ജിയോയ്ക്കും എയര്‍ടെല്ലിനും വെല്ലുവിളിയായി BSNL: ടവറില്ലാതെയും നെറ്റ്‌വര്‍ക്ക്, ഡി2ഡി പരീക്ഷണം വിജയം

ന്യൂഡല്‍ഹി: ആഗോള സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വിയാസാറ്റുമായി ചേര്‍ന്ന് രാജ്യത്തെ പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ നടത്തിയ ഡയറക്ട് ടു ഡിവൈസ് (ഡി2ഡി) ടെക്‌നോളജി പരീക്ഷണം വിജയം.
ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കും വിപണിയില്‍ ലഭ്യമായ സ്മാര്‍ട്ട് വാച്ചുകള്‍ക്കും മറ്റ് സ്മാര്‍ട്ട് ഉപകരണങ്ങള്‍ക്കും പുതിയ സാങ്കേതികവിദ്യ അനുയോജ്യമാണ്. വിദൂര പ്രദേശങ്ങളിലോ നെറ്റ്‌വര്‍ക്ക് തകരാര്‍ സംഭവിക്കുമ്പോഴോ പോലും തടസ്സമില്ലാത്ത കണക്റ്റിവിറ്റി നല്‍കുക എന്നതാണ് പുതിയ സാങ്കേതികവിദ്യയുടെ സവിശേഷത.
മൊബൈൽ ഫോണുകളിലും സ്മാര്‍ട്ട് വാച്ചുകളിലും മാത്രമല്ല കാറുകളില്‍ പോലും ഡി2ഡി കണക്ടിവിറ്റി ലഭ്യമാകും. ലൊക്കേഷന്‍ പരിഗണിക്കാതെ തന്നെ ഇത് വിശ്വസനീയമായ കണക്റ്റിവിറ്റി നല്‍കും.
പുതിയ സാങ്കേതിക വിദ്യയില്‍ നടത്തിയ പരീക്ഷണം വിജയം കണ്ടതായി വിയാസാറ്റും ബിഎസ്എന്‍എലും അറിയിച്ചു. രാജ്യത്താദ്യമായിട്ടാണ് ഇത്തരത്തിലൊരു പരീക്ഷണം.
എന്‍ടിഎന്‍ കണക്റ്റിവിറ്റി എനേബിള്‍ ചെയ്തിട്ടുള്ള ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണില്‍ സാറ്റ്‌ലൈറ്റ് വഴിയുള്ള ടു-വേ മെസേജിംഗ്, എസ്ഒഎസ് മെസേജിംഗാണ് വിയാസാറ്റ് വിജയിപ്പിച്ചത്. 36,000 കിലോമീറ്റര്‍ അകലെയുള്ള വിയാസാറ്റ് ജിയോസ്റ്റേഷനറി എല്‍-ബാന്‍ഡ് സാറ്റ്‌ലൈറ്റുകള്‍ ഒന്ന് വഴിയായിരുന്നു സന്ദേശം അയച്ചത്. വിയാസാറ്റ് വഴി സെല്‍ഫോണുകളിലേക്കുള്ള ഈ സാറ്റ്‌ലൈറ്റ് സര്‍വീസ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് എളുപ്പം ഉപയോഗിക്കാന്‍ കഴിയുമെന്ന് വിയാസാറ്റ് അവകാശപ്പെട്ടു.
Content Highlights: BSNL-Viasat claim successful trial of direct-to-device satellite services for first time in India