വില കുറഞ്ഞ ഫോണുകളോടുള്ള ആ അവഗണന ഇനിയില്ല, പുതിയ നീക്കവുമായി സാംസങ്

ദീര്‍ഘകാലത്തെ ആന്‍ഡ്രോയിഡ് ഒഎസ് പിന്തുണയാണ് സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലുകളെ വേറിട്ടതാക്കുന്ന ഒരു പ്രധാന ഘടകം. ഗാലക്‌സി എസ് 24 സീരീസിന് ഏഴ് വര്‍ഷം വരെയാണ് കമ്പനി ആന്‍ഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റ് വാഗ്ദാനം ചെയ്യുന്നത്. പിന്നീട് പുതിയ ഗാലക്‌സി സെഡ് ഫോള്‍ഡ് 6, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 6 മോഡലുകള്‍ക്കും ഏഴ് വര്‍ഷക്കാലത്തെ സോഫ്റ്റ് വെയര്‍ പിന്തുണ കമ്പനി പ്രഖ്യാപിച്ചു.
ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ക്ക് ഈ പരിഗണന ലഭിക്കുമ്പോള്‍ വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ക്ക് വളരെ കുറച്ച് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റ് മാത്രമാണ് സാംസങ് നല്‍കിയിരുന്നത്. എന്നാല്‍ ഈ രീതി അവസാനിപ്പിച്ച്, ബജറ്റ്, മിഡ്‌റേഞ്ച് വിഭാഗത്തിലുള്ള ഗാലക്‌സി സ്മാര്‍ട്‌ഫോണുകള്‍ക്കും ദീര്‍ഘകാലത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് വാഗ്ദാനം ചെയ്യാനൊരുങ്ങുകയാണ് കമ്പനി.
ബജറ്റ് സ്മാര്‍ട്‌ഫോണായ ഗാലക്‌സി എ 16 5ജി സ്മാര്‍ട്‌ഫോണ്‍ അടുത്ത മാസം സാംസങ് അവതരിപ്പിക്കുമെന്നാണ് ദി ടെക്ക്ഔട്ട്‌ലുക്ക് നല്‍കുന്ന റിപ്പോര്‍ട്ട്. ഈ സ്മാര്‍ട്‌ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന് ദീര്‍ഘകാലത്തെ സോഫ്റ്റ് വെയര്‍ പിന്തുണ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരമാവധി ആറ് വര്‍ഷത്തെ എങ്കിലും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റും സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്‌സി എ16 5ജിയ്ക്ക് ലഭിക്കാനാണ് സാധ്യത. സാംസങിന്റെ സെയില്‍സ് ജീവനക്കാരുടെ പരിശീലനത്തിനുപയോഗിച്ച ചില സ്ലൈഡുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. ഇത് ശരിയെങ്കില്‍, ഇത്രയും നാളത്തെ സോഫ്റ്റ് വെയര്‍ പിന്തുണ ലഭിക്കുന്ന ചുരുക്കം ചില ബജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലൊന്നാവും ഇത്.
ആറ് വര്‍ഷത്തെ സോഫ്റ്റ് വെയര്‍ പിന്തുണ ലഭിക്കുമെങ്കിലും 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 90ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, ഐപി54 റേറ്റിങ്, എക്‌സിനോസ് 1330 പ്രൊസസര്‍ എന്നിവ ഉള്‍പ്പടെ ഒരു ബജറ്റ് സ്മാര്‍ട്‌ഫോണിന്റെ ഫീച്ചറുകളുമായിട്ടാവും ഫോണ്‍ എത്തുക.
Content Highlights: Samsung is extending long-term software support to budget phones