ഇന്ത്യയിൽ നാലുശതമാനം തൊഴിലുകളെ AI ബാധിച്ചെന്ന് ലോകബാങ്ക്; വികസ്വര രാജ്യങ്ങൾക്ക് നേട്ടം

ന്യൂഡൽഹി: ഇന്ത്യയിൽ നിർമിതബുദ്ധി (എ.ഐ.) നാലുശതമാനം തൊഴിലുകളെ ബാധിച്ചെന്ന് ലോകബാങ്കിന്റെ ലോകവികസന റിപ്പോർട്ട്. എന്നാൽ വികസിതരാജ്യങ്ങളെ അപേക്ഷിച്ച് ഈ തോത് കുറവാണെന്ന് റിപ്പോർട്ടിന്റെ ഇന്ത്യാ പതിപ്പ് പുറത്തിറക്കവെ ലോകബാങ്ക് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നീൽകാന്ത് മിശ്ര പറഞ്ഞു.
സാങ്കേതികവിദ്യ എന്ന നിലയിൽ എ.ഐ. തൊഴിലാളികളെ സഹായിക്കുകയാണ്, അല്ലാതെ തൊഴിലാളികൾക്ക് പകരം വെക്കുകയല്ല. വികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസ്വരരാജ്യങ്ങളിൽ എ.ഐ. വഴിയുണ്ടാകുന്ന തൊഴിലവസരം കൂടുതലാണ്. ഡിജിറ്റൽ അടിസ്ഥാനസൗകര്യങ്ങളെ ജനങ്ങൾക്ക് സേവനങ്ങളുറപ്പാക്കാൻ എങ്ങനെ ഫലപ്രദമായി പ്രയോജനപ്പെടുത്താമെന്ന് ആധാർ, യു.പി.ഐ., കോവിൻ പോലുള്ള പ്ലാറ്റ്ഫോമുകൾ ഒരുക്കുക വഴി ഇന്ത്യ തെളിയിച്ചെന്ന് മിശ്ര ചൂണ്ടിക്കാട്ടി. എ.ഐ.യുടെ ഉപയോഗത്തിന് കൂടുതൽ ഊർജം വേണം എന്നത് സമ്മർദ്ദമുണ്ടാക്കുന്നതാണെന്നും മിശ്ര പറഞ്ഞു.
കാലാവസ്ഥാപ്രവചനം കൃത്യമാക്കി
കാലാവസ്ഥാപ്രവചനം കൃത്യമാക്കിയതിലൂടെ വിള മെച്ചപ്പെടുത്താൻ കർഷകർക്ക് മുൻകരുതലുകളെടുക്കാൻ എ.ഐ. കാര്യമായി സഹായിക്കുന്നതായി ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നു. എ.ഐ. ഉപകരണങ്ങളെ പ്രാദേശിക സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്ന തരത്തിൽ ഉപയോഗിച്ചാൽ നേട്ടമാകുമെന്ന നിർദേശവുമുണ്ട്.
കൺസൾട്ടേഷൻ പേപ്പർ ഒരുമാസത്തിനകം -മന്ത്രി
എ.ഐ. ഉപയോഗത്തിൽ സുരക്ഷ, ഡീപ് ഫേക്ക്, ആദ്യം മനുഷ്യൻ പിന്നെ യന്ത്രം എന്നീ ഘടകങ്ങൾക്ക് ഊന്നൽ നൽകി നിയന്ത്രണസംവിധാനങ്ങളടങ്ങിയ കൺസൾട്ടേഷൻ പേപ്പർ കേന്ദ്രസർക്കാർ ഒരുമാസത്തിനകം പുറത്തിറക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഡീപ് ഫേക്ക് സമൂഹത്തിൽ വലിയ കുഴപ്പം വരുത്തിവെക്കുന്നു. ജനങ്ങൾ അവയെ വിശ്വസിക്കുന്നു. ഇത് തെറ്റായ കീഴ്വഴക്കത്തിന് വഴിവെക്കുമെന്നും ലോകബാങ്കിന്റെ റിപ്പോർട്ട് പുറത്തിറക്കുന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
Content Highlights: World Bank report states AI has impacted 4 percent of jobs in India, lower than developed nations., AI acts as a tool to assist workers rather than replacing them entirely., AI improves weather forecasting, helping farmers protect and enhance crop yields., Central government to release a consultation paper on AI regulation, safety, and deepfakes within a month.