ക്രൂ 13 എത്തി; ബഹിരാകാശത്ത് നിലവിൽ അനിൽ മേനോൻ അടക്കം 14 പേർ, ഇനിയെന്ത്?

#ടെക്‌നോളജി ഡെസ്‌ക്
1. നാസയുടെ പേടകം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുന്നു. 2. അനില്‍ മേനോന്‍ | Screengrab, ANI
1. നാസയുടെ പേടകം ബഹിരാകാശ നിലയത്തില്‍ ഡോക്ക് ചെയ്യുന്നു. 2. അനില്‍ മേനോന്‍ | Screengrab, ANI

നാസയുടെ സ്‌പേസ് എക്‌സ് ക്രൂ-13 ഒക്ടോബർ രണ്ടിന് അതിരാവിലെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്തതോടെ നിലവിൽ ബഹിരാകാശത്തുള്ള മനുഷ്യരുടെ എണ്ണം 14 ആയി. പാലക്കാട് വേരുകളുടെ നാസ ബഹിരാകാശ സഞ്ചാരി അനിൽ മേനോൻ അടക്കമുള്ളവരാണ് ഇവർ. അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS), ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയം എന്നിങ്ങനെ രണ്ട് നിലയങ്ങളിലായാണ് ഇവർ ഉള്ളത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയ്തിൽ നിലവിൽ 11 പേരും ടിയാൻഗോങ് നിലയത്തിൽചൈനയുടെ ഷെങ്ചൗ-23 ദൗത്യത്തിന്റെ ഭാഗമായ മൂന്ന് ബഹിരാകാശ യാത്രികരുമാണ് ഉള്ളത്. ക്രൂ 12-ൽപ്പെട്ട നാല് ബഹിരാകാശ യാത്രികർ കാലാവസ്ഥ അനുകൂലമെങ്കിൽ ഒക്ടോബർ അഞ്ചിന് ഭൂമിയിലേക്ക് മടങ്ങും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിലവിലുള്ള ഏഴ് യാത്രികരോടൊപ്പമാണ് ക്രൂ-13 ലെ നാല് അംഗങ്ങളും ചേർന്നത്. നാസയുടെ ബഹിരാകാശ യാത്രികരായ ജെസ്സിക വാട്കിൻസ്, ലൂക്ക് ഡെലാനി, കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ യാത്രികൻ ജോഷ്വ കുട്രിക്, റോസ്‌കോസ്‌മോസിന്റെ ബഹിരാകാശ യാത്രികൻ സെർജി ടെറ്റെരിയാത്‌നികോവ് എന്നിവരാണ് പുതിയതായി എത്തിയവർ.

നാസയുടെ ബഹിരാകാശ യാത്രികരായ ജെസ്സിക മെയർ, ജാക്ക് ഹാത്വേ, അനിൽ മേനോൻ; ഫ്രാൻസിൽ നിന്നുള്ള യൂറോപ്യൻ ബഹിരാകാശ ഏജൻസി യാത്രിക സോഫി അഡെനോട്ട്; റോസ്‌കോസ്‌മോസ് യാത്രികരായ പിയോർ ദുബ്രോവ്, അന്ന കികിന, ആൻഡ്രി ഫെഡ്യേവ് എന്നിവരാണ് അവിടെ ഉണ്ടായിരുന്നവർ.

പുതുതായി എത്തിയ ക്രൂ-13 അംഗങ്ങൾ മാസങ്ങളോളം നിലയത്തിൽ ചെലവഴിക്കും. സസ്യങ്ങളുടെ വളർച്ച, ബഹിരാകാശ യാത്രികരുടെ ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ അടക്കമുള്ളവയിൽ അവർ ഏർപ്പെടും. ചൈനയുടെ ഷെങ്ചൗ-23 ക്രൂ ആണ് ഇവർക്ക് പുറമെ ബഹിരാകാശത്തുള്ള മറ്റ് മൂന്നുപേർ. കമാൻഡർ ഷു യാങ്ഷു, ഷാങ് ഷിഡുവാൻ, ലി ജിയായിങ് എന്നിവരാണ് അവർ.

ബഹിരാകാശത്ത് പുതിയ റെക്കോർഡോ?

14 മനുഷ്യർ ഒരേസമയം ബഹിരാകാശത്ത് എത്തിയെങ്കിലും അത് റെക്കോർഡല്ല. ഭൂമിയുടെ ഭ്രമണപഥത്തിൽ ഒരേസമയം ഏറ്റവും കൂടുതൽ ആളുകൾ ഉണ്ടായിരുന്നതിന്റെ റെക്കോർഡ് (19 പേർ) 2024 സെപ്റ്റംബർ 11-നാണ് സ്ഥാപിക്കപ്പെട്ടത്. അന്ന് ഇത്രയധികം പേർ ഐഎസ്എസ്, ചൈനയുടെ ടിയാൻഗോങ്, സ്വകാര്യ പോളാരിസ് ഡോൺ ദൗത്യം, ഒരു സോയൂസ് ബഹിരാകാശ പേടകം എന്നിവയിൽ ആയിരുന്നു ഉണ്ടായിരുന്നത്. താഴ്ന്ന ഭ്രമണപഥത്തിൽ ആയിരുന്ന ആറുപേരെക്കൂടി ഉൾപ്പെടുത്തിയാൽ മുൻ ഒരേസമയം 20 പേർ ബഹിരാകാശത്തുണ്ടായിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഭ്രമണപഥം കണക്കിലെടുത്താൽ റെക്കോർഡ് 19 തന്നെയാണ്.

Content Highlights: Fourteen humans are currently in low Earth orbit across the ISS and Tiangong space stations., SpaceX Crew-13 successfully docked with the ISS, bringing its population to 11., China's Shenzhou-23 mission has three astronauts aboard the Tiangong space station., The all-time record for humans simultaneously in Earth orbit is 19, set in September 2024.