ഇനി മണിക്കൂറുകൾ, പുതിയ iPhone മോഡലുകൾ വിപണിയിലേക്ക്; പിന്നിൽ ഇന്ത്യൻ കമ്പനികളുടെ ചടുലനീക്കങ്ങളും

#ടെക്‌നോളജി ഡെസ്‌ക്
ഐഫോണ്‍ 18 പ്രോ മാക്‌സ്, ഐഫോണ്‍ ഡ്യൂവോ | AFP, Apple
ഐഫോണ്‍ 18 പ്രോ മാക്‌സ്, ഐഫോണ്‍ ഡ്യൂവോ | AFP, Apple

ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ഐഫോൺ മോഡലുകൾ വിപണിയിലെത്താൻ ഇനി മണിക്കൂറുകൾ മാത്രം. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഐഫോൺ ഡ്യൂവോയും, 18 പ്രോ, പ്രോ മാക്‌സ് എന്നിവയുമാണ് വെള്ളിയാഴ്ച (സെപ്റ്റംബർ 18) വിപണിയിലെത്തുന്നത്.

ഐഫോൺ ആരാധകരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽക്കാത്തവിധം പുതിയ മോഡലുകൾ കൃത്യസമയത്ത് ലോകത്തെ വിവിധ രാജ്യങ്ങളിലെ വിപണിയിലെത്തുന്നത് ഉറപ്പാക്കാൻ രാപകലില്ലാതെ പ്രവർത്തിച്ചത് പ്രധാനമായും ഇന്ത്യയിലെ ഫാക്ടറികളാണ് എന്നതാണ് ശ്രദ്ധേയം.

ചാർട്ടർ വിമാനങ്ങളിൽ ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ യു.എസിലേക്കടക്കം പറന്നതിന്റെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫോക്‌സ്‌കോണിന്റെയും ടാറ്റയുടെയും ഫാക്ടറികളിലാണ് ഇന്ത്യയിൽ പുതിയ ഐഫോണുകൾ നിർമിച്ചത്. ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോണായ ഡ്യുയോ ഇന്ത്യയിൽ നിർമ്മിക്കുന്നില്ല. പ്രോ, പ്രോ മാക്‌സ് മോഡലുകളാണ് ഇന്ത്യയിലെ ഫാക്ടറികളിൽ നിർമിക്കുന്നത്.

അസംബ്ലി ലൈനുകളുടെ എണ്ണം വർധിപ്പിക്കാൻ നീക്കം

നിലവിൽ ഇന്ത്യയിലെ രണ്ട് ഫാക്ടറികളിലാണ് പുതിയ ഐഫോൺ മോഡലുകളുടെ ഉത്പാദനം നടക്കുന്നത്. ഫോക്‌സ്‌കോണിന്റെയും ടാറ്റ ഇലക്ട്രോണിക്‌സിന്റേതുമാണ് ഈ ഫാക്ടറികൾ. ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾ ലോകമെമ്പാടും എത്തിക്കുന്നതിനായി ഈ രണ്ട് ഫാക്ടറികൾക്കും രാപകൽ ഭേദമില്ലാതെ പ്രവർത്തിക്കേണ്ടിവന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ചെന്നൈയിൽ നിന്ന് ഒന്നിലധികം ചാർട്ടേർഡ് വിമാനങ്ങളാണ് ഇന്ത്യയിൽ നിർമിച്ച പുതിയ ഐഫോൺ മോഡലുകളുമായി വിവിധ രാജ്യങ്ങളിലേക്ക് പറന്നത്. പുതിയ പ്രോ മോഡലുകൾ നിർമ്മിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ ഫാക്ടറികൾ. ആഗോള ആവശ്യകത കണക്കിലെടുത്ത് കമ്പനി അസംബ്ലി ലൈനുകളുടെ എണ്ണം പന്ത്രണ്ടായി ഉയർത്തുന്നത് അടക്കമുള്ളവയാണ് രണ്ട് കമ്പനികളും പരിഗണിക്കുന്നത്.

ആഗോള ലോഞ്ചിന് മുന്നോടിയായി കഴിഞ്ഞ ആഴ്ചതന്നെ ആപ്പിൾ വൻതോതിൽ ഐഫോണുകൾ ചാർട്ടേർഡ് വിമാനങ്ങളിൽ വിവിധ രാജ്യങ്ങളിൽ എത്തിച്ചിരുന്നു.

മെയ്ഡ് ഇൻ ഇന്ത്യ ഐഫോണുകൾ ആദ്യ ദിവസം തന്നെ ആഗോള വിപണിയിലെത്തുന്നത് ഇത് രണ്ടാം തവണയാണ്. ഇന്ത്യയിൽ നിർമിച്ച പ്രോ, പ്രോ മാക്‌സ് മോഡലുകൾ ആദ്യമായും. കഴിഞ്ഞ വർഷം ഇന്ത്യയിൽ നിർമിച്ച ഐഫോൺ 17 വിൽപ്പനയുടെ ആദ്യ ദിവസം തന്നെ വിപണിയിലെത്തിയിരുന്നു, പ്രോ, പ്രോ മാക്‌സ് എന്നിവയും പിന്നീട് വന്നു. മുമ്പൊക്കെ ഇന്ത്യയിൽ നിർമിച്ച ഐഫോണുകൾ ആഗോള വിപണിയിലെത്താൻ ദിവസങ്ങൾ മുതൽ മാസങ്ങൾ വരെ താമസം നേരിടാറുണ്ടായിരുന്നു. അതിനാണ് ഇപ്പോൾ മാറ്റംവന്നിരിക്കുന്നത്.

Content Highlights: India-made iPhone 18 Pro and Pro Max models are being shipped globally via chartered flights for Friday's launch., Foxconn and Tata Electronics factories in India are producing the latest Pro models., Around 80-90% of local production will be exported overseas, with the US as the largest destination., This marks a significant milestone in the maturation of India's local manufacturing ecosystem.