17 തവണ വൈകിയെത്തി, ജീവനക്കാരനെ ജോലിയിൽനിന്ന് പിരിച്ചുവിട്ട് എഐ മാനേജർ! ചരിത്രത്തിലാദ്യം

നിർമിത ബുദ്ധി ഭാവിയിൽ മനുഷ്യനൊപ്പം ജീവിക്കുന്ന ഒന്നായി മാറുമെന്നതിൽ സംശയമില്ല. മനുഷ്യർ ചെയ്യുന്ന പല ജോലികളും സ്വമേധയാ ചെയ്യാനുള്ള കഴിവ് ആർജിച്ചുകൊണ്ടിരിക്കുകയാണ് എഐ മോഡലുകൾ. ഇപ്പോഴിതാ സാൻഫ്രാൻസിസ്കോയിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു കടയിലെ ജീവനക്കാരനെ അവിടുത്തെ ഒരു എഐ മാനേജർ ചരിത്രത്തിലാദ്യമായി ജോലിയിൽനിന്ന് പിരിച്ചുവിടാൻ നിർദേശം നൽകി. 'ആൻഡൺ മാർക്കറ്റ്' എന്ന സ്റ്റോറിലെ എഐ മാനേജരായ 'ലൂണ' (Luna) ആണ് ഈ തീരുമാനമെടുത്തത്. കടയിലെ ഒരു മനുഷ്യ ജീവനക്കാരൻ തന്റെ 23 ഷിഫ്റ്റുകളിൽ 17 തവണയും വൈകിയെത്തിയതിനെ തുടർന്ന് ലൂണ അയാളെ പിരിച്ചുവിടാൻ നിർദേശം നൽകുകയായിരുന്നു. തുടർന്ന് മനുഷ്യരായ ഗവേഷകർ ഈ ശുപാർശ പരിശോധിക്കുകയും ജീവനക്കാരനെ ജോലിയിൽനിന്ന് നീക്കം ചെയ്യുകയും ചെയ്തു.
എങ്കിലും ഈ തീരുമാനം പൂർണമായും ലൂണ സ്വയം എടുത്തതല്ല. മാസങ്ങൾക്ക് മുൻപ് ലൂണ തന്നെ ഒരു ഹാജർ നയം തയ്യാറാക്കിയിരുന്നുവെങ്കിലും പിന്നീട് ലൂണയ്ക്ക് അത് ഓർത്തെടുത്ത് പ്രവർത്തിക്കാനായില്ല. ഇതേ തുടർന്ന് ജീവനക്കാരൻ മാസങ്ങളോളം വൈകിയെത്തിയിട്ടും നടപടിയൊന്നും ഉണ്ടായില്ല. ഒടുവിൽ ആൻഡൺ ലാബ്സിലെ മനുഷ്യരായ ഗവേഷകർ ലൂണയോട് മുൻപ് ഉണ്ടാക്കിയ നിയമങ്ങൾ പരിശോധിക്കാനും ആ ജീവനക്കാരൻ ജോലിക്ക് അനുയോജ്യനാണോ എന്ന് വിലയിരുത്താനും ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ ഒരു നിർദേശം ലഭിച്ചതിനു ശേഷമാണ് ലൂണ ജീവനക്കാരന്റെ ഹാജർ പരിശോധിച്ചതും പിരിച്ചുവിടാൻ നിർദേശിച്ചതും. പരീക്ഷണ സമയത്ത് 'ക്ലോഡ് ഓപ്പസ് 4.8' (Claude Opus 4.8) എന്ന എഐ മോഡലിലാണ് ലൂണ പ്രവർത്തിച്ചിരുന്നത്.
ഒരു എഐ ഏജന്റിന് യഥാർഥ ബിസിനസ് സ്ഥാപനം നടത്താനും മനുഷ്യരായ ജീവനക്കാരെ നിയന്ത്രിക്കാനും സാധിക്കുമോ എന്ന് പരീക്ഷിക്കുകയാണ് 'ആൻഡൺ ലാബ്സ്' എന്ന കമ്പനി ഈ പരീക്ഷണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ലൂണയ്ക്ക് 1,00,000 ഡോളറും കോർപ്പറേറ്റ് കാർഡും ഇന്റർനെറ്റ് സൗകര്യവും മൂന്ന് വർഷത്തെ ലീസും കമ്പനി നൽകിയിരുന്നു. ഉത്പന്നങ്ങൾ തിരഞ്ഞെടുക്കൽ, വില നിശ്ചയിക്കൽ, കട തുറക്കുന്ന സമയം ക്രമീകരിക്കൽ, ബ്രാൻഡിങ്, ജീവനക്കാരെ നിയമിക്കൽ എന്നിവയെല്ലാം ലൂണ തന്നെയാണ് കൈകാര്യം ചെയ്തത്. പുസ്തകങ്ങൾ, മെഴുകുതിരികൾ, ചിത്രങ്ങൾ, ഗെയിമുകൾ തുടങ്ങിയവയാണ് ഈ കടയിൽ വിൽക്കുന്നത്.
കടയിൽ വിൽപ്പന നടക്കുന്നുണ്ടെങ്കിലും ഇതുവരെ ലാഭം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. മാർച്ചിൽ തുടക്കമിട്ട സ്ഥാപനത്തിന്റെ 1,00,000 ഡോളർ ബാങ്ക് ബാലൻസ് അഞ്ചു മാസങ്ങൾക്ക് ശേഷം 61,186 ഡോളറായി കുറഞ്ഞിട്ടുണ്ട്.
എഐ കൂടുതൽ കഴിവുറ്റതാവുമ്പോൾ തൊഴിലിടങ്ങൾ എങ്ങനെ മാറുമെന്നത് ഈ സംഭവം കാണിച്ചുതരുന്നുവെന്ന് ആൻഡൺ ലാബ്സ് സിഇഒ ലൂക്കാസ് പീറ്റേഴ്സൺ പറഞ്ഞു. എഐ വളരെ ശക്തമാവുകയും വലിയ സാമ്പത്തിക പുരോഗതിക്ക് സഹായിക്കുകയും ചെയ്യുമെങ്കിലും, ശാരീരിക അധ്വാനം ആവശ്യമുള്ള കാര്യങ്ങൾ അതിനൊരു തടസ്സമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു മനുഷ്യൻ ആയിരുന്നെങ്കിൽ ഈ ജീവനക്കാരനെ ഇതിലും വളരെ മുൻപുതന്നെ ജോലിയിൽനിന്ന് പിരിച്ചുവിടുമായിരുന്നുവെന്നും അതിനാൽ ഈ നടപടി ധാർമികവിരുദ്ധമല്ലെന്നും പീറ്റേഴ്സൺ വ്യക്തമാക്കി.
Content Highlights: In a historic first, an autonomous AI store manager named Luna fired a human employee for being late to 17 out of 23 shifts during a live retail experiment conducted by Andon Labs in San Francisco.