സ്നാപ്ഡ്രാഗൺ 7 സീരീസ്, പുത്തൻ ഗ്ലിഫ് ബാർ- നത്തിങ് ഫോൺ 4a, 4a പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു

യുകെയിൽ നിന്നുള്ള സ്മാർട്ട്ഫോൺ ബ്രാൻഡായ നത്തിങ് തങ്ങളുടെ പുതിയ ഫോൺ സീരീസായ നത്തിങ് ഫോൺ (4a), നത്തിങ് ഫോൺ (4a) പ്രോ എന്നിവ ഇന്ത്യയിൽ അവതരിപ്പിച്ചു. മാർച്ച് അഞ്ചിനാണ് പുതിയ ഫോണുകൾ വിപണിയിൽ എത്തിയത്. പുതിയ പ്രോസസറുകൾ, പെരിസ്കോപ്പ് ക്യാമറകൾ, മികച്ച ഗ്ലിഫ് സംവിധാനം എന്നിവയോടെയാണ് ഈ സീരീസ് പുറത്തിറങ്ങിയിരിക്കുന്നത്.
നത്തിങ് ഫോൺ (4a) സവിശേഷതകൾ
സ്നാപ്ഡ്രാഗൺ 7എസ് ജെൻ 4 പ്രോസസറാണ് ഫോൺ (4a) മോഡലിന് കരുത്തേകുന്നത്. 120Hz റിഫ്രഷ് റേറ്റ് നൽകുന്ന 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. സ്ക്രീൻ സുരക്ഷയ്ക്കായി കോർണിങ് ഗൊറില്ല ഗ്ലാസ് 7i നൽകിയിട്ടുണ്ട്. പുതുക്കിയ ഗ്ലിഫ് ബാർ സംവിധാനമാണ് ഫോണിന്റെ പിൻഭാഗത്തെ പ്രധാന ആകർഷണം. മുൻ മോഡലുകളേക്കാൾ 40 ശതമാനം കൂടുതൽ പ്രകാശം നൽകുന്ന 63 മിനി എൽ.ഇ.ഡികൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ക്യാമറയുടെ കാര്യത്തിൽ, 50MP പ്രൈമറി സെൻസർ, 2.5x ഒപ്റ്റിക്കൽ സൂമും 70x അൾട്രാ സൂമും നൽകുന്ന 50MP സാംസങ് JN5 പെരിസ്കോപ്പ് ക്യാമറ, 8MP അൾട്രാവൈഡ് ലെൻസ് എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഇതിലുള്ളത്. 50W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,400 mAh ബാറ്ററിയും ഈ ഫോണിലുണ്ട്. 8GB RAM-ഉം 128GB സ്റ്റോറേജുമുള്ള ബേസ് വേരിയന്റിന്റെ വില 31,999 രൂപയാണ്. 256GB സ്റ്റോറേജുള്ള മറ്റ് രണ്ട് വേരിയന്റുകൾ യഥാക്രമം 34,999 രൂപയ്ക്കും (8GB RAM), 37,999 രൂപയ്ക്കും (12GB RAM) ലഭ്യമാണ്.
നത്തിങ് ഫോൺ (4a) പ്രോ സവിശേഷതകൾ
കൂടുതൽ മികച്ച സവിശേഷതകളുമായാണ് പ്രോ മോഡൽ എത്തിയിരിക്കുന്നത്. സ്നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്സെറ്റിൽ പ്രവർത്തിക്കുന്ന ഇതിൽ 144Hz റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. മെറ്റൽ യൂണിബോഡിയും അലുമിനിയം ഫ്രെയിമും ഉള്ള ഈ ഫോണിന്റെ പിൻഭാഗത്ത് ഐഫോൺ 17 പ്രോയ്ക്ക് സമാനമായ വലിയ റെക്ടാംഗുലർ ക്യാമറ ഐലൻഡും ഗ്ലിഫ് മാട്രിക്സും ഉൾപ്പെടുത്തിയിരിക്കുന്നു.
50MP പ്രൈമറി സെൻസർ, 3.5x ഒപ്റ്റിക്കൽ സൂമുള്ള 50MP പെരിസ്കോപ്പ് ലെൻസ്, 8MP അൾട്രാവൈഡ് ഷൂട്ടർ എന്നിവയാണ് പ്രധാന ക്യാമറകൾ. കൂടാതെ 32MP സെൽഫി ക്യാമറയുമുണ്ട്. IP65 റേറ്റിങ്ങുള്ള ഈ ഫോണിന് 50W ചാർജിങ് സപ്പോർട്ടുള്ള 5,400mAh ബാറ്ററിയാണുള്ളത്. പ്രോ മോഡലിന്റെ വില (8GB RAM + 128GB) 39,999 രൂപ മുതൽ ആരംഭിക്കുന്നു. 256GB സ്റ്റോറേജുള്ള 8GB RAM, 12GB RAM വേരിയന്റുകൾക്ക് യഥാക്രമം 42,999 രൂപ, 45,999 രൂപ എന്നിങ്ങനെയാണ് വില.
സോഫ്റ്റ്‌വെയർ
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള NothingOS 4.0 പതിപ്പിലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്. കൂടാതെ മൂന്ന് വർഷത്തെ ഒ.എസ്. അപ്‌ഡേറ്റുകളും ആറ് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും കമ്പനി ഉറപ്പുനൽകുന്നു.
വിൽപ്പന
ലോഞ്ച് ഓഫറിന്റെ ഭാഗമായി, തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ ഫോൺ (4a) മോഡലിന് 3,000 രൂപയുടെയും പ്രോ മോഡലിന് 4,000 രൂപയുടെയും കിഴിവ് ലഭിക്കും. ഇതുകൂടി ചേരുമ്പോൾ ഫോണുകൾ യഥാക്രമം 24,999 രൂപയ്ക്കും 34,999 രൂപയ്ക്കും സ്വന്തമാക്കാം. മാർച്ച് 13 മുതൽ ഫ്ലിപ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, വിജയ് സെയിൽസ്, ക്രോമ തുടങ്ങിയ റീട്ടെയിൽ സ്റ്റോറുകൾ വഴി ഈ ഫോണുകൾ വിപണിയിൽ ലഭ്യമാകും.
Content Highlights: Nothing has officially launched the Phone 4a and 4a Pro in India featuring Snapdragon processors, advanced periscope cameras, and an upgraded Glyph lighting system, with prices starting at an effective launch rate of ₹24,999.