സ്വയം ECG എടുത്ത് വിശകലനത്തിന് അയയ്ക്കും; വിപ്ലവം സൃഷ്ടിക്കാന്‍ AI സ്റ്റെതസ്കോപ്പുകള്‍

ആരോഗ്യ രംഗത്തും സ്വാധീനമുറപ്പിച്ച് നിര്‍മിതബുദ്ധി (എ.ഐ) യില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റെതസ്കോപ്പുകള്‍. നിലവിലുള്ളവയെക്കാള്‍ കൂടുതല്‍ കാര്യക്ഷമമാണെന്നും രോഗനിര്‍ണയം നേരത്തെ സാധ്യമാക്കുമെന്നും അതിലൂടെ കൂടുതല്‍കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ പ്രാപ്തരാക്കുമെന്നും ഗവേഷകര്‍ പറയുന്നു.
ഹൃദ്രോഗം നിമിഷങ്ങള്‍ക്കുള്ളില്‍ കണ്ടെത്താന്‍ സഹായിക്കുന്നതാണ് പുതിയ എഐ സ്റ്റെതസ്കോപ്പ്. 1816-ല്‍ കണ്ടുപിടിച്ച നിലവിലെ സ്റ്റെതസ്കോപ്പ് രോഗിയുടെ ശരീരത്തിലെ ആന്തരിക ശബ്ദങ്ങള്‍ കേള്‍ക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുകയാണ് ചെയ്യുന്നത്. ബ്രിട്ടീഷ് ഗവേഷകസംഘമാണ് ഇതിന്റെ ആധുനിക പതിപ്പ് ഉപയോഗിച്ച് പഠനം നടത്തിയത്.
ഹൃദയസ്തംഭനം, ഹൃദയ വാല്‍വ് തകരാര്‍, അസാധാരണമായ ഹൃദയതാളം എന്നിവ ഏതാണ്ട് തല്‍ക്ഷണം കണ്ടെത്താന്‍ ഇതിന് കഴിയുമെന്ന് അവര്‍ പറയുന്നു. ഈ ഉപകരണം ഒരു 'ഗെയിം ചേഞ്ചര്‍' ആകുമെന്നും രോഗികള്‍ക്ക് വളരെനേരത്തെ ചികിത്സ ലഭിക്കാന്‍ ഇത് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. യുകെയിലുടനീളം ഈ ഉപകരണം അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.
പരമ്പരാഗത ചെസ്റ്റ് പീസിന് പകരം ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ചീട്ടിന്റെ വലുപ്പമുള്ള ഒരു ഉപകരണമാണ് ഇതിലുള്ളത്. മനുഷ്യന്റെ കാതുകള്‍ക്ക് കണ്ടെത്താന്‍ കഴിയാത്ത ഹൃദയമിടിപ്പിലെയും രക്തപ്രവാഹത്തിലെയും സൂക്ഷ്മമായ വ്യത്യാസങ്ങള്‍ വിശകലനം ചെയ്യാന്‍ ഒരു മൈക്രോഫോണ്‍ ആണ് ഇത് ഉപയോഗിക്കുന്നത്. ഇത് ഹൃദയത്തില്‍ നിന്നുള്ള വൈദ്യുത സിഗ്നലുകള്‍ രേഖപ്പെടുത്തി ഒരു ഇസിജി (ഇലക്ട്രോകാര്‍ഡിയോഗ്രാം) എടുക്കുകയും, പതിനായിരക്കണക്കിന് രോഗികളുടെ ഡാറ്റ ഉപയോഗിച്ച് പരിശീലിപ്പിച്ച എഐയ്ക്ക് വിശകലനം ചെയ്യാനായി ക്ലൗഡിലേക്ക് അയയ്ക്കുകയും ചെയ്യും.
ഇംപീരിയല്‍ കോളേജ് ലണ്ടനും ഇംപീരിയല്‍ കോളേജ് ഹെല്‍ത്ത്കെയര്‍ എന്‍എച്ച്എസ് ട്രസ്റ്റുമാണ് പഠനം നടത്തിത്. യുഎസ് സ്ഥാപനമായ എക്കോ ഹെല്‍ത്ത് നിര്‍മ്മിച്ച എഐ സ്റ്റെതസ്കോപ്പുകള്‍ ഉപയോഗിച്ച് 96 സര്‍ജറികളില്‍ നിന്നുള്ള 12,000-ത്തിലധികം രോഗികളെ സംഘം പരിശോധിച്ചു. ഈ സാങ്കേതികവിദ്യ ഉപയോഗിക്കാത്ത 109 ജിപി സര്‍ജറികളിലെ രോഗികളുമായി ഇവരെ താരതമ്യം ചെയ്തു. എഐ സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍, ഹൃദയസ്തംഭനമുള്ളവരില് 12 മാസത്തിനുള്ളില്‍ അത് കണ്ടെത്താനുള്ള സാധ്യത 2.33 മടങ്ങ് കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു.
രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതും എന്നാല്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നതുമായ അസാധാരണ ഹൃദയതാളം എഐ സ്റ്റെതസ്കോപ്പുകള്‍ ഉപയോഗിച്ച് 3.5 മടങ്ങ് കൂടുതല്‍ കണ്ടെത്താന്‍ സാധിച്ചു. അതേസമയം, ഹൃദയ വാല്‍വ് തകരാറുകള്‍ 1.9 മടങ്ങ് കൂടുതല്‍ കണ്ടെത്താനായി. 200- ലധിധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുപിടിച്ച ലളിതമായ സ്റ്റെതസ്കോപ്പിനെ 21-ാം നൂറ്റാണ്ടിലേക്ക് എങ്ങനെ നവീകരിക്കാം എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
Content Highlights: AI-powered stethoscopes can detect heart failure, valve disease, and abnormal rhythms instantly