108 എംപി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 7 ജെന്‍ 2, വീട്ടിലിരുന്ന് റിപ്പയര്‍ ചെയ്യാം; എച്ച്എംഡി സ്‌കൈലൈന്‍

Photo: HMD
Photo: HMD

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതിയൊരു പരീക്ഷണത്തിന് ഇറങ്ങിയിരിക്കുകയാണ് നോക്കിയ ഫോണുകള്‍ നിര്‍മിക്കുന്ന എച്ച്എംഡി. സ്‌കൈലൈന്‍ എന്ന പേരില്‍ പുതിയ മിഡ്‌റേഞ്ച് സ്മാര്‍ട്‌ഫോണ്‍ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 7എസ് ജെന്‍ 2 ചിപ്പ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍, പഴയ നോക്കിയ ലൂമിയ ഫോണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 

എളുപ്പം റിപ്പയര്‍ ചെയ്യാന്‍ സാധിക്കുന്ന മോഡ്യൂലാര്‍ ഡിസൈന്‍ ഫോണുകളിലൂടെ ശ്രദ്ധേയരായ ഫെയര്‍ ഫോണിനെ അനുകരിച്ച് എളുപ്പം ഡിസൈന്‍ ചെയ്യാനാവുന്ന രീതിയിലാണ് എച്ച്എംഡി സ്‌കൈലൈന്‍ ഒരുക്കിയിരിക്കുന്നത്. 

6.55 ഇഞ്ച് വലിപ്പമുള്ള ഒഎല്‍ഇഡി സ്‌ക്രീന്‍ ആണിതിന്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. 1000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുണ്ട്. പിങ്ക്, കറുപ്പ് നിറങ്ങളിലാണ് വിപണിയിലെത്തുക. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഫോണിനുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാം. 108 എംപി പ്രൈമറി ക്യാമറിയില്‍ ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുണ്ട്. 50 എംപി ടെലിഫോട്ടോ ക്യാമറയും 13 എംപി അള്‍ട്രാ വൈഡ് ക്യാമറയും ഫോണിനുണ്ട്. 

അത്യാവശ്യം മെച്ചപ്പെട്ട ഫീച്ചറുകളാണിവ എന്ന് സംശയമൊന്നുമില്ല. എന്നാല്‍ ഫോണിന്റെ പ്രധാന സവിശേഷത നേരത്തെ സൂചിപ്പിച്ച പോലെ എളുപ്പം റിപ്പയര്‍ ചെയ്യാം എന്നതാണ്. 

ഫോണിന്റെ ബാക്ക് പാനല്‍ ഒരു സ്‌ക്രൂ അഴിച്ചെടുത്ത് എളുപ്പം വേര്‍പെടുത്താന്‍ സാധിക്കും. സ്‌ക്രീന്‍, ചാര്‍ജിങ് പോര്‍ട്ട്, ബാറ്ററി പോലുള്ളവ ഉപഭോക്താവിന് തന്നെ എളുപ്പം മാറ്റി സ്ഥാപിക്കാനാവും. ഐഫിക്‌സിറ്റുമായി സഹകരിച്ച് ഫോണിന്റെ ഘടകങ്ങളും വിപണിയിലെത്തിക്കുമെന്ന് എച്ച്എംഡി വ്യക്തമാക്കിയിട്ടുണ്ട്.

ഫോണിലെ ഡീറ്റോക്‌സ് മോഡ് ഉപയോഗിച്ചാല്‍ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് പോലുള്ള ആപ്പുകളില്‍ നിന്നുള്ള നോട്ടിഫിക്കേഷനുകള്‍ തടയാനും ആപ്പ് ഉപയോഗം നിയന്ത്രിക്കാനുമാവും. 

4600 എംഎഎച്ച് ബാറ്ററിയിലാണ് ഫോണിന്റെ പ്രവര്‍ത്തനം 33 വാട്ട് ചാര്‍ജിങ് സൗകര്യവുമുണ്ട്. 15 വാട്ട് മാഗ്നറ്റിക് വയര്‍ലെസ് ചാര്‍ജിങ് സൗകര്യവും എച്ച്എംഡി സ്‌കൈലൈനിലുണ്ട്. ചാര്‍ജിങ് അഡാപ്റ്റര്‍ പ്രത്യേകം വാങ്ങണം. ഐഫോണിലെ ആക്ഷന്‍ ബട്ടന് സമാനമായി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന പവര്‍ ബട്ടനും ഫോണിനുണ്ട്. ഇതില്‍ തന്നെയാണ് ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉള്ളത്. 

രണ്ട് ആന്‍ഡ്രോയിഡ് അപ്‌ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
 

Content Highlights: HMD Skyline, Repairable Smartphone, Fairphone, Nokia Lumia Model