35,000 രൂപയിൽ കരുത്തൻ! നത്തിങ് ഫോൺ (4ബി) ഇന്ത്യൻ വിപണിയിൽ: അറിയേണ്ടതെല്ലാം

നത്തിങ്ങിന്റെ പുതിയ ബി സീരീസിലെ ആദ്യ സ്മാർട്‌ഫോണായ നത്തിങ് ഫോൺ (4ബി) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. മെമ്മറി ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ നത്തിങ് ഇപ്പോൾ വിൽപനയിലുള്ള ഫോണുകളുടെ വില വർധിപ്പിച്ച പശ്ചാത്തലത്തിലാണ് ഈ പുതിയ ഫോൺ എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. നത്തിങ് ഫോൺ (4എ) ഇപ്പോൾ 39999 രൂപയിലാണ് വില ആരംഭിക്കുന്നത്. ഫോൺ (4എ) പ്രോയ്ക്ക് 49999 രൂപയും. ഈ സാഹചര്യത്തിലാണ് 35000 റേഞ്ചിൽ ഫോൺ (4ബി) എത്തുന്നത്.
ഫോൺ (4ബി)-യുടെ 8ജിബി+128ജിബി വേരിയന്റിന് 34999 രൂപയാണ് വില. 8ജിബി+256ജിബി വേരിയന്റിന് 38699 രൂപയും വിലയുണ്ട്. ബാങ്ക് ഡിസ്കൗണ്ടുകളോടെ ഫോൺ (4ബി) യഥാക്രമം 29999 രൂപയ്ക്കും 33699 രൂപയ്ക്കും വാങ്ങാം. ജൂലൈ 14 മുതൽ ഫ്ലിപ്പ്കാർട്ട്, ക്രോമ, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ് തുടങ്ങിയ റീട്ടെയിൽ പങ്കാളികൾ വഴി ഈ ഫോണുകൾ ലഭ്യമാകും.
നത്തിങ് ഫോൺ (4ബി)-യുടെ പ്രധാന സവിശേഷതകൾ
- ഫോൺ (4എ) പ്രോയിലെ യൂണിബോഡി ഡിസൈനും, ഫോൺ (4എ)-യിലെ ഗ്ലിഫ് ബാറും (Glyph Bar) സമന്വയിപ്പിച്ചാണ് ഈ ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിലെ പോളികാർബണേറ്റ് യൂണിബോഡിക്ക് ഫോൺ (3എ) ലൈറ്റിനേക്കാൾ 20 ശതമാനം അധികം ബെൻഡ് റെസിസ്റ്റൻസുണ്ട്. ഇതിന് IP64 റേറ്റിങ് ഉണ്ട്, ഒപ്പം കടുത്ത താപനിലകളിലും വെള്ളത്തിലും ഇതിന്റെ പ്രതിരോധ ശേഷി പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കറുപ്പ്, വെളുപ്പ്, നീല എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും.
- 45 മിനി-എൽഇഡികൾ ഉൾക്കൊള്ളുന്ന ഇതിലെ ഗ്ലിഫ് ബാറിന് പഴയതിനേക്കാൾ 40% തെളിച്ചം കൂടുതലാണ്. നോട്ടിഫിക്കേഷനുകൾക്ക് പുറമെ, യൂബർ, സൊമാറ്റോ, ഗൂഗിൾ മാപ്പ് എന്നിവ ട്രാക്ക് ചെയ്യാനും, ചാർജിങ് പുരോഗതി അറിയാനും ഇത് സഹായിക്കും. ക്യാമറ റെക്കോർഡ് ചെയ്യുമ്പോൾ മറ്റുള്ളവരെ അറിയിക്കാനായി ഒരു ചുവന്ന റെക്കോർഡിംഗ് ലൈറ്റും ഇതിലുണ്ട്.
- 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സ്, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവ ഉൾപ്പെടുന്ന 6.77 ഇഞ്ച് സൂപ്പർ അമോലെഡ് (Super AMOLED) ഡിസ്പ്ലേയാണ് ഫോണിലുള്ളത്.
- ക്വാൽകോം സ്നാപ്ഡ്രാഗൺ 6 Gen 4 പ്രോസസ്സറാണ് ഫോണിന് കരുത്തേകുന്നത്. ഗെയിമിങ് സമയത്ത് ഫോൺ ചൂടാകാതിരിക്കാൻ ഒരു മികച്ച കൂളിങ് സിസ്റ്റം ഇതിൽ നൽകിയിട്ടുണ്ട്. ബിജിഎംഐ (BGMI) പോലുള്ള ഗെയിമുകൾ 90എഫ്പിഎസിൽ വരെ കളിക്കാനും ഇതിലെ പ്രോസസ്സർ സഹായിക്കും.
- നത്തിങ് ഫോണുകളിൽ ഇതുവരെ നൽകിയിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ബാറ്ററിയാണ് ഇതിലുള്ളത്; ഇന്ത്യയിൽ 6,000mAh ബാറ്ററിയും ആഗോളതലത്തിൽ 5,200mAh ബാറ്ററിയുമാണ് കമ്പനി നൽകുന്നത്. 33W വയർഡ് ചാർജിംഗ് പിന്തുണയുള്ള ഇതിൽ 27 മിനിറ്റിനുള്ളിൽ 50 ശതമാനവും, ഏകദേശം 80 മിനിറ്റിനുള്ളിൽ ഫുൾ ചാർജും ലഭിക്കും.
- OIS, EIS പിന്തുണയുള്ള 50MP സാംസങ് പ്രൈമറി ക്യാമറ, 8MP അൾട്രാവൈഡ് ക്യാമറ, 16MP സാംസങ് ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന ക്യാമറ സവിശേഷതകൾ. 30fps-ൽ 4K വീഡിയോ റെക്കോർഡിംഗും, ഗൂഗിളുമായി ചേർന്ന് വികസിപ്പിച്ചെടുത്ത അൾട്രാ XDR ഫോട്ടോ ക്യാപ്‌ചറിങ്ങും ഇതിൽ സാധ്യമാണ്.
- ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള നത്തിങ് ഒഎസ് 4.1-ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 3 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും 6 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഉറപ്പുനൽകുന്നു. എസൻഷ്യൽ നിർമിത ബുദ്ധി ടൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: The newly launched Nothing Phone (4b) brings a premium transparent design and a massive 6,000mAh battery to the Indian budget segment, starting at an effective price of ₹29,999.