ഐഫോണ്‍ 17 ന് റെക്കോര്‍ഡ് വില്പന; 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിപണിയില്‍ ഒന്നാമനാവാന്‍ ആപ്പിള്‍

#Technology Desk
ഐഫോൺ 17 പ്രോ മാക്സ്| ഫോട്ടോ: gettyimages
ഐഫോൺ 17 പ്രോ മാക്സ്| ഫോട്ടോ: gettyimages

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആപ്പിള്‍ പല വിമര്‍ശനങ്ങളും നേരിടുന്നുണ്ട്. പുതിയതായി ഒന്നും തന്നെ അവതരിപ്പിക്കുന്നില്ലെന്നും, എഐ രംഗത്ത് പരാജയമാണെന്നും സിലിക്കണ്‍ വാലിയിലെ മറ്റ് കമ്പനികളെല്ലാം മുന്നേറുകയാണെന്നുമെല്ലാമുള്ള വിമര്‍ശനങ്ങള്‍ അക്കൂട്ടത്തിലുണ്ട്. എന്നാല്‍ അതിനിടെ ആപ്പിളിന് അമ്പരപ്പിക്കുന്ന മുന്നേറ്റമുണ്ടായിരിക്കുകയാണ്. പുതിയതായി പുറത്തിറക്കിയ ഐഫോണ്‍ 17 സീരീസിന് ലഭിച്ചിരിക്കുന്ന വലിയ സ്വീകാര്യതയാണ് കമ്പനിയെ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്നേറാന്‍ സഹായിച്ചത്.

2025-ല്‍ സാംസങിനേക്കാള്‍ കൂടുതല്‍ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ആപ്പിള്‍ തയ്യാറെടുക്കുകയാണെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച് പറയുന്നു. 14 വര്‍ഷത്തിനിടെ ആദ്യമായി സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ ആപ്പിള്‍ സാംസങിനെ മറികടക്കുമെന്നും സ്ഥാപനം പറയുന്നു. ഈ വര്‍ഷം 24.3 കോടി സ്മാര്‍ട്‌ഫോണുകള്‍ ആപ്പിള്‍ കയറ്റുമതി ചെയ്‌തേക്കും. സാംസങ് 23.5 കോടി ഫോണുകള്‍ കയറ്റുമതി ചെയ്യും. നേരത്തെ ലോകത്തെ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളില്‍ ഒന്നാം സ്ഥാനം സാംസങ്ങിനായിരുന്നു.

പഴയ ഉപഭോക്താക്കള്‍ വന്‍തോതില്‍ ഫോണുകള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതും ഈ നേട്ടത്തിന് കാരണമായിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. കോവിഡ് കാലത്ത് സ്മാര്‍ട്‌ഫോണ്‍ വാങ്ങിയവര്‍ ഇപ്പോള്‍ അവ അപ്‌ഗ്രേഡ് ചെയ്യുന്ന ഘട്ടത്തിലാണ്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് സീനിയര്‍ അനലിസ്റ്റ് യാങ് വാങ് പറഞ്ഞു. 2029 വരെ ആപ്പിള്‍ ആഗോള സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ മുന്നിലുണ്ടാവുമെന്നും സ്ഥാപനം പ്രവചിക്കുന്നു.

ഐഫോണ്‍ 17, ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നിങ്ങനെ മൂന്ന് മോഡലുകളാണ് ആപ്പിള്‍ 17 സീരീസിലുള്ളത്. ഇവയ്‌ക്കൊപ്പം ഐഫോണ്‍ എയര്‍ മോഡലും കമ്പനി പുറത്തിറക്കിയിരുന്നു. പ്രധാനവിപണികളിലെല്ലാം ഈ സീരീസിന് വലിയ സ്വീകാര്യതയുണ്ട്. 2025 ല്‍ ഐഫോണ്‍ വില്‍പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 10% വളര്‍ച്ചയുണ്ടാകുമെന്നും കൗണ്ടർപോയിന്റ് റിസർച്ച് പറഞ്ഞു. ഇത് മൊത്തം സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പ്രതീക്ഷിക്കുന്ന 3.3 ശതമാനം വളര്‍ച്ചയേക്കാള്‍ കൂടുതലാണ്.

2026 ല്‍ ആപ്പിള്‍ അവരുടെ ആദ്യ ഫോള്‍ഡബിള്‍ ഐഫോണ്‍ അവതരിപ്പിക്കുമെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഇത് ആപ്പിളിന് വിപണിയില്‍ നേട്ടമായേക്കും. ഐഫോണ്‍ എയറും, ഫോള്‍ഡും, ഒപ്പം വരാനിരിക്കുന്ന ഐഫോണ്‍ 18 സീരീസ് ഫോണുകളും ഉള്‍പ്പടെ അഞ്ച് മോഡലുകള്‍ ആപ്പിളിന്റേതായി വിപണിയിലുണ്ടാവും. സാംസങും ഗൂഗിളുമെല്ലാം മുന്നിലുള്ള ഫോള്‍ഡബിള്‍ സ്മാര്‍ട്‌ഫോണ്‍ രംഗത്തേക്ക് ശക്തനായ പുതിയൊരു മത്സരാര്‍ഥിയും ഇതോടെ രംഗപ്രവേശം ചെയ്യും. 

Content Highlights: Apple`s iPhone 17 series drives massive growth, set to surpass Samsung in smartphone shipments by 2025. Discover the comeback!