AI സഹായത്തോടെ ഉപഗ്രഹങ്ങൾ ഹൈജാക്ക് ചെയ്യാം, കൂട്ടിയിടിപ്പിക്കാം; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

നിർമിതബുദ്ധി (എഐ) യുടെ സഹായത്തോടെ ഉപഗ്രഹങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനും അവതമ്മിൽ കൂട്ടിയിടിപ്പിക്കാനും സാധിക്കുമെന്ന മുന്നറിയിപ്പുമായി സൈബർ സുരക്ഷാ വിദഗ്ധർ. ജിപിഎസ്, കാലാവസ്ഥാ പ്രവചനങ്ങൾ, ഇന്റർനെറ്റ് കണക്ഷൻ എന്നിവ സാധ്യമാക്കുന്ന ഉപഗ്രഹങ്ങളടക്കം ഇത്തരം ഭീഷണികളിൽനിന്ന് മുക്തമല്ലെന്നാണ് മുന്നറിയിപ്പ്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇത്തരം സാഹചര്യങ്ങൾ നേരിടേണ്ടി വന്നാക്കാം എന്നാണ് വിദഗ്ധർ പറയുന്നത്.
എഐയുടെ സഹായത്തോടെ നടത്തുന്ന ആക്രമണങ്ങൾക്ക് ഉപഗ്രഹങ്ങളിൽ ഗുരുതരമായ നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് എസ്റ്റോണിയയിലെ CR14 സൈബർ സുരക്ഷാ കേന്ദ്രത്തിലെ ഗവേഷകരെ ഉദ്ധരിച്ച് സ്‌പേസ്‌ഡോട്ട്‌കോം റിപ്പോർട്ടു ചെയ്യുന്നു. നിലവിൽ ഭ്രമണപഥത്തിലുള്ള പല പഴയ ഉപഗ്രഹങ്ങൾക്കും സൈബർ സുരക്ഷാ സംവിധാനങ്ങളില്ല എന്നതിനാൽ അവയെ എളുപ്പത്തിൽ നിയന്ത്രണത്തിലാക്കാൻ കഴിയും. ഹാക്കർമാർ ഉപഗ്രഹങ്ങൾ ഹൈജാക്ക് ചെയ്ത് മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിപ്പിച്ചേക്കാം.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിക്ഷേപിച്ചത് 8,000-ത്തിലധികം ഉപഗ്രഹങ്ങളാണ്. ഉപഗ്രഹങ്ങളുടെ എണ്ണംകൂടുന്നത് ആശങ്ക വർധിപ്പിക്കുന്നു. ഒരു ഉപഗ്രഹം ഹൈജാക്ക് ചെയ്താൽതന്നെ അപകടകരമായ സാഹചര്യം സൃഷ്ടിക്കാൻ ഹാക്കർമാർക്ക് കഴിയും.
എഐ ദുരുപയോഗപ്പെടുത്തി പ്രത്യേക വൈദഗ്ധ്യമില്ലാത്തവർക്ക് പോലും ബഹിരാകാശ സംവിധാനങ്ങളെ മനസിലാക്കാനും ചൂഷണം ചെയ്യാനുമുള്ള സാഹചര്യമാണ് നിലവിലുള്ളത്. ടെലിമെട്രി, ടെലികമാൻഡ് ഘടനകൾ എന്നിവ മനസിലാക്കിയെടുക്കാൻ മുമ്പ് എളുപ്പമായിരുന്നില്ല. ആയിരക്കണക്കിന് പേജുകൾ തിരഞ്ഞ് വിശദമായ പഠനം നടത്തിയാൽ മാത്രമേ അതൊക്കെ സാധ്യമാകുമായിരുന്നുള്ളൂ. എന്നാൽ ഇന്ന് എഐ സഹായത്തോടെ വൈദഗ്ധ്യം ഇല്ലാത്തവർക്കുപോലും അതൊക്കെ ചെയ്യാൻ കഴിയുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
2024-ൽ ഒരു റഷ്യൻ ഹാക്കിങ് ഗ്രൂപ്പ് എഐ സഹായത്തോടെ ഉപഗ്രഹ ആശയവിനിമയങ്ങളെയും റഡാർ സംവിധാനങ്ങളെയും കുറിച്ച് ഗവേഷണം നടത്തിയതായി മൈക്രോസോഫ്റ്റും ഓപ്പൺഎഐയും വെളിപ്പെടുത്തിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
Content Highlights: Agentic AI allows hackers to independently plan and execute satellite hijacking., Older satellites lack basic cybersecurity, making them vulnerable targets., Large language models lower the barrier to entry for attackers by simplifying complex telemetry data., State-sponsored groups are already using AI to research satellite communications., The risk of orbital collisions caused by AI-led attacks is projected to grow within two years.