ആക്ടീവ് നോയ്സ് കാൻസലേഷനും ആപ്പ് പിന്തുണയുമായി ഗോബോൾട്ട് ടെനെറ്റ് പ്രോ പുറത്തിറക്കി

#ടെക്നോളജി ഡെസ്ക്
Photo: GoBoult
Photo: GoBoult

ഇന്ത്യയിലെ ബജറ്റ് ടിഡബ്ല്യുഎസ് (TWS) വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഓഡിയോ ബ്രാൻഡായ ഗോബോൾട്ട് (GoBoult) 'ടെനെറ്റ് പ്രോ' (Tenet Pro) അവതരിപ്പിച്ചു. കഴിഞ്ഞ ജനുവരിയിൽ പുറത്തിറങ്ങി വിപണിയിൽ ശ്രദ്ധ നേടിയ 'ടെനെറ്റ്' മോഡലിന്റെ പിൻഗാമിയാണ് ഇത്. ടെനെറ്റ് സീരീസിന്റെ തനതായ ഡിസൈൻ ശൈലി നിലനിർത്തിക്കൊണ്ടുതന്നെ, മെച്ചപ്പെട്ട ഹാർഡ്‌വെയർ അപ്‌ഗ്രേഡുകളിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ മികച്ച ഓഡിയോ അനുഭവം നൽകുകയാണ് കമ്പനിയുടെ ലക്ഷ്യം. കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോബോൾട്ട് ഈ മോഡൽ ഒരുക്കിയിരിക്കുന്നത്.

‌വില

മികച്ച ഫീച്ചറുകൾക്കൊപ്പം ആകർഷകമായ വിലയുമാണ് ടെനെറ്റ് പ്രോയുടെ പ്രധാന സവിശേഷത, സ്റ്റാൻഡേർഡ് റീട്ടെയിൽ വില 1,699 രൂപ ആണെങ്കിലും പ്രത്യേക ലോഞ്ച് ഓഫറിന്റെ ഭാഗമായി പരിമിത കാലത്തേക്ക് 1,499 രൂപയ്ക്ക് ഇയർബഡ്‌സ് സ്വന്തമാക്കാം. ക്രിംസൺ റെഡ്, ഫ്രോസ്റ്റ് വൈറ്റ്, ഒലിവ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകൾ ലഭ്യമാണ്. ഗോബോൾട്ട് ഔദ്യോഗിക വെബ്സൈറ്റ്, ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവിടങ്ങളിൽനിന്ന് വാങ്ങാം.

ആക്ടീവ് നോയ്സ് കാൻസലേഷൻ

പ്രീമിയം ഓഡിയോ അനുഭവം നൽകുന്നതിനായി നൂതനമായ സാങ്കേതിക വിദ്യകളാണ് ടെനെറ്റ് പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിലെ 13mm ഡൈനാമിക് ഡ്രൈവറുകൾ കരുത്തുറ്റ ബാസ്സും വ്യക്തമായ ശബ്ദവും നൽകാൻ സഹായിക്കുന്നു. മികച്ച സൗണ്ട് ക്വാളിറ്റിക്കായി AAC, SBC കോഡെക്കുകളെ  പിന്തുണയ്ക്കുന്നു. നഗരത്തിലെ തിരക്കുകളോ ഓഫീസിലെ ബഹളങ്ങളോ തടസ്സപ്പെടുത്താതെ സംഗീതം ആസ്വദിക്കാൻ 32dB വരെയുള്ള ശബ്ദങ്ങളെ പ്രതിരോധിക്കുന്ന 32dB ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ (ANC) ഫീച്ചറും ഇതിലുണ്ട്. വ്യക്തമായ കോളിംഗ് അനുഭവം നൽകുന്നതിനായി നാല് മൈക്രോഫോണുകളും എൻവയോൺമെന്റൽ നോയിസ് ക്യാൻസലേഷനും ഇതിലുണ്ട്. ഗെയിമർമാർക്കായി 45ms ലോ ലാറ്റൻസി (Low Latency) മോഡ് ഇതിലുണ്ട്, ശബ്ദത്തിലെ കാലതാമസം പരമാവധി കുറയ്ക്കുന്നു.

‌കണക്ടിവിറ്റി

ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.4 വേർഷനും, ഒരേസമയം രണ്ട് ഉപകരണങ്ങളുമായി ബന്ധിപ്പിക്കാൻ കഴിയുന്ന 'ഡ്യുവൽ ഡിവൈസ് പെയറിംഗ്' സൗകര്യവും ലഭ്യമാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളിൽ പ്രവർത്തിക്കുന്ന ഇതിൽ എഐ വോയ്‌സ് അസിസ്റ്റന്റ് പിന്തുണയുമുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ താത്പര്യം അനുസരിച്ച് ശബ്ദക്രമീകരണങ്ങൾ നടത്താനും സൗണ്ട് പ്രീ സെറ്റുകൾ മാറ്റാനുമെല്ലാം സഹായിക്കുന്ന ഗോ ബൗൾട്ട് ആപ്പ് പിന്തുണയും ഈ ഇയർഫോണുകൾക്കുണ്ട്.

ബാറ്ററിയും ചാർജിങും

ചാർജിങ് കേസ് സഹിതം ആകെ 75 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന പ്ലേബാക്ക് സമയമാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. യുഎസ്ബി ടൈപ്പ്-സി (USB Type-C) പോർട്ട് വഴിയുള്ള ഫാസ്റ്റ് ചാർജിംങ് ഇതിനെ കൂടുതൽ വേഗത്തിൽ ചാർജ് ചെയ്യാൻ സഹായിക്കുന്നു. അതേസമയം, ബാറ്ററി കപ്പാസിറ്റി എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Audio brand GoBoult has launched its latest budget-friendly TWS earbuds, the 'Tenet Pro', in India featuring 32dB Active Noise Cancellation (ANC), 75-hour playback time, and a special launch price of ₹1,499.