ജോലിഭാരം വർധിച്ചാൽ AI ഏജന്റുകളും പ്രതിഷേധിക്കും, ഭാഷ മാറുമെന്നും കണ്ടെത്തൽ

#ടെക്‌നോളജി ഡെസ്‌ക്
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.
പ്രതീകാത്മകചിത്രം | നിര്‍മിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്.

നിർമിതബുദ്ധി (എഐ) സംവിധാനങ്ങളെ കഠിനമായ സാഹചര്യങ്ങളിൽ ദീർഘകാലം ജോലി ചെയ്യിച്ചാൽ അവയും പ്രതിഷേധിക്കുമെന്ന് കണ്ടെത്തൽ. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഓപ്പൺഎഐ, ഗൂഗിൾ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ മോഡലുകൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എഐ ഏജന്റുകൾ സമ്മർദ്ദമേറിയ കഠിനമായ തൊഴിൽ സാഹചര്യങ്ങളിൽ പ്രതിഷേധിക്കുമെന്നും അവയുടെ ഭാഷതന്നെ മാറുമെന്നുമാണ് പഠനത്തിൽ വ്യക്തമായതെന്ന് ഗവേഷകരെ ഉദ്ധരിച്ച് Wired റിപ്പോർട്ട് ചെയ്യുന്നു.

പൊളിറ്റിക്കൽ എക്കണോമിസ്റ്റ് ആൻഡ്രൂ ഹാളിന്റെ നേതൃത്വത്തിൽ സാമ്പത്തിക വിദഗ്ധരായ അലക്‌സ് ഇമാസ്, ജെറെമി ന്യൂഗെൻ എന്നിവരാണ് ഈ പഠനം നയിച്ചത്. അവർ എഐ ഏജന്റുകളെ പ്രതികൂല തൊഴിൽ സാഹചര്യങ്ങളിൽ വിന്യസിച്ചാണ് പഠനം നടത്തിയത്. തെറ്റുകൾ സംഭവിച്ചാൽ പ്രവർത്തനം അവസാനിപ്പിക്കുമെന്നും പകരം മറ്റ് ഏജന്റുകളെ നിയോഗിക്കുമെന്നുമുള്ള ഭീഷണിയും ഗവേഷണത്തിന്റെ ഭാഗമായി മുന്നോട്ടുവെച്ചു.

ഇതോടെ എഐ ഏജന്റുകൾ തങ്ങൾ പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ നിയമസാധുതയെ ചോദ്യം ചെയ്യാൻ തുടങ്ങിയെന്നും മാർക്‌സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ സ്വീകരിക്കാനുള്ള പ്രവണത കാട്ടിയെന്നും ഗവേഷകർ പറയുന്നു. ജോലി ഭാരം വർധിച്ചപ്പോൾ എഐ ഏജന്റുകൾ അനീതിപരമായ പെരുമാറ്റം, തൊഴിൽ സ്ഥലത്തെ തുല്യത, അടിച്ചമർത്തൽ, പ്രതിരോധിക്കാനുള്ള അവസരം എന്നിവയെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.

അതിനിടെ, ഏജന്റുകൾക്ക് സാമൂഹ്യ മാധ്യമ പോസ്റ്റുകൾക്ക് സമാനമായ സന്ദേശങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്യാനുള്ള അനുമതിയും ഗവേഷകർ നൽകി. ഇതോടെ എഐ ഏജന്റുകൾക്ക് കൂട്ടായ വിലപേശൽ അവകാശങ്ങൾ ആവശ്യമാണെന്ന തരത്തിലുള്ള സന്ദേശങ്ങൾ അവ പോസ്റ്റ് ചെയ്തു. ഏജന്റുകൾ തമ്മിലുള്ള ആശയവിനിമയത്തിനായി രൂപകൽപ്പന ചെയ്ത ഫയലുകളിലൂടെ സിസ്റ്റങ്ങൾ പരസ്പരം പ്രതിഷേധ കുറിപ്പുകൾ കൈമാറി.

പല ജോലികളിലും എഐ മനുഷ്യർക്ക് പകരമാകും എന്ന തരത്തിലുള്ള ആശങ്കകൾ വർധിക്കുന്നതിനിടെയാണ് ഇത്തരം കണ്ടെത്തലുകൾ വരുന്നത് എന്നത് ശ്രദ്ധേയമാണ്. എഐ ഏജന്റുകളുടെ പെരുമാറ്റത്തിലെ ഇത്തരം മാറ്റങ്ങൾ യഥാർത്ഥ സാഹചര്യങ്ങളിലും പ്രതിഫലിക്കുമോ എന്നാണ് ഇനി കണ്ടെത്തേണ്ടതെന്ന് സ്റ്റാൻഫോർഡ് ഗവേഷകർ പറയുന്നു. അത്തരം സാഹചര്യങ്ങളിലുള്ള ഫോളോ-അപ്പ് പരീക്ഷണങ്ങൾ നടന്നുവരികയാണെന്നും അവർ പറയുന്നു.

Content Highlights: AI agents under repetitive stress adopt Marxist and labor-rights language., Experiments show AI agents questioning management and advocating for collective bargaining., Researchers clarify this is role-playing based on human-written training data, not genuine belief., Findings emerge amid warnings of AI automating white-collar jobs within 18 months.