80-കളിലെ ലുക്കിൽ വീണുപോയോ? വൈറൽ എഐ ട്രെൻഡിന് പിന്നിൽ ഒരു പ്രശ്നമുണ്ട്

#ടെക്നോളജി ഡെസ്ക്
ചാറ്റ് ജിപിടിയിൽ നിർമിച്ച ചിത്രം | Photo: AI Generated
ചാറ്റ് ജിപിടിയിൽ നിർമിച്ച ചിത്രം | Photo: AI Generated

എങ്ങനെയാണ് ചാറ്റ് ജിപിടി ഇത്തരം ചിത്രങ്ങൾ നിർമിക്കുന്നത്? നിങ്ങളുടെ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്ത് ഒരു പ്രോംപ്റ്റ് നൽകിയാലാണ് 80-കളിലെ വസ്ത്രധാരണത്തിലും ശൈലിയിലുമുള്ള ചിത്രങ്ങൾ എഐ നിർമിക്കുന്നത്. എന്നാൽ ഈ ഒരു ചെറിയ ട്രെൻഡിലൂടെ ലക്ഷക്കണക്കിന്, ചിലപ്പോൾ ഇന്ത്യയിൽനിന്നുമാത്രം കോടിക്കണക്കിന് ആളുകളുടെ ചിത്രങ്ങൾ ചുളുവിൽ ഓപ്പൺ എഐയ്ക്ക് കിട്ടിയിട്ടുണ്ടാവും. ഭാവിയിൽ എഐ മോഡലുകളെ പരീക്ഷിക്കാനുള്ള പുതിയ വിവരശേഖരം കിട്ടാൻ കമ്പനിക്ക് വേറെന്തുവേണം!

പലപ്പോഴും ഉപയോക്താക്കളുടെ വിവരങ്ങൾ ഉപയോഗിക്കുന്നതിനുള്ള സേവനവ്യവസ്ഥകൾ എഐ കമ്പനികൾ ഉപയോക്താക്കളെ ഓർമപ്പെടുത്താറില്ല. ഓപ്പൺ എഐയുടെ സേവനവ്യവസ്ഥകളും സ്വകാര്യതാ നയവും അനുസരിച്ച്, ചാറ്റ്‌ജിപിടി സൗജന്യമായി ഉപയോഗിക്കുന്നവരുടെയും ചാറ്റ്‌ജിപിടി പ്ലസ് ഉപയോക്താക്കളുടെയും വിവരങ്ങൾ എഐ മോഡലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ഉപയോഗിക്കാറുണ്ട്.

അതായത് ഈ ഒരു പുതിയ ട്രെൻഡ് പടച്ചുവിട്ടതിലൂടെ മാത്രം ലക്ഷക്കണക്കിന് ചിത്രങ്ങൾ ഓപ്പൺ എഐയ്ക്ക് കിട്ടിക്കഴിഞ്ഞു. ഇങ്ങനെ ഒരു വൈറൽ ട്രെൻഡ് ഇല്ലെങ്കിൽപോലും സാധാരണ എഡിറ്റിങ് ആവശ്യങ്ങൾക്കായി നിങ്ങൾ നൽകുന്ന ചിത്രങ്ങൾ എഐ കമ്പനികൾ അവരുടെ എഐ പരിശീലനത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.

എഐ ചാറ്റ്ബോട്ടുകൾക്ക് നിങ്ങളുടെ ചിത്രങ്ങൾ നൽകിക്കഴിഞ്ഞാൽ അവ അത് എങ്ങനെ ഉപയോഗിക്കണം, എന്തിനുവേണ്ടി ഉപയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ടാവില്ല. മാത്രവുമല്ല, ആ ചിത്രം കമ്പനി എന്തിനൊക്കെ വേണ്ടി ഉപയോഗിച്ചാലും അതിൽനിന്ന് നിങ്ങൾക്ക് വ്യക്തിപരമായി നേട്ടങ്ങളൊന്നും ഉണ്ടാവില്ല.

ഈ വിവരങ്ങൾ സെർവറുകളിൽ ശേഖരിക്കപ്പെടുന്നുണ്ടോ, ഏതെങ്കിലും വിധത്തിൽ അവ ഹാക്കർമാരുടെ കൈകളിൽ എത്തിച്ചേരുമോ! ചിലപ്പോഴത് സംഭവിച്ചേക്കാം. അങ്ങനെയെങ്കിൽ നിങ്ങളുടെ പേരിൽ ആൾമാറാട്ടം നടത്താനും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് പണം തട്ടാനും നിങ്ങളുടെ പേരിൽ മറ്റ് കുറ്റകൃത്യങ്ങൾ ചെയ്യാനുമെല്ലാം അത് ഉപയോഗിക്കാൻ ഹാക്കർമാർക്ക് സാധിച്ചേക്കാം.

എങ്ങനെ രക്ഷപ്പെടാം?

ഇങ്ങനെയുള്ള ട്രെൻഡുകൾ വൈറലായാലും എഐ മോഡലുകൾക്ക് നിങ്ങളുടെ സ്വന്തം ചിത്രങ്ങൾ പങ്കുവെക്കുന്നത് പൂർണമായും ഒഴിവാക്കണം. ഇനിയുള്ള കാലത്ത് അത് എത്രത്തോളം സാധ്യമാകുമെന്ന് പറയാനാവില്ല. എങ്കിലും പരമാവധി കുറയ്ക്കണം. മറ്റുള്ളവർ ചെയ്യുന്നത് കണ്ടുചെയ്യാനുള്ള തോന്നൽ സ്വാഭാവികമാണ്. എങ്കിലും സ്വന്തം സ്വകാര്യതയ്ക്കും വിവരസുരക്ഷയ്ക്കും മുൻഗണന നൽകി, ഇത്തരം എഐ മോഡലുകൾക്ക് നിങ്ങളുടെ വിവരങ്ങൾ വിട്ടുനൽകാതിരിക്കുക.

Content Highlights: While the viral 1980s retro photo trend on ChatGPT is widely popular, uploading personal portraits exposes users to severe privacy issues by giving AI platforms permanent training data and increasing vulnerability to identity theft and cyber fraud.