10000 mAh ബാറ്ററി, ആഴ്ചകളോളം ഓഫാവില്ല; വിപണി വിറപ്പിക്കാന്‍ റിയല്‍മി സ്മാര്‍ട്‌ഫോണ്‍ അടുത്തവര്‍ഷം

റിയല്‍മി അടുത്തിടെ 15,000 എംഎഎച്ച് ബാറ്ററിയുള്ള ഒരു കണ്‍സെപ്റ്റ് സ്മാര്‍ട്ട്ഫോണ്‍ (Concept Phone) അവതരിപ്പിച്ചിരുന്നു. ഇത് ഒരു പ്രദര്‍ശന മോഡല്‍ മാത്രമായിരുന്നെങ്കിലും, ശക്തമായ ബാറ്ററി ശേഷിയുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. 10,000 എംഎഎച്ച് (mAh) ബാറ്ററിയുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ 2026 ആദ്യം ഉത്പാദനം ആരംഭിക്കുമെന്നാണ് ഒരു റിയല്‍മി (Realme) ഉദ്യോഗസ്ഥന്റെ സോഷ്യല്‍ മീഡിയാ പ്രതികരണം നല്‍കുന്ന സൂചന. അതേ വര്‍ഷം തന്നെ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാകാനും സാധ്യതയുണ്ട്.
ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ വെയ്‌ബോയിലൂടെയാണ് (Weibo) ഈ വിവരം പുറത്തുവന്നത്. 10,000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന്റെ ഉല്‍പ്പാദനം വര്‍ഷാവസാനത്തോടെ ആരംഭിക്കുമോ എന്ന ഒരു ഉപഭോക്താവിന്റെ ചോദ്യത്തിന്, റിയല്‍മി വൈസ് പ്രസിഡന്റ് ചേസ് ഷു 'വര്‍ഷം ആദ്യം' എന്ന് മറുപടി നല്‍കി. ഇത് 2026ന്റെ തുടക്കത്തില്‍ ഉത്പാദനം ആരംഭിക്കുമെന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്, എങ്കിലും കൃത്യമായ തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
2025 മെയ് മാസത്തില്‍ ഇന്ത്യയില്‍ നടന്ന ഒരു പരിപാടിയില്‍ റിയല്‍മി ജിടി 7 എന്ന കണ്‍സെപ്റ്റ് ഫോണ്‍ അവതരിപ്പിച്ചിരുന്നു. 10,000 എംഎഎച്ച് ബാറ്ററിയും 320 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് (Fast Charging) പിന്തുണയും ഈ ഫോണിന്റെ സവിശേഷതകളാണ്. എന്നാല്‍, വൈസ് പ്രസിഡന്റിന്റെ മറുപടിയില്‍ പരാമര്‍ശിച്ച ഫോണ്‍ ഇതു തന്നെയാണോ എന്ന് വ്യക്തമല്ല.
15,000 എംഎഎച്ച് ബാറ്ററിയുള്ള കണ്‍സെപ്റ്റ് ഫോണ്‍
കഴിഞ്ഞ ആഴ്ച നടന്ന 828 ഫാന്‍ ഫെസ്റ്റിവലില്‍ റിയല്‍മി 15,000 എംഎഎച്ച് ബാറ്ററിയുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ ആശയം അവതരിപ്പിച്ചു. ഈ ഫോണ്‍ മറ്റ് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു പവര്‍ബാങ്കായും പ്രവര്‍ത്തിക്കും. 18 മണിക്കൂര്‍ വീഡിയോ റെക്കോര്‍ഡിങ് (Video Recording), 30 മണിക്കൂര്‍ ഗെയിമിങ് (Gaming), ഒറ്റ ചാര്‍ജില്‍ അഞ്ച് ദിവസത്തെ സാധാരണ ഉപയോഗം, സ്റ്റാന്‍ഡ്ബൈ മോഡില്‍ (Standby Mode) മൂന്ന് മാസത്തെ ചാര്‍ജ് എന്നിവയാണ് ഈ ബാറ്ററിയുടെ വാഗ്ദാനങ്ങള്‍.
Content Highlights: Realme Vice President Chase Xu confirmed a 10,000mAh battery smartphone, possibly the GT 7 concept