ഫോണിലെ പച്ചവര: കമ്പനി കൈയൊഴിഞ്ഞു; നിയമ പോരാട്ടത്തിൽ വിജയംനേടി മുൻ ബാങ്ക് മാനേജർ

#ടെക്‌നോളജി ഡെസ്‌ക്
1. പ്രതീകാത്മകചിത്രം 2. നഷ്ടപരിഹാരത്തുകയുടെ ചെക്കുമായി പ്രേമചന്ദ്രന്‍
1. പ്രതീകാത്മകചിത്രം 2. നഷ്ടപരിഹാരത്തുകയുടെ ചെക്കുമായി പ്രേമചന്ദ്രന്‍

സാംസങ് ഫോണുകളുടെ ഡിസ്‌പ്ലേയിൽ പലപ്പോഴും പ്രത്യക്ഷപ്പെടുന്ന പച്ചവര (ഗ്രീൻ, സിൽവർ ലൈൻ) ഉപയോക്താക്കൾക്കുണ്ടാക്കുന്ന തലവേദന ചെറുതല്ല. ഫോൺ വാങ്ങി അധികകാലം ആകുന്നതിന് മുമ്പുതന്നെ ഡിസ്‌പ്ലേയിൽ അപ്രതീക്ഷിതമായി പച്ചവര കാണുന്നതോടെ കമ്പനിയുമായി ബന്ധപ്പെട്ടും, ഡിസ്‌പ്ലേ മാറ്റാൻ വൻതുക ചെലവഴിച്ചും വലിയ ദുരിതമാണ് പല ഉപയോക്താക്കൾക്കും നേരിടേണ്ടിവരുന്നത്. ഒരുതവണ ഡിപ്ലേ മാറ്റിയാൽപോലും പച്ചവര വീണ്ടും പ്രത്യക്ഷപ്പെടാം. ഈ വിഷയത്തിൽ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽനിന്ന് അനുകൂല വിധി നേടിയിരിക്കുകയാണ് ഫെഡറൽ ബാങ്കിൽനിന്ന് ചീഫ് മാനേജറായി വിരമിച്ച പ്രേമചന്ദ്രൻ.

കോട്ടയത്തെ മുതിർന്ന അഭിഭാഷകൻ അഡ്വ. സതീഷ് ചന്ദ്രന്റെ നിയമസഹായം സ്വീകരിച്ചാണ് അദ്ദേഹം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ നിയമ പോരാട്ടം നടത്തിയത്. കമ്മീഷന്റെ ഉത്തരവിനെ തുടർന്ന് കോട്ടയം സാംസങ് സർവീസ് സെന്റർ ഫോണിന്റെ ഡിസ്പ്ലേ പൂർണ്ണമായും സൗജന്യമായി മാറ്റി നൽകി. കോടതി ചെലവായ 3,000 രൂപയുടെ ചെക്ക് സാംസങ് കമ്പനി കൈമാറിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സാംസങ് ഫോണുകളിലെ 'ഗ്രീൻ/സിൽവർ ലൈൻ' പ്രശ്‌നവും ഉപഭോക്തൃ കോടതിയിലൂടെ നേടിയ നീതിയും:

എന്റെ അനുഭവം

സാംസങ് ഗ്യാലക്‌സി S21 FE ഫോണുകളിൽ ഡിസ്പ്ലേയിൽ അപ്രതീക്ഷിതമായി വരികൾ പ്രത്യക്ഷപ്പെടുന്ന പ്രശ്‌നം നേരിടുന്നവർക്ക് ഉപകാരപ്പെടാൻ വേണ്ടിയാണ് ഞാൻ എന്റെ അനുഭവം ഇവിടെ പങ്കുവെക്കുന്നത്.

മേയ് 2022: സാംസങ് ഗ്യാലക്‌സി S21 FE (വില: 56,000) വാങ്ങി.

ഫെബ്രുവരി 28, 2024: ഫോണിന്റെ ഡിസ്പ്ലേയിൽ സിൽവർ ലൈനുകൾ പ്രത്യക്ഷപ്പെട്ടു.

ഓതറൈസ്ഡ് സർവീസ് സെന്ററിൽ കാണിച്ചപ്പോൾ ഡിസ്പ്ലേ മാറ്റാൻ ?9,500 ചെലവ് വരുമെന്ന് അറിയിച്ചു.

സർവീസ് സെന്ററിലെ മറുപടിയിൽ തൃപ്തനാകാതെ സാംസങ് കമ്പനിയുമായി തുടർച്ചയായി ഇമെയിൽ വഴിയും മറ്റും ബന്ധപ്പെട്ടതിനെ (Series of correspondence) തുടർന്ന് കമ്പനി സൗജന്യമായി ഡിസ്പ്ലേ മാറ്റി നൽകി.

എന്നാൽ പുതിയ ഡിസ്പ്ലേ മാറ്റിയതിന് ശേഷവും

സെപ്റ്റംബർ 12, 2025ംവീണ്ടും സ്‌ക്രീനിൽ ഇതേ ലൈനുകൾ പ്രത്യക്ഷപ്പെട്ടു.

ഇത്തവണ സാംസങ് കമ്പനിയെ സമീപിച്ചെങ്കിലും സൗജന്യമായി ഡിസ്പ്ലേ മാറ്റി നൽകാൻ അവർ തയ്യാറായില്ല.

കമ്പനിയുടെ നിലപാടിനെതിരെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായില്ല. തുടർന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ (District Consumer Disputes Redressal Commission, Kottayam) കേസ് ഫയൽ ചെയ്തു.

കേസ് വാദിച്ചതിനെ തുടർന്ന് എനിക്ക് അനുകൂലമായി കോടതി വിധി വന്നു:

ഫോണിന്റെ ഡിസ്പ്ലേ സൗജന്യമായി മാറ്റി നൽകുക.

കോടതി ചെലവിലേക്കായി ?3,000 നഷ്ടപരിഹാരം പരാതിക്കാരന് നൽകുക.

കോടതി ഉത്തരവിനെ തുടർന്ന് കോട്ടയം സാംസങ് സർവീസ് സെന്റർ ഫോണിന്റെ ഡിസ്പ്ലേ പൂർണ്ണമായും സൗജന്യമായി മാറ്റി നൽകുകയും, കോടതി ചെലവായ ?3,000 രൂപയുടെ ചെക്ക് സാംസങ് കമ്പനി എനിക്ക് കൈമാറുകയും ചെയ്തു.

ഫോണിന്റെ വാറന്റി കഴിഞ്ഞതുകൊണ്ടോ കമ്പനി സർവീസ് നിഷേധിച്ചതുകൊണ്ടോ നമ്മൾ പിന്മാറേണ്ടതില്ല. ഉൽപന്നത്തിന് നിർമ്മാണ വൈകല്യം (Manufacturing Defect) ഉണ്ടെങ്കിൽ അത് ചോദിച്ച വാങ്ങാൻ ഉപഭോക്തൃ അവകാശ നിയമങ്ങൾ നമ്മളെ സഹായിക്കും. സമാനമായ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക് ഇത്തരത്തിൽ നിയമവഴിയിലൂടെ നീതി നേടിയെടുക്കാൻ എന്റെ ഈ അനുഭവം ഉപകരിക്കുമെന്ന് കരുതുന്നു.

Content Highlights: Samsung Galaxy S21 FE users face recurring green and silver line display defects., Kottayam District Consumer Disputes Redressal Commission ruled in favor of the customer., Samsung was ordered to replace the display for free and pay Rs 3,000 as court expenses., Highlights the importance of consumer rights against manufacturing defects even after warranty.