200MP ക്യാമറയും 7,000mAh ബാറ്ററിയും; റിയൽമി 16 പ്രോ സീരീസ് ഇന്ത്യയിൽ

#Tech Desk
Realme Pro + 5G | Photo: Realme
Realme Pro + 5G | Photo: Realme

ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമി, റിയൽമി 16 പ്രോ 5ജി , റിയൽമി 16 പ്രോ പ്ലസ് 5ജി എന്നീ ഫോണുകൾ ചൊവ്വാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. താമസിയാതെ, പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിലൂടെയും കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഫോണുകൾ വിൽപനയ്ക്കെത്തും. ഇന്ത്യയ്ക്ക് മാത്രമായി രണ്ട് എക്സ്ക്ലൂസീവ് കളർ ഓപ്ഷനുകൾ ഉൾപ്പെടെ മൂന്ന് നിറങ്ങളിലാണ് ഇവ വിപണിയിലെത്തുക.

റിയൽമി 16 പ്രോ സീരീസിൽ 200 മെഗാപിക്‌സൽ പ്രൈമറി ഷൂട്ടർ അടങ്ങിയ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണുള്ളത്. റിയൽമി 16 പ്രോ 5ജിയിൽ 6.78 ഇഞ്ച് ഡിസ്പ്ലേയാണെങ്കിൽ, പ്രോ പ്ലസ് മോഡലിൽ 6.8 ഇഞ്ച് അമോലെഡ് സ്‌ക്രീനാണുള്ളത്.

റിയൽമി 16 പ്രോ സീരീസ് വില വിവരങ്ങൾ

  • റിയൽമി 16 പ്രോ 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഉള്ള ബേസ് വേരിയന്റിന് 31,999 രൂപയാണ് ഇന്ത്യയിലെ വില.
  • 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഉള്ള ഉയർന്ന വേരിയന്റിന് 33,999 രൂപയാണ് വില.
  • 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് മോഡലിന് 36,999 രൂപയാണ് വില.
    തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ കമ്പനി 3,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നുണ്ട്.
  • റിയൽമി 16 പ്രോ പ്ലസ് 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 39,999 രൂപയാണ് വില.
  • 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 41,999 രൂപയുമാണ് വില.
  • 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ് എൻഡ് വേരിയന്റിന് 44,999 രൂപയാണ് വില.
    തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകളിൽ 4,000 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്‌കൗണ്ട് കമ്പനി നൽകുന്നുണ്ട്.

രണ്ട് സ്മാർട്ഫോൺ മോഡലുകളും ജനുവരി 9 മുതൽ ഫ്‌ലിപ്പ്കാർട്ടിലൂടെയും റിയൽമി ഓൺലൈൻ സ്റ്റോറിലൂടെയും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. റിയൽമി 16 പ്രോ 5ജി മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഇന്ത്യ-എക്സ്‌ക്ലൂസീവ് ഓർക്കിഡ് പർപ്പിൾ എന്നീ നിറങ്ങളിൽ വിൽപനയ്ക്കെത്തും. റിയൽമി 16 പ്രോ പ്ലസ് 5ജി മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, ഇന്ത്യ-എക്സ്‌ക്ലൂസീവ് കാമലിയ പിങ്ക് എന്നീ നിറങ്ങളിൽ ലഭിക്കും.

റിയൽമി 16 പ്രോ സീരീസ് സവിശേഷതകൾ

ആൻഡ്രോയിഡ് 16 അധിഷ്ഠിത റിയൽമി യുഐ 7.0-ലാണ് ഡ്യുവൽ സിം ഫോണുകളായ റിയൽമി 16 പ്രോ പ്ലസ് 5ജിയും റിയൽമി 16 പ്രോ 5ജിയും പ്രവർത്തിക്കുന്നത്. പ്രോ പ്ലസ് മോഡലിൽ 144Hz വരെ റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാംപ്ലിംഗ് റേറ്റ്, 6,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം DCI-P3 കളർ ഗാമറ്റ്, 1.07 ബില്യൺ കളറുകൾ എന്നിവയുള്ള 6.8 ഇഞ്ച് 1,280 x 2,800 പിക്‌സൽ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്.

അതേസമയം, റിയൽമി 16 പ്രോ 5ജിയിൽ അല്പം ചെറിയ 6.78 ഇഞ്ച് 1,272x2,772 പിക്‌സൽ ഡിസ്‌പ്ലേയാണുള്ളത്. ഇതിൽ 1,400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും, 450 ppi പിക്‌സൽ ഡെൻസിറ്റിയും, പ്രോ പ്ലസ് മോഡലിന് സമാനമായ മാക്‌സിമം റിഫ്രഷ് റേറ്റും കളർ ഗാമറ്റും ഉണ്ട്.

പ്രൊസസർ

ക്വാൽകോമിന്റെ ഒക്ടാ കോർ 4nm സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റാണ് റിയൽമി 16 പ്രോ പ്ലസ് 5ജിക്ക് കരുത്തുപകരുന്നത്. ഇതിൽ ഒരു പ്രൈം കോർ, നാല് പെർഫോമൻസ് കോറുകൾ, മൂന്ന് എഫിഷ്യൻസി കോറുകൾ എന്നിവയുണ്ട്. ഇത് 2.8GHz പീക്ക് ക്ലോക്ക് സ്പീഡ് നൽകുന്നു. അഡ്രിനോ 722 ജിപിയു (GPU) ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അതേസമയം, എആർഎം മാലി G615 ജിപിയുവോട് കൂടിയ ഒക്ടാ കോർ 4nm മീഡിയടെക് ഡൈമൻസിറ്റി 7300 മാക്‌സ് 5ജി ചിപ്സെറ്റാണ് റിയൽമി 16 പ്രോ 5ജിക്ക് കരുത്തേകുന്നത്. പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിനായി രണ്ട് ഹാൻഡ്സെറ്റുകളിലും IP66 + IP68 + IP69 + IP69K റേറ്റിംഗുകൾ ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.

ക്യാമറ

ക്യാമറകളുടെ കാര്യമെടുത്താൽ, റിയൽമി 16 പ്രോ സീരീസിൽ 200 മെഗാപിക്‌സൽ (f/1.8) പ്രൈമറി റിയർ ക്യാമറയാണുള്ളത്. റിയൽമി 16 പ്രോ 5ജിയിൽ 8 മെഗാപിക്‌സൽ (f/2.2) അൾട്രാവൈഡ് ക്യാമറയും, റിയൽമി 16 പ്രോ പ്ലസ് 5ജിയിൽ 50 മെഗാപിക്‌സൽ (f/2.8) അൾട്രാവൈഡ് ക്യാമറയും നൽകിയിരിക്കുന്നു. രണ്ട് ഫോണുകളിലും 50 മെഗാപിക്‌സൽ (f/2.4) സെൽഫി ക്യാമറകളുണ്ട്. പ്രോ പ്ലസ് മോഡലിൽ 60fps-ൽ 4K റെസല്യൂഷൻ വീഡിയോകൾ വരെ റെക്കോർഡ് ചെയ്യാൻ സാധിക്കും.

ബാറ്ററി

കൂടാതെ, 80W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ടൈറ്റൻ ബാറ്ററികളാണ് രണ്ട് ഫോണുകളിലുമുള്ളത്.

മറ്റ് സവിശേഷതകൾ
കണക്റ്റിവിറ്റിക്കായി 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, USB ടൈപ്പ്-സി പോർട്ട് എന്നിവയുണ്ട്. ‌റിയൽമി 16 പ്രോ പ്ലസ് 5ജിയുടെ മാസ്റ്റർ ഗോൾഡ് കളർ വേരിയന്റിന് 8.49mm കനവും ഏകദേശം 203 ഗ്രാം ഭാരവുമുണ്ട്. റിയൽമി 16 പ്രോ 5ജിക്ക് 7.8mm കനവും ഏകദേശം 192 ഗ്രാം ഭാരവുമാണുള്ളത്.

Content Highlights: Realme has officially launched the 16 Pro 5G series in India, featuring a 200MP primary camera, a massive 7,000mAh battery