സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറില്‍ ആദ്യ സ്മാര്‍ട്‌ഫോണ്‍; ഷാവോമി 14 സീരീസ് എത്തി

Photo: Xiaomi
Photo: Xiaomi

ക്വാല്‍കോമിന്റെ ഏറ്റവും പുതിയ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ പ്രൊസസര്‍ ചിപ്പായ സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറുമായെത്തുന്ന ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. വ്യാഴാഴ്ച ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ ഷാവോമിയാണ് പുതിയ ഷാവോമി 14, ഷാവോമി 14 പ്രോ സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിച്ചത്. ഷാവോമിയുടെ സ്മാര്‍ട്‌ഫോണുകളില്‍ ഇത്രയും കാലം ഉപയോഗിച്ചിരുന്ന എഐയുഐ ഇന്റര്‍ഫെയ്‌സിന് പകരമായി അവതരിപ്പിച്ച പുതിയ ഹൈപ്പര്‍ ഒഎസ് ആദ്യമായെത്തുന്ന സ്മാര്‍ട്‌ഫോണുകള്‍ കൂടിയാണിത്. 

എല്‍ടിപിഒ ഒഎല്‍ഇഡി ഡിസ്‌പ്ലേയില്‍ 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2കെ വരെ റസലൂഷനുമുണ്ട്. ലെയ്കയുടെ ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണിതില്‍. രണ്ട് ഫോണുകളിലും 16 ജിബി വരെ റാമും ഒരു ടിബി വരെ സ്‌റ്റോറേജും ലഭിക്കും. ഐപി 68 വാട്ടര്‍, ഡസ്റ്റ് റസിസ്റ്റന്‍സും ഫോണുകള്‍ക്കുണ്ട്. 

ഷാവോമി 14 പ്രോ സവിശേഷതകള്‍

പുതിയ ഹൈപ്പര്‍ ഒഎസുമായി എത്തുന്ന ഫോണില്‍ 6.73 ഇഞ്ച് 2.5 ഡി എല്‍ടിപിഒ 2കെ ഡിസ്‌പ്ലേയാണ്. 120 ഹെര്‍ട്‌സ് വരെ റിഫ്രഷ്  റേറ്റുണ്ട്. 4എന്‍എം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറില്‍ 16 ജിബി വരെ റാമും 1 ടിബി വരെ സ്റ്റോറേജുമുണ്ട്. 

ലെയ്ക ബ്രാന്‍ഡിലുള്ള ട്രിപ്പിള്‍ റിയര്‍ ക്യാമറ മോഡ്യൂളില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനോടു കൂടിയ 50 എംപി ഹണ്ടര്‍ 900 സെന്‍സറും 50 എംപി ടെലിഫോട്ടോ ക്യാമറയും, 50 എംപി അള്‍ട്രാ വൈഡ് ക്യാമറയും ആണുള്ളത്. 32 എംപി ആണ് സെല്‍ഫി ക്യാമറ. 

5ജി കണക്ടിവിറ്റിയുള്ള ഫോണില്‍, വൈഫൈ 7, യുഎസ്ബി 3.2 പോര്‍ട്ട്, ബ്ലൂടൂത്ത്, ജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്, ബെയ്‌ഡോ, നാവിക്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ട്. ഐആര്‍ ബ്ലാസ്റ്റര്‍, ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഫേസ് അണ്‍ലോക്ക് സംവിധാനങ്ങളും ഫോണില്‍ ലഭ്യമാണ്. ഇതിലെ സ്റ്റീരിയോ സ്പീക്കറുകളില്‍ ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമുണ്ട്. ഐപി 68 ഡസ്റ്റ് വാട്ടര്‍ റെസിസ്റ്റന്റ് അംഗീകാരവും ഫോണിനുണ്ട്. 

4880 എംഎഎച്ച് ബാറ്ററിയാണിതില്‍. 120 വാട്ട് ചാര്‍ജിങ് പിന്തുണയ്ക്കും. 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും ഉണ്ട്. 10 വാട്ട് വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിങ് സൗകര്യവുമുണ്ട്. 223 ഗ്രാം ആണ് ഫോണിന്റെ ഭാരം. 

ഷാവോമി 14 സവിശേഷതകള്‍

ഷാവോമി 14 പ്രോയുടെ അതേ സോഫ്റ്റ് വെയര്‍ സംവിധാനങ്ങളോടെ എത്തുന്ന ഷാവോമി 14 ല്‍ 6.36 എല്‍ടിപിഎസ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 1.5 കെ റസലൂഷനുണ്ട്. 1 ഹെര്‍ട്‌സ് മുതല്‍ 120 ഹെര്‍ട്‌സ് അഡാപ്റ്റീവ് റിഫ്രഷ് റേറ്റുണ്ട്. 3000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് സ്‌ക്രീനിനുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസറില്‍ 12 എംപി റാമും 1 ടിബി സ്റ്റോറേജുമുണ്ട്. കണക്ടിവിറ്റി ഓപ്ഷനുള്‍ പ്രോ വെര്‍ഷനെ പോലെ തന്നെയാണ്. 

4610 എംഎഎച്ച് ബാറ്ററിയാണിതില്‍. 90 വാട്‌സ് ചാര്‍ജിങ് പിന്തുണയ്ക്കും. 50 വാട്ട് വയര്‍ലെസ് ചാര്‍ജിങും 10 വാട്ട് വയര്‍ലെസ് റിവേഴ്‌സ് ചാര്‍ജിങും സാധ്യമാണ്. 193 ഗ്രാം ആണ് ഇതിന് ഭാരം. 

വില

ഷാവോമി 14 പ്രോയുടെ 12GB + 256GB റാം സ്റ്റോറേജ് മോഡലിന് 4,999 യുവാന്‍ (ഏകദേശം 56,500 രൂപ) മുതല്‍ വില ആരംഭിക്കുന്നു. 16GB + 512GB വേരിയന്റിന് 5,499 യുവാന്‍ (ഏകദേശം 62,000 രൂപ), 16GB + 1TB കോണ്‍ഫിഗറേഷന്  5,999 യുവാന്‍ (ഏകദേശം 68,200 രൂപ), 16 ജിബി + 1 TB മോഡലിന് 6,490 യുവാന്‍ (ഏകദേശം 74000 രൂപ) എന്നിങ്ങനെ പോകുന്നു.

ഷാവോമി 14 ന്റെ 8GB + 256GB റാം സ്റ്റോറേജ് വേരിയന്റിന് 3,999 യുവാന്‍ (ഏകദേശം 50,000 രൂപ) ആണ് വില, 12GB + 256GB വേരിയന്റിന് 4,299യുവാന്‍ (ഏകദേശം 48,000 രൂപ) ആണ്. 16GB + 512GB മോഡലിന് 4,599 യുവാന്‍ (ഏകദേശം 52,000 രൂപ), 16GB + 1TB കോണ്‍ഫിഗറേഷന് 4,999 യുവാന്‍ (ഏകദേശം 56,000 രൂപ) എന്നിങ്ങനെയാണ് വില. 

Content Highlights: xiaomi 14 xiaomi 14 pro first smartphones with snapdragon 8 gen 3