ചൈനീസ് ടെക്‌നോളജി ചതിച്ചു; ഇന്ത്യൻ കവചിത വാഹനം വാങ്ങാൻ ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങൾ

#ഡിഫന്‍സ് ഡെസ്‌ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാസബ്ലാങ്ക: ആഗോള പ്രതിരോധ വിപണിയിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് ടാറ്റ ഗ്രൂപ്പിന്റെ കവചിത വാഹനങ്ങൾ (WhAP 8×8 -Wheeled Armoured Platform) ആഫ്രിക്കൻ, യൂറോപ്യൻ രാജ്യങ്ങളുടെ ശ്രദ്ധാകേന്ദ്രമാകുന്നു. മുമ്പ് ഇതേ ശ്രേണിയിലുള്ള ചൈനീസ് വാഹനങ്ങളായിരുന്നു ആഫ്രിക്കൻ രാജ്യങ്ങളിൽ ഉപയോഗിച്ചിരുന്നത്. ചൈനീസ് വാഹനങ്ങളുടെ വിശ്വാസ്യതയില്ലായ്മ, സ്‌പെയർ പാർട്‌സുകളുടെ ലഭ്യതക്കുറവ്, വിതരണ ശൃംഖലയിലെ തടസ്സങ്ങൾ എന്നിവമൂലം മുമ്പ് ചൈനയെ ആശ്രയിച്ചിരുന്നവർ ഇപ്പോൾ ടാറ്റയുടെ കവചിത വാഹനത്തിലേക്ക് ആകൃഷ്ടരായിട്ടുണ്ട്.

മൊറോക്കോയിലെ കാസബ്ലാങ്കയ്ക്ക് സമീപം അത്യാധുനിക നിർമ്മാണ കേന്ദ്രം ആരംഭിച്ചതോടെയാണ് ആഫ്രിക്കൻ, യൂറോപ്യൻ മേഖലയിൽ ടാറ്റ തങ്ങളുടെ സ്വാധീനം വർധിപ്പിക്കുകയും ചെയ്തു.

ആഫ്രിക്കയിലെ കഠിനമായ കാലാവസ്ഥയിൽ ചൈനീസ് എഞ്ചിനുകൾ പരാജയപ്പെടുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, ഡിആർഡിഒയും ടാറ്റയും ചേർന്ന് വികസിപ്പിച്ചതും നിലവിൽ ഇന്ത്യൻ സൈന്യത്തിന്റെ ഭാഗവുമായ WhAP 8×8 പരീക്ഷിക്കാൻ ആഫ്രിക്കൻ രാജ്യങ്ങൾ മുന്നോട്ടുവന്നിട്ടുണ്ട്. ഒരു രാജ്യത്തിന്റെ സൈന്യം ഔദ്യോഗികമായി സ്വീകരിച്ച പ്ലാറ്റ്ഫോം എന്നത് ഇതിന്റെ ഗുണമേന്മയുടെ തെളിവായി ആഗോള വിപണിയിൽ കണക്കാക്കും.

8×8 വീൽ കോൺഫിഗറേഷനിൽ പ്രവർത്തിക്കുന്ന ഈ വാഹനത്തിന് കരയിൽ മണിക്കൂറിൽ 100 കിലോ മീറ്റർ വേഗതയും വെള്ളത്തിൽ (Amphibious) മണിക്കൂറിൽ 10 കിലോ മീറ്റർ വേഗതയും കൈവരിക്കാൻ സാധിക്കും. ഇതിലെ 600 എച്ച്പി ഡീസൽ എഞ്ചിൻ കഠിനമായ ഭൂപ്രകൃതിയിലും മികച്ച കരുത്ത് നൽകുന്നു. സ്വതന്ത്രമായ ഹൈഡ്രോപ്ന്യൂമാറ്റിക് സസ്‌പെൻഷനും ടയറുകൾ പഞ്ചറായാലും യാത്ര തുടരാൻ സഹായിക്കുന്ന റൺ-ഫ്‌ലാറ്റ് ടയറുകളും ഇതിന്റെ പ്രത്യേകതയാണ്

മൈനുകളിൽനിന്നുള്ള സ്‌ഫോടനങ്ങളെ പ്രതിരോധിക്കാൻ 'ഡബിൾ വി' ആകൃതിയിലുള്ള ഹൾ (hull) ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് സ്‌ഫോടനത്തിന്റെ ആഘാതം പുറത്തേക്ക് തിരിച്ചുവിടാൻ സഹായിക്കുന്നു. കൂടാതെ, സ്‌ഫോടനസമയത്ത് സൈനികർക്ക് നട്ടെല്ലിനും തലയ്ക്കും പരിക്കേൽക്കാതിരിക്കാൻ പ്രത്യേക ആന്റി-ബ്ലാസ്റ്റ് സസ്‌പെൻഡഡ് സീറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. വാഹനത്തിന്റെ അടിസ്ഥാന ഘടന മാറ്റാതെ തന്നെ വിവിധ ദൗത്യങ്ങൾക്കായി ഇതിനെ മാറ്റിയെടുക്കാം. ആംബുലൻസ്, കമാൻഡ് പോസ്റ്റ്, മോർട്ടാർ കാരിയർ, രാസ-ജൈവ-ആണവ പ്രതിരോധം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി ഈ പ്ലാറ്റ്‌ഫോം ഉപയോഗിക്കാം.

ശത്രുക്കളുടെ റഡാർ, ഇൻഫ്രാറെഡ്, സോണാർ സംവിധാനങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള സാങ്കേതികവിദ്യ ഇതിലുണ്ട്. എഞ്ചിനിൽനിന്നുള്ള ചൂടുള്ള വാതകങ്ങൾ പുറന്തള്ളുന്നതിന് മുമ്പ് വെള്ളത്തിലൂടെ കടത്തിവിട്ട് തണുപ്പിക്കുന്നതിലൂടെ വാഹനത്തിന്റെ തെർമൽ സിഗ്‌നേച്ചർ (Thermal Footprint) ഗണ്യമായി കുറയ്ക്കാൻ സാധിക്കുന്നു. ദൗത്യത്തിനനുസരിച്ച് 30എംഎം ഓട്ടോകാനൺ, 7.62എംഎം മെഷീൻ ഗണ്ണുകൾ, ആന്റി ടാങ്ക് ഗൈഡഡ് മിസൈലുകൾ എന്നിവ ഘടിപ്പിക്കാൻ സാധിക്കും. വിദൂര നിയന്ത്രിത ആയുധ സംവിധാനങ്ങളും (RCWS) ഘടിപ്പിക്കാനാകും.

ചൈനീസ് നിർമ്മിത വാഹനങ്ങളെ അപേക്ഷിച്ച് എഞ്ചിൻ കരുത്തിലും അറ്റകുറ്റപ്പണികളുടെ എളുപ്പത്തിലും ടാറ്റയുടെ കവചിത വാഹനം മികച്ചു നിൽക്കുന്നു. നിലവിൽ ഇന്ത്യൻ സൈന്യവും സിആർപിഎഫും (CRPF) ഈ വാഹനങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നത് പ്രവർത്തനക്ഷമതയ്ക്കുള്ള അംഗീകാരമാണ്. ഇന്ത്യയിലെ കഠിനമായ സാഹചര്യങ്ങളിൽ പരീക്ഷിച്ചുറപ്പിച്ചതാണ് ഈ കവചിത വാഹനം. ലഡാക്കിലെ ഉയർന്ന ഭൂപ്രദേശത്തും ഥാർ മരുഭൂമിയിലെ വരണ്ടതും ഉയർന്ന ചൂടുമുള്ള സാഹചര്യത്തിലും പരീക്ഷിച്ച് വിജയിച്ച വാഹനമാണിത്.

ആഫ്രിക്കയിൽ മാത്രമല്ല, യൂറോപ്പിലും ഇന്ത്യൻ പ്രതിരോധ സംവിധാനങ്ങൾക്ക് സ്വീകാര്യത ഏറുകയാണ്. തങ്ങളുടെ കവചിത വാഹന വ്യൂഹം നവീകരിക്കുന്നതിന്റെ ഭാഗമായി ഗ്രീസ് WhAP 8×8 പ്ലാറ്റ്ഫോമിന്റെ പരീക്ഷണങ്ങൾക്കായി താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താൻ കഴിയുന്ന (tailored variants) രീതിയിലാണ് ഈ പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ മിക്ക രാജ്യങ്ങളും ഇതിൽ താത്പര്യം അറിയിച്ചിട്ടുണ്ട്. ആഫ്രിക്കൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റാൻ ഇതിന് സാധിക്കുമെന്നാണ് വിശദീകരണം.

പാശ്ചാത്യ രാജ്യങ്ങളിൽനിന്നുള്ള ആയുധങ്ങളുടെ ഉയർന്ന ചെലവും അവ ലഭ്യമാകാനുള്ള കാലതാമസവുമാണ് ഇന്ത്യയെ  മികച്ച ബദലായി കാണാൻ ഗ്രീസിനെ പ്രേരിപ്പിക്കുന്നത്. കുറഞ്ഞ ചെലവിൽ വിശ്വസനീയമായ പ്രതിരോധ സാങ്കേതികവിദ്യ നൽകുന്ന പങ്കാളിയായി ഇന്ത്യ വളരുന്നു എന്നാണ് ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. ചൈനയ്ക്കും റഷ്യയ്ക്കും യുഎസ് ഉൾപ്പെടുന്ന പാശ്ചാത്യ ചേരിക്കും ബദലായി ഇന്ത്യയുടെ ആയുധ വിപണി വളർന്നുകൊണ്ടിരിക്കുന്നുവെന്നും ആഗോളതലത്തിൽ സ്വന്തമായൊരിടം സൃഷ്ടിക്കുന്നുവെന്നതുമാണ് മാറ്റങ്ങൾ കാണിക്കുന്നത്.

സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്ത കാസബ്ലാങ്കയിലെ ഫാക്ടറി മൊറോക്കോയ്ക്കായി 150 വാഹനങ്ങൾ നിർമ്മിച്ചു നൽകും. ഇന്ത്യയിലെ ഒരു സ്വകാര്യ പ്രതിരോധ കമ്പനി വിദേശത്ത് ആരംഭിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ പ്രതിരോധ ഉൽപ്പന്ന നിർമ്മാണശാലയാണിത്. ഈ പ്ലാന്റ് വടക്കൻ, പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കേന്ദ്രമായി പ്രവർത്തിക്കും. പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സാങ്കേതികവിദ്യ കൈമാറുന്നതിനും ടാറ്റ തയ്യാറാണെന്നത് മറ്റ് രാജ്യങ്ങളെ ഇതിലേക്ക് ആകർഷിക്കുന്നു. ആഗോള കവചിത വാഹന വിപണിയിൽ ഇന്ത്യയെ പ്രബല ശക്തിയാക്കി മാറ്റുന്നതിൽ മൊറോക്കോയിലെ ഈ നിർമ്മാണ കേന്ദ്രം നിർണ്ണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Content Highlights: Tata`s advanced WhAP 8x8 armored vehicle is capturing global attention. Learn why African & European nations prefer it over Chinese alternatives.