ഐഫോൺ ഫോൾഡിനെ നേരിടാനൊരുങ്ങി സാംസങ്; വീതിയേറിയ സ്ക്രീനുമായി പുതിയ ഫോൾഡബിൾ എത്തുന്നു

ഈ വർഷത്തെ ഗാലക്സി അൺപാക്ക്ഡ് ഇവന്റിൽ സാംസങ് വീതിയേറിയ ഒരു ഫോൾഡബിൾ ഡിവൈസ് പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഗാലക്സി സി ഫോൾഡ് 8-ന് ഒപ്പമായിരിക്കും ഇത് എത്തുക. ജൂലായ് 22-ന് ലണ്ടനിൽ വെച്ച് ഗാലക്സി അൺപാക്ക്ഡ് ഇവന്റ് നടത്താനാണ് ദക്ഷിണകൊറിയൻ ഇലക്ട്രോണിക്സ് ഭീമനായ സാംസങ് നിശ്ചയിച്ചിരിക്കുന്നത്.
സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോൾഡബിൾ ഉപകരണങ്ങൾ ഈ പരിപാടിയിൽ എത്തുമെന്നാണ് കൊറിയ ഇലക്ട്രോണിക്സ് ടൈംസ് പറയുന്നത്. അക്കൂട്ടത്തിൽ വീതിയേറിയ ഫോൾഡബിൾ സ്ക്രീനുള്ള ഉപകരണവും ഉണ്ടാവുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
പുതിയ സീരീസിൽ സാംസങ് എസ് പെൻ തിരികെവരുമെന്നാണ് റിപ്പോർട്ട് അവകാശപ്പെടുന്നത്. ആൻഡ്രോയിഡ് രംഗത്തെ എതിരാളികളും സ്റ്റൈലസ് ഉപയോഗം വർധിപ്പിക്കുന്നുണ്ട്.
ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഐഫോൺ ഈ വർഷം സെപ്റ്റംബറിൽ അവതരിപ്പിക്കപ്പെടും എന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് സാംസങ് പുതിയ ഫോൾഡബിൾ രംഗത്തിറക്കുമെന്ന വാർത്ത വരുന്നതെന്നതും ശ്രദ്ധേയമാണ്. വൈകിയാണ് ആപ്പിൾ ഈ രംഗത്തേക്ക് വരുന്നതെങ്കിലും ഐഫോണിൽ നിന്നുണ്ടാകാനിടയുള്ള മത്സരം വലുതായിരിക്കും. പ്രത്യേകിച്ചും ചൈനീസ് വിപണിയിൽ.
ഈ വർഷത്തെ അൺപാക്ക്ഡ് ഇവന്റിൽ ഗാലക്സി സി ഫോൾഡ് 8 അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകളെങ്കിലും ഇതിൽ കമ്പനിയുടെ ഭാഗത്തുനിന്നുള്ള സ്ഥിരീകരണങ്ങളൊന്നുമില്ല. ഇതോടൊപ്പം ഗാലക്സി വാച്ചിന്റെ പുതിയ മോഡലുകളും രംഗത്തിറക്കിയേക്കും. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ നടന്ന അൺപാക്ക്ഡ് ഇവന്റിലാണ് ഗാലക്സി ഫോൾഡ് 7, ഫ്ലിപ്പ് 7 മോഡലുകൾ അവതരിപ്പിച്ചത്. പാരീസിൽ വെച്ചാണ് ഫോൾഡ് 6, ഫ്ലിപ്പ് 6 ഡിവൈസുകൾ എത്തിയത്. ദക്ഷിണകൊറിയയിലാണ് ഫോൾഡ് 5, ഫ്ലിപ്പ് 5 എന്നിവ അവതരിപ്പിച്ചത്. ഈ വർഷം ഫെബ്രുവരി 25-നാണ് സാംസങ്ങിന്റെ ഏറ്റവും പുതിയ ഗാലക്സി എസ് 26 ഫോണുകൾ എത്തിയത്.
Content Highlights: Samsung is set to unveil a revolutionary wide-screen foldable device alongside the Galaxy Z Fold 8 at the Galaxy Unpacked event in London on July 22, strategically positioning itself ahead of Apple's rumored foldable iPhone debut.