അമ്പമ്പോ! 7300 mAh ഭീമന്‍ ബാറ്ററിയുമായി ഐഖൂ Z10, ലോഞ്ച് തീയ്യതിയും മറ്റ് വിവരങ്ങളും പുറത്ത്‌

IQOO Z10 5G | Photo: x.com/nipunmarya
IQOO Z10 5G | Photo: x.com/nipunmarya

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഐഖൂ അടുത്ത മാസം ഒരു വമ്പന്‍ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ്. അടുത്ത മാസം കമ്പനിയുടെ Z സീരീസില്‍ ഐഖൂ Z10 5ജി എന്ന പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് ഐഖൂ ഇന്ത്യ മേധാവി നിപുണ്‍ മര്യയാണ് ഈ പുതിയ ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്.

ഈ ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത 7300 mAh-ന്റെ അതിശക്തമായ ബാറ്ററിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പുറത്തിറങ്ങിയ ഫോണുകളുടെ ബാറ്ററികളില്‍ ഏറ്റവും വലുത് ഇതായിരിക്കും.

ഇപ്പോള്‍ ഫോണിന്റെ ബാക്ക് പാനലിന്റെ രൂപവും മറ്റ് ചില സവിശേഷതകളും നിപുണ്‍ മര്യ പുറത്തുവിട്ടിട്ടുണ്ട്. ഐഖൂ Z10ന്റെ ബാക്ക് പാനലില്‍ മുകളില്‍ വൃത്താകൃതിയിലുള്ള വലിയ ഒരു ക്യാമറ മോഡ്യൂള്‍ ഉണ്ടാകും. മൂന്ന് ക്യാമറകളും വൃത്താകൃതിയിലുള്ള ഒരു ഫ്‌ലാഷ് ലൈറ്റും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്ലേസിയര്‍ സില്‍വര്‍ എന്നൊരു കളര്‍ ഓപ്ഷനും ഫോണിനുണ്ടാവും. ഫോണിന്റെ കനം 0.789 സെന്റിമീറ്ററായിരിക്കും.

ഫോണില്‍ എന്തെല്ലാം പ്രതീക്ഷിക്കാം ?

ഐഖൂ Z9 5G-യുടെ പിന്‍ഗാമിയാണ് ഐഖൂ Z10 5G. പുതിയ മോഡലില്‍ സ്‌നാപ്ഡ്രാഗണ്‍ 7 Gen 4 ചിപ്‌സെറ്റ് ഉപയോഗിക്കുമെന്നാണ് സൂചന. 1.5K റെസലൂഷനുള്ള ഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഫോണിന്. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 5 ആയിരിക്കും ഇതിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.

7300 mAh ബാറ്ററി ഉള്ളതിനാല്‍ ഫോണ്‍ കൂടുതല്‍ സമയം ഉപയോഗിക്കാന്‍ സാധിക്കും. 90 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഈ ഫോണില്‍ ലഭ്യമാകും. 6.67 ഇഞ്ച് ക്വാഡ് അമോലെഡ് സ്‌ക്രീനാണ് ഫോണില്‍ പ്രതീക്ഷിക്കുന്നത്. 120 Hz റിഫ്രഷ് റേറ്റും 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഡിസ്പ്ലേയ്ക്ക് ഉണ്ടാകും. ഫോണിന്റെ വിവിധ മോഡലുകളുടെ വില 20,000 മുതല്‍ 30,000 രൂപ വരെ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Content Highlights: iQOO Z10 5G launching soon with a massive 7300mAh battery,