കമ്പനിയെ നിർബന്ധിക്കണമെന്നുമാണ് യുഎസ് ജില്ലാ കോടതി ജഡ്ജി അമിത്ത് മേത്തയോട് ആവശ്യപ്പെട്ടത്.
എഐ രംഗത്ത് ഗൂഗിളിന്റെ നിയമവിരുദ്ധ കുത്തകയ്ക്കെതിരെ മൊഴി നൽകാനാണ് യുഎസ് നീതിന്യായ വകുപ്പ് പെർപ്ലെക്സിറ്റിയുടെ ഷെവലെൻകോയെ കോടതിയിൽ ഹാജരാക്കിയതെന്ന് റിപ്പോർട്ടുകളുണ്ട്.
ആൻഡ്രോയിഡ് ഫോണുകളിൽ പെർപ്ലെക്സിറ്റി എഐ ഡിഫോൾട്ട് എഐ അസിസ്റ്റന്റ് ആക്കി സെറ്റ് ചെയ്യുന്നതിനുള്ള സെറ്റിംഗ്സ് നാവിഗേഷൻ എത്രത്തോളം സങ്കീർണമാണെന്ന് ഷെവലെൻകോ കോടതിയിൽ വിശദീകരിച്ചു. ഡിഫോൾട്ട് അസിസ്റ്റന്റ് സെറ്റ് ചെയ്താലും ഹേയ് ഗൂഗിള്‍ പോലുള്ള വേക്ക് വേർഡ് ഉപയോഗിച്ച് പെർപ്ലെക്സിറ്റി അസിസ്റ്റന്റിനെ ആക്ടിവേറ്റ് ചെയ്യാൻ ആൻഡ്രോയിഡ് അനുവദിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൂഗിളുമായി കരാറിലുള്ള ഫോൺ നിർമാതാക്കളുമായി പെർപ്ലെക്സിറ്റി എഐയെ ഫോണിലെ ഡിഫോൾട്ട് എഐ അസിസ്റ്റന്റ് ആക്കുന്നതിന് കരാറിലേർപ്പെടുന്നത് വലിയ പ്രയാസമാണെന്നും അദ്ദേഹം ആരോപിച്ചു. ഗൂഗിളിനെ എതിർത്ത് തങ്ങളുമായി കരാറിലേർപ്പെട്ടാൽ ഗൂഗിള്‍ കമ്പനികൾക്കുള്ള ലാഭവിഹിതം തടയുമോ എന്ന് അവർ ഭയപ്പെടുന്നുണ്ടെന്നും ഷെവലെൻകോ ആരോപിക്കുന്നു.
ഗൂഗിളിന്റെ വ്യവസ്ഥകളിൽ നിന്ന് പുറത്തുകടക്കാൻ പ്രയാസമുള്ളതിനാൽ കമ്പനികൾക്ക് സമ്മതമാണെങ്കിൽ പോലും പെർപ്ലെക്സിറ്റിയെ ഡിഫോൾട്ട് അസിസ്റ്റന്റാക്കാൻ മാർഗമില്ലെന്നും ഷെവലെൻകോ പറഞ്ഞു.
അതേസമയം, പെർപ്ലെക്സിറ്റി എഐയെ ഡിഫോൾട്ട് എഐ അസിസ്റ്റന്റായി സെറ്റ് ചെയ്യുന്നതിന് സാംസങ്ങ്, മോട്ടോറോള എന്നീ കമ്പനികളുമായി പെർപ്ലെക്സിറ്റി കരാറിലെത്തിയതായി അടുത്തിടെ റിപ്പോർട്ടുകളുണ്ടായിരുന്നു. കരാർ നിലവിൽ വന്നാൽ ജെമിനൈ എഐയുടെ സ്ഥാനത്താണ് പെർപ്ലെക്സിറ്റി എഐ എത്തുക.
പെർപ്ലെക്സിറ്റിയെ പോലെ ക്രോം വാങ്ങാൻ താത്പര്യം അറിയിച്ച് ഓപ്പൺ എഐയും രംഗത്തുവന്നിട്ടുണ്ട്. അതേസമയം ഓപ്പൺ എഐ ക്രോമിനെ ഏറ്റെടുത്താൽ ക്രോമിന്റെ ഓപ്പൺസോഴ്സ് സ്വഭാവം നിലനിറുത്തുമോ എന്ന ആശങ്ക ഷെവലെൻകോ പങ്കുവെച്ചു. തങ്ങളേറ്റെടുത്താൽ ക്രോമിന്റെ ഗുണമേന്മയിൽ മാറ്റം വരുത്തില്ലെന്നാണ് ഷെവലെൻകോ പറയുന്നത്.
Content Highlights: US court considers forcing Google to sell Chrome browser; AI startup perplexity shows interest.