ഇന്ത്യയിലെ വിൽപ്പനയിൽ 52% വർധന; സ്മാർട്ട്ഫോൺ ബ്രാൻഡുകളിൽ മൂന്നാംസ്ഥാനം ലക്ഷ്യമിട്ട് മോട്ടറോള

മുംബൈ: അടുത്ത രണ്ടുവർഷംകൊണ്ട് ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്മാർട്ട്ഫോൺ ബ്രാൻഡാകാൻ ലക്ഷ്യമിട്ട് മോട്ടോറോള. ലോകത്തിനായി ഇന്ത്യയിൽ നിർമിക്കുക, ഘടകങ്ങൾക്കായി അനുകൂല പശ്ചാത്തലം വിപുലീകരിക്കുക, നിർമിത ബുദ്ധിയുടെ സങ്കലനം, രൂപകല്പനയിലെ വൈവിധ്യവത്കരണം എന്നിങ്ങനെ വിവിധ പദ്ധതികൾ ഇതിന്റെ ഭാഗമായി ആസൂത്രണം ചെയ്തു വരുന്നതായി കമ്പനിയുടെ ഏഷ്യ പസഫിക് വിഭാഗം വൈസ് പ്രസിഡന്റ് പ്രശാന്ത് മാനി പറഞ്ഞു.
ഒരു വർഷത്തിനിടെ ഇന്ത്യയിലെ വിൽപ്പനയിൽ 52 ശതമാനം വർധനയുണ്ടായി. ഇതോടെ വിപണി വിഹിതം 8.3 ശതമാനമായി ഉയർന്നതായും അദ്ദേഹം അറിയിച്ചു. മുംബൈയിൽ കമ്പനിയുടെ പുതിയ അൾട്ര പ്രീമിയം സ്മാർട്ട്ഫോണായ മോട്ടറോള സിഗ്നേച്ചർ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഉപഭോക്താക്കളെ മുൻനിർത്തി, കർവ് സ്ക്രീനുകളും 7,000 എംഎഎച്ച് വരെ ബാറ്ററിശേഷിയുമുള്ള പുതിയ ഫോണുകൾ തയ്യാറാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ സംവിധാനം ഉൾപ്പെടുത്തി ഏറ്റവും മികച്ച ക്യാമറാ സംവിധാനമാണ് സിഗ്നേച്ചർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. സോണിയുടെ ലിറ്റിയ 828 ആണ് മെയിൻ ക്യാമറയായി നൽകിയിരിക്കുന്നത്. 8 കെ വീഡിയോ റെക്കോഡിങ്, സ്നാപ്ഡ്രാഗൺ എട്ട് ചിപ്പ്സെറ്റ്, 4 കെ ഡോൾബി വിഷൻ, എഐ ഉപയോഗിച്ചുള്ള ഫോട്ടോ എൻഹാൻസ്മെന്റ് എൻജിൻ എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളാണ് കമ്പനി മുന്നോട്ടുവെക്കുന്നത്.
വിമാനനിർമാണത്തിനുപയോഗിക്കുന്ന അലൂമിനിയം ഉപയോഗിച്ചാണ് ബോഡി. ഏഴു വർഷം വരെ സോഫ്റ്റ് വേർ, സുരക്ഷാ അപ്ഡേറ്റുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. കാർബൺ മാറ്റ്ഫിനിഷ്, ഗോൾഡൻ ക്യൂ എന്നിങ്ങനെ രണ്ടു നിറങ്ങളിലെത്തുന്ന ഫോണിന് 54,599 രൂപ മുതൽ 69,999 രൂപ വരെയാണ് വില. ഫ്ളിപ്കാർട്ട് വഴി ഓൺലൈനിൽ ഫോണുകൾ ലഭ്യമാകും.
Content Highlights: Motorola Aims to be India’s 3rd Largest Smartphone Brand; Launches Signature AI Phone