സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ്, 8.9mm കനം, 174999 രൂപ; സാംസങ് ‌Galaxy Z Fold 7 പുറത്തിറക്കി

Samsung Z fold 7 | Photo: Samsung
Samsung Z fold 7 | Photo: Samsung

കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണുമായി സാംസങ്. ജൂലായ് 9 ബുധനാഴ്ച ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ നടന്ന ഗാലക്‌സി അണ്‍പാക്ക്ഡ് പരിപാടിയില്‍ വെച്ചാണ് സാംസങ് പുതിയ ഗാലക്‌സി സീ ഫോള്‍ഡ് 7 സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിച്ചത് . 2000 ഡോളര്‍ വിലയുള്ള ഗാലക്‌സി സീ ഫോള്‍ഡ് 7 ജൂലായ് 25 മുതല്‍ ആഗോളവിപണിയിലെത്തും.

ഒരു പുസ്തകം പോലെ തുറക്കാനാവുന്ന ഈ ഫോണ്‍ മുന്‍ പതിപ്പിനേക്കാൾ കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണാണ്. ഫോള്‍ഡ് ചെയ്താല്‍ 8.9 എംഎം കനമുള്ള ഈ ഗാലക്‌സി സീ ഫോള്‍ഡ് 7 ന് 215 ഗ്രാം ആണ് ഭാരം. എങ്കിലും ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ എന്ന നേട്ടം ഓണര്‍ മാജിക് വി5 സ്മാര്‍ട്‌ഫോണിനാണ് 8.8എംഎം കനമാണ് ഇതിനുള്ളത്. 

ഗാലക്‌സി സീ ഫോള്‍ഡ് 7 നൊപ്പം ഗാലക്‌സി സീ ഫ്‌ളിപ്പ് 7 , ഗാലക്‌സി സീ ഫ്‌ളിപ്പ് 7 എഫ്ഇ സ്മാര്‍ട്‌ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. ഈ ഫോണുകള്‍ക്ക് യഥാക്രമം 1099.99 ഡോളറും 899.99 ഡോളറുമാണ് വില. 

ഇന്ത്യയിലെ വില

ഇന്ത്യയില്‍ ഗാലക്‌സി സീ ഫോള്‍ഡ് 7 ന് 174999 മുതല്‍ ആയിരിക്കും വില. ഗാലക്‌സി സീ ഫ്‌ളിപ്പ് 7 ന് 109999 രൂപയിലും ഗാലക്‌സി സീ ഫ്ളിപ്പ് 7 എഫ്ഇയ്ക്ക് 89999 രൂപയിലും ആയിരിക്കും വില ആരംഭിക്കുക. 

പ്രധാന സവിശേഷതകള്‍

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റിലാണ് ഗാലക്‌സി സീ ഫോള്‍ഡ് 7 ന്റെ പ്രവര്‍ത്തനം. 12 ജിബി+512 ജിബി, 12 ജിബി + 256 ജിബി, 16 ജിബി+ 1ടിബി സ്റ്റോറേജ് വേരിയന്റുകളാണ് ഫോണിനുള്ളത്. 

ഡിസ്‌പ്ലേ

2184x1968 പിക്‌സല്‍ റസലൂഷനുള്ള ക്യുഎക്‌സ് വിജിഎ + ഡൈനാമിക് അമോലെഡ് 2എക്‌സ് പ്രധാന ഡിസ്‌പ്ലേയാണിതിന്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 2520 x 1080 പിക്‌സല്‍ റസലൂഷനുള്ള ഫുള്‍ എച്ച്ഡിപ്ലസ് ഡൈനാമിക് അമോലെഡ് 2എക്‌സ് സ്‌ക്രീനാണ് സബ് ഡിസ്‌പ്ലേയില്‍ നല്‍കിയിരിക്കുന്നത്.

ക്യാമറ 

  • റിയര്‍ ക്യാമറ- 200 എംപി + 12 എംപി + 10 എംപി
  • ഓട്ടോഫോക്കസ് സൗകര്യം
  • ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍
  • ഒപ്റ്റിക്കല്‍ സൂം 3x, ഒപ്റ്റിക്കല്‍ ക്വാളിറ്റി സൂം 2x (അഡാപ്റ്റീവ് പിക്‌സല്‍ സെന്‍സര്‍ , 30x വരെ ഡിജിറ്റല്‍ സൂം
  • ഫ്രണ്ട് ക്യാമറ- 10എംപി
  • കവര്‍ ക്യാമറ -10 എംപി
  • വീഡിയോ റെക്കോര്‍ഡിംഗ് റെസല്യൂഷന്‍- UHD 8K (7680 x 4320)@30fps
  • സ്ലോ മോഷന്‍- 240fps @FHD, 120fps @FHD, 120fps @UHD
  • ഗാലക്‌സി സീ ഫോള്‍ഡ് 7 ല്‍ ഡ്യുവല്‍ നാനോ സിം സൗകര്യമുണ്ട്. ഇതില്‍ ഒരു സിം കാര്‍ഡിന് പകരം ഇ-സിം ഉപയോഗിക്കുകയും ചെയ്യാം. യുഎസ്ബി ടൈപ്പ് സി കണക്ടിവിറ്റിയുണ്ട്.  വൈഫൈ, ബ്ലൂടൂത്ത് വി5.4, കണക്ടിവിറ്റിയുണ്ട്. 4400 എംഎഎച്ച് ബാറ്ററിയാണിതില്‍.
     

Content Highlights: Samsung unveils Galaxy Z Fold7, a thinner foldable phone with a 200MP camera